വാർണർ തിളങ്ങി; ശ്രീലങ്കക്കെതിരെ ആസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം
65 റൺസ് നേടിയ ഡേവിഡ് വാർണറും 37 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ആസ്‌ട്രേലിയക്ക് കരുത്തേകി
ടി20 ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആസ്‌ട്രേലിയ മറികടന്നു. 65 റൺസ് നേടിയ ഡേവിഡ് വാർണറും 37 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ആസ്‌ട്രേലിയക്ക് കരുത്തേകി. 28 റൺസെടുത്ത സ്റ്റീവ് സ്മിത്തും 16 റൺസെടുത്ത മാർകസ് സ്‌റ്റോണിസും പുറത്താകാതെ ടീമിനെ വിജയിപ്പിക്കുകയായിരുന്നു. അഞ്ചു റൺസ് മാത്രം സകോർ ചെയ്ത ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഡി സിൽവയുടെ ബോളിൽ ഫെർണാൻഡോ പിടികൂടി പുറത്താക്കി. ആരോൺ ഫിഞ്ചിനെ ഡിസിൽവ തന്നെ ബൗൾഡാക്കി.
20 ഓവറിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. കുശാൽ പെരേര(35), അസലങ്ക(35), രാജപക്ഷ(33*) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനങ്ങളാണ് ശ്രീലങ്കക്ക് പൊരുതാവുന്ന ടോട്ടൽ നേടിക്കൊടുത്തത്. ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ച ശ്രീലങ്കയെ തകർത്തത് മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, പാറ്റ് കമ്മിൻസ് എന്നിവരാണ്. മൂവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ ജയിച്ചു. ശ്രീലങ്ക ബംഗ്ലാദേശിനെയും ആസ്‌ട്രേലിയ സൌത്ത് ആഫ്രിക്കയെയുമാണ് ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്.
Adjust Story Font
16