ഈ ബ്രാൻഡ് വിഭാഗങ്ങൾ സ്‌പോൺസർഷിപ്പിന് അപേക്ഷിക്കേണ്ട; ലിസ്റ്റ് പുറത്തുവിട്ട് ബിസിസിഐ
എഡ്-ടെക് കമ്പനിയായ ബൈജൂസുമായുള്ള ബിസിസിഐയുടെ കരാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അവസാനിച്ചിരുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ (പുരുഷന്മാർ, വനിതകൾ ) ടൈറ്റിൽ സ്‌പോൺസർമാർക്കുള്ള ടെൻഡർ ബിസിസിഐ കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചത്. എഡ്-ടെക് കമ്പനിയായ ബൈജൂസുമായുള്ള ബിസിസിഐയുടെ കരാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അവസാനിച്ചിരുന്നു. നിലവിൽ ഒരു ടൈറ്റിൽ സ്‌പോൺസർ ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾക്ക് ഇല്ല.
സ്‌പോൺസറെ തേടുന്നതിനായി ബിസിസിഐ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിച്ചിട്ടുണ്ട്, ബിഡ് ഡോക്യുമെന്റ് 5 ലക്ഷം രൂപയ്ക്ക് റീഫണ്ട് ചെയ്യാത്ത ഫീസിന് വാങ്ങാം, വാങ്ങാനുള്ള അവസാന തീയതി ജൂൺ 26 ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരും മറ്റ് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മാത്രമേ ബിഡ് ചെയ്യാൻ അർഹതയുള്ളൂ. സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ ടൈറ്റിൽ സ്പോൺസർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷിക്കുന്നതിൽ നിന്ന് ബോർഡ് വിലക്കിയ ചില സ്ഥാപനങ്ങളുണ്ട്. ഇങ്ങനെ വിലക്കിയ ബ്രാൻഡ് വിഭാഗങ്ങളുടെ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.
- സ്‌പോർട്‌സ് വസ്ത്ര നിർമാതാക്കൾ
- ആൾക്കഹോൾ ഉൽപന്നങ്ങൾ
- വാതുവെപ്പ് കമ്പനികൾ
- ക്രിപ്റ്റോ കറൻസി
- റിയൽ മണി ഗെയിമിംഗ് (ഫാന്റസി സ്പോർട്സ് ഗെയിമിംഗ് ഒഴികെ)
- പുകയില
- അശ്ലീലസാഹിത്യം ( പൊതു ധാർമ്മികതയെ വ്രണപ്പെടുത്താൻ സാധ്യതയുള്ള മറ്റുള്ളവയും)
നിലവിൽ ഇന്ത്യക്ക് ടൈറ്റിൽ സ്‌പോൺസർ ഇല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇത് പ്രശ്‌നമായിരുന്നില്ല. ഐസിസി ടൂർണമെന്റുകളിൽ, ടൈറ്റിൽ സ്‌പോൺസറെ കളിക്കാരുടെ ജേഴ്‌സിയിൽ നെഞ്ചിന്റെ ഭാഗത്ത് വയ്ക്കാൻ ടീമുകൾക്ക് അനുവാദമില്ല. അത് വലത്തേക്കോ ഇടത്തേക്കോ മാറും. ആസ്‌ത്രേലിയക്ക് അവരുടെ കിറ്റ് നിർമ്മാതാക്കളായ ആസിക്സിന്റെ ലോഗോ വലതു കൈയിൽ ഉണ്ടായിരുന്നു, അതേസമയം അവരുടെ ടൈറ്റിൽ സ്‌പോൺസർമാരായ ക്വാണ്ടാസ് എയർലൈൻസിന്റെ ലോഗോ ഇടത് കൈയിലേക്കും മാറി. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഡിഡാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ടീമിന്റെ കിറ്റ് സ്‌പോൺസർ ആയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം, ഇന്ത്യയുടെ അടുത്ത അസൈന്‍മെന്റ് വെസ്റ്റ് ഇൻഡീസിനെതിരെയാണ്, വിൻഡീസ് പര്യടനത്തിൽ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും ഉൾപ്പെടും. ജൂലൈ 12ന് നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്.
Adjust Story Font
16