Quantcast

'മാസ്'മരികം മാക്‌സ് വെൽ; അഫ്ഗാനെ അടിച്ചുപറത്തി ഓസീസ്

അഫ്ഗാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മാക്‌സ് വെല്ലിന്റെ മാസ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് കങ്കാരുക്കൾ വിജയം അനായാസമാക്കിയത്. വെറും 128 പന്തിൽ നിന്നായിരുന്നു താരം 201 റൺസ് അടിച്ചുകൂട്ടിയത്.

MediaOne Logo

Web Desk

  • Updated:

    2023-11-07 17:41:12.0

Published:

7 Nov 2023 9:54 AM GMT

മാസ്മരികം മാക്‌സ് വെൽ; അഫ്ഗാനെ അടിച്ചുപറത്തി ഓസീസ്
X

വാങ്കഡെ: അഫ്ഗാന് മുന്നിൽ മുൻകളികൾ പോലെ അതിശക്തർ ഇന്നും വീഴുമെന്ന് തോന്നിച്ച നിമിഷത്തിൽ നിന്ന് മാക്‌സ്‌വെൽ എന്ന ഒറ്റയാൻ വിജയത്തേരാളിയായി നിറഞ്ഞാടിയപ്പോൾ കങ്കാരുക്കൾക്ക് മുംബൈ വാങ്കഡെ സ്റ്റഡിയത്തിൽ മാസ്മരിക വിജയം. അഫ്ഗാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മാക്‌സ് വെല്ലിന്റെ മാസ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് കങ്കാരുക്കൾ വിജയം അനായാസമാക്കിയത്. അതും വെറും 128 പന്തിൽ നിന്ന്. കരുത്തരായ മൂന്ന് ടീമുകളെ കെട്ടുകെട്ടിച്ചതിന്റെ ഊർജത്തിൽ ഓസീസിനെയും തകർക്കാനായി ഇറങ്ങിയ അഫ്ഗാനെതിരെ മാക്‌സ്‌വെല്ലിന്റെ തോളിലേറി മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്.

അഫ്ഗാൻ കൊടുങ്കാറ്റിൽ ഒരുവേള 91ന് ഏഴ് എന്ന നിലയിൽ തകർച്ചയിലേക്ക് വീണ ഓസീസിനെ കപ്പിത്താനായി അവതരിച്ച മാക്‌സ് വെൽ വിജയതീരത്തേക്ക് അതിവേഗം ഓടിച്ച് എത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 291 റൺസെന്ന സ്‌കോർ പിന്തുടർന്ന് മറുപടി ബാറ്റിങ് തുടങ്ങിയ ആസ്‌ത്രേലിയയ്ക്ക് തുടക്കം തന്നെ തകർച്ചയായിരുന്നു. ടീം സ്‌കോർ നാലിലെത്തി നിൽക്കെ ഓപണർ ട്രാവിസ് ഹെഡിന് പൂജ്യത്തിൽ മടങ്ങേണ്ടിവന്നു.

മൂന്നാമനായെത്തിയ മിച്ചൽ മാർഷിനും അധികം ആയുസുണ്ടായില്ല. 5.4 ഓവറിൽ 11 പന്തിൽ 24 എടുത്തുനിൽക്കെ മാർഷും പോയി. ടീം സ്‌കോർ 42. ഒരു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഓപണർ ഡേവിഡ് വാർണറും വീണു (18). ടീം സ്‌കോർ 49ലെത്തിയപ്പോഴേക്കും ജോഷ് ഇംഗ്ലിസും പൂജ്യനായി കൂടാരം കയറി. പിന്നാലെ മാർനസ് ലെബുഷൈനും 14 റൺസെടുത്ത് മടങ്ങി. തുടർന്നായിരുന്നു മാക്‌സ്‌വെൽ വെട്ടിക്കെട്ട്.

ഇതിനിടെ ടീം ടോട്ടൽ 87ൽ വച്ച് സ്‌റ്റോണിസും 91ൽ മിച്ചൽ സ്റ്റാർക്കും വീണെങ്കിലും മാക്‌സ്‌വെൽ എന്ന മല കുലുങ്ങിയില്ല. മോൺസ്റ്ററായി അയാൾ വാങ്കഡെ ഗ്രൗണ്ടിൽ നിറഞ്ഞുകളിച്ചു. അയാളുടെ ഷോട്ടുകൾ പായാത്തൊരു കോണും സ്‌റ്റേഡിയത്തിൽ ബാക്കിയുണ്ടായില്ല. 21 ബൗണ്ടറിയും 10 കൂറ്റൻ സിക്‌സറുകളും ആ ബാറ്റിൽ നിന്നും പാഞ്ഞു, പറന്നു. ഇടയ്ക്ക് കാലിന് വേദനയുണ്ടായപ്പോൾ അയാൾ ഓട്ടം കുറച്ച് അടിച്ച് അതിരുകടത്തൽ മാത്രമാക്കി.

ഇതിനിടെ ഒന്നോടിയപ്പോൾ കാലിന്റെ വേദന വീണ്ടും കൂടി വിജയം കാണിക്കാതെ 147 റൺസിൽ മാക്‌സ്‌വെൽ പിന്തിരിയുമോ എന്ന് പോലും ആരാധകരും കായികപ്രേമികളും കരുതി. എന്നാൽ പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തി. അടിയുടെ പൊടിപൂരം തുടർന്നു. ഫോറുകളും സിക്‌സറുകളും മാത്രം ആ ബാറ്റിൽ നിന്നും പാഞ്ഞു. മാക്‌സ് വെല്ലിന് ഓടാൻ ആവാത്തതിനാൽ 43ാം ഓവർ മുഴുവൻ ക്യാപ്റ്റൻ കമ്മിൻസ് സ്‌ട്രൈക്കിൽ തന്നെ നിന്നു. അങ്ങനെ അടുത്ത ഓവർ വീണ്ടും മാക്‌സ്‌വെല്ലിന്റെ ബാറ്റിലേക്ക്.

പല പന്തുകളും അടിച്ചെങ്കിലും കാലിന് വയ്യാത്തതിനാൽ മാക്‌സ്‌ ഓടിയില്ല. ഓടാത്തത്തിനൊക്കെ പകരമായി അതിനടുത്ത ഓരോ പന്തുകളും അയാൾ ഫോറുകളായും സിക്‌സറുകളായും തീർത്തു. 46ാം ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് പിറന്നതെങ്കിൽ 47ാം ഓവറിൽ വിജയം പിറന്നു. രണ്ട്, മൂന്ന് പന്തുകളിൽ സിക്‌സറുകളും നാലാം പന്ത് ഫോറും അഞ്ചാം പന്ത് സിക്‌സറും പറത്തി അയാൾ ഇരു കൈകളും ബാറ്റുകളും വിഹായസിലേക്കുയർത്തി- ഇരട്ട സെഞ്ച്വറിയും വിജയവും ഒന്നിച്ച്. അവസാനം കളി അവസാനിക്കുമ്പോൾ 19 പന്ത് ബാക്കി. അങ്ങനെ വിജയശ്രീലാളിതനായി മടങ്ങുമ്പോൾ സ്‌കോർ ബോർഡിൽ ഒറ്റയ്ക്ക് 201 റൺസ് മാക്‌സ് വെൽ കൂട്ടിച്ചേർത്തിരുന്നു.

നവീനുൽ ഹഖ്, അസ്മത്തുല്ലാഹ് ഒമർസായി, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയാണ് ഒരുവേള വരെ അഫ്ഗാന് പ്രതീക്ഷ നൽകിയത്. നേരത്തെ, ഇബ്രാഹിം സദ്‌റാന്റെയും റാഷിദ് ഖാന്റെയും തീപ്പൊരി പ്രകടനത്തിന്റെ കരുത്തിലാണ് ശക്തരായ ആസ്‌ട്രേലിയയ്‌ക്കെതിരെ അഫ്ഗാനിസ്താൻ ഭേദപ്പെട്ട സ്‌കോറുയർത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സെമി ഉറപ്പിക്കാനുള്ള മത്സരത്തിൽ ഓസീസിന് 292 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാൻ ഉയർത്തിയത്.

സെഞ്ച്വറി നേടിയ സദ്‌റാന്റെ മികവുറ്റ പ്രകടനമാണ് അഫ്ഗാൻ സ്‌കോർ ഉയർത്തിയത്. 143 പന്തുകളിൽ പുറത്താകാതെ 129 റൺസാണ് സദ്‌റാന്റെ ബാറ്റിൽ നിന്നും പിറന്നത്. സഹ ഓപണർ റഹ്മത്തുല്ലാഹ് ഗുർബാസ് അടക്കമുള്ളവർ തിളങ്ങാതിരുന്ന മത്സരത്തിൽ ആറാമനായെത്തിയ റാഷിദ് ഖാനും മികച്ച പ്രകടനമാണ് നടത്തിയത്. വെറും 18 പന്തിൽ 35 റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നു.

ടീം സ്‌കോർ 38ൽ എത്തിനിൽക്കെയാണ് അഫ്ഗാന് ഗുർബാസിനെ നഷ്ടമായത്. ജോഷ് ഹേസൽവുഡിന്റെ പന്തിൽ ഗുർബാസ് പുറത്താകുമ്പോൾ സംഭാവന 25 പന്തിൽ 21 റൺസ്. തുടർന്ന് വൺ ഡൗണായെത്തിയ റഹ്മത്ത് ഷാ 44 പന്തുകൾ നേരിട്ട് 30 റൺസെടുത്തപ്പോഴേക്കും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പന്തിൽ ഹേസൽവുഡിന്റെ കൈകളിൽ കുടുങ്ങി പവലിയനിലേക്ക്.

തുടർന്നെത്തിയ നായകൻ ഹഷ്മത്തുല്ലാഹ് ഷാഹിദിക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്‌റഅറാർക്കിന്റെ പന്തിൽ പുറത്താകുമ്പോൾ 26 റൺസ് മാത്രമായിരുന്നു സമ്പാദ്യം. സഹതാരങ്ങളെല്ലാം പുറത്താകുമ്പോഴും അതിൽ ഉലയാതെ മറു തലയ്ക്കൽ സദ്‌റാന്റെ വക റണ്ണൊഴുക്ക് തുടരുകയായിരുന്നു.

തുടർന്ന് ടീം സ്‌കോർ 210 ആയപ്പോഴേക്കും ഒമർസായിയേയും അഫ്ഗാന് നഷ്ടമായി. 42.3 ഓവറിൽ ആദം സാംപയുടെ പന്തിൽ മാക്‌സ്‌വെല്ലിന്റെ കൈകളിലാണ് 22 റൺസെടുത്ത് നിൽക്കെ ഒമർസായിയുടെ ഇന്നിങ്‌സ് അവസാനിച്ചത്. പിന്നീടെത്തിയ മുഹമ്മദ് നബിക്കും കാര്യമായൊന്നും ചെയ്യാനായില്ല (10 പന്തിൽ 12). എന്നാൽ നബിയും മടങ്ങിയതോടെ ക്രീസിലെത്തിയ റാഷിദ് ഖാൻ പ്രതീക്ഷിച്ചതുപോലെ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

മൂന്ന് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയോടെ റാഷിദ് ഖാൻ കത്തിക്കയറിയപ്പോൾ മിച്ചൽ സ്റ്റാർക്കിന്റെ വകയായ അവസാന ഓവറിൽ മാത്രം പിറന്നത് 16 റൺസ്. ഒടുവിൽ അവസാന പന്തും തീർന്ന് റാഷിദ് ഖാനും സദ്‌റാനും പവലിയനിലേക്ക് മടങ്ങുമ്പോൾ ടീം സ്‌കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ്.

ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്‌വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നിലവിൽ ഏഴ് കളിയിൽ നിന്ന് പത്ത് പോയിന്റുള്ള ഓസീസിനും ഏഴ് കളിയിൽ നിന്ന് എട്ട് പോയിന്റുള്ള അഫ്ഗാനും ഏറെ നിർണായകമായിരുന്നു.

ഇം​ഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ വമ്പന്മാർക്കെതിരെ അട്ടിമറി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും ഊർജത്തിലുമാണ് അഫ്ഗാൻ ഇന്ന് ആസ്‌ട്രേലിയയ്‌ക്കെതിരെ പോരിനിറങ്ങിയത്. കഴിഞ്ഞ കളിയിൽ നെതർൻഡ്സിനെയും അവർ കെട്ടുകെട്ടിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽപോയിരുന്ന ഓസീസിസ് വലിയ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.

TAGS :

Next Story