Quantcast

ടിവി അമ്പയറുടെ തീരുമാനം പാളിയോ; മുംബൈ-ലഖ്‌നൗ മത്സരത്തിൽ റണ്ണൗട്ട് വിവാദം

ബദോനി ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും റീപ്ലേകൾ പരിശോധിച്ച ടിവി അമ്പയർ ബാറ്റ് നിലത്ത് മുട്ടിയില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു.

MediaOne Logo

Sports Desk

  • Published:

    1 May 2024 12:52 PM GMT

ടിവി അമ്പയറുടെ തീരുമാനം പാളിയോ; മുംബൈ-ലഖ്‌നൗ മത്സരത്തിൽ റണ്ണൗട്ട് വിവാദം
X

ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ അമ്പയർ റണ്ണൗട്ട് നൽകിയതിനെചൊല്ലി വിവാദം. മത്സരത്തിന്റെ നിർണായക ഘട്ടത്തിലാണ് തേർഡ് അമ്പയറുടെ അപ്രതീക്ഷിത കോൾ. മുംബൈ വിജയലക്ഷ്യമായ 145 റൺസ് പിന്തുടർന്ന് ഇറങ്ങിയ ലഖ്‌നൗവിന് അവസാന രണ്ട് ഓവറിൽ 13 റൺസാണ് വേണ്ടിയിരുന്നത്. നിക്കോളാസ് പുരാനും ആയുഷ് ബദോനിയുമാണ് ക്രീസിൽ.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്തിൽ സ്‌ക്വയർ ലെഗിലേക്ക് അടിച്ച് ബദോനി ഡബിളിനായി ഓടി. ബൗണ്ടറി ലൈനിൽ നിന്ന് നമാൻ ധിർ എറിഞ്ഞ ത്രോ കൃത്യമായി സ്വീകരിച്ച മുംബൈ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ആദ്യ ശ്രമത്തിൽ പന്ത് വിക്കറ്റിൽ കൊള്ളിക്കാനായില്ല. രണ്ടാം ശ്രമത്തിൽ വിജയിച്ചെങ്കിലും ബദോനി ഡൈവ് ചെയ്ത് ക്രീസിലെത്തിയിരുന്നു. ആദ്യ ശ്രമം പാളിയതിന്റെ നിരാശ ഇഷാന്റെ മുഖത്ത് പ്രകടമായിരുന്നു. മുംബൈയുടെ അപ്പീൽ ഫീൽഡ് അമ്പയർ തീരുമാനം ടിവി അമ്പയർക്ക് വിട്ടു.

മലയാളിയായ കെ എൻ അനന്തപത്മനാഭനായിരുന്നു തേർഡ് അമ്പയർ. ബദോനി ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും റീപ്ലേകൾ പരിശോധിച്ച ടിവി അമ്പയർ ബാറ്റ് നിലത്ത് മുട്ടിയില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു. അമ്പയറുടെ തീരുമാനത്തിലെ നിരാശ ലഖ്‌നൗ ക്യാപ്റ്റൻ മറച്ചുവെച്ചതുമില്ല. ബദോനിയുടെ ബാറ്റ് പകുതിയിലധികം ക്രീസ് പിന്നിട്ടുവെങ്കിലും ബാറ്റ് നിലത്ത് മുട്ടിയിട്ടില്ലെന്നായിരുന്നു ടിവി അമ്പയറുടെ വിലയിരുത്തൽ. ഫീൽഡ് അമ്പയറുമായി കുറച്ചു നേരം തർക്കിച്ചശേഷം ബദോനി ക്രീസ് വിടുകയും ചെയ്തു.

മത്സരത്തിൽ അവസാന ഓവറിൽ ലഖ്‌നൗ വിജയം പിടിച്ചെങ്കിലും അമ്പയറുടെ തീരുമാനം വിമർശനത്തിന് കാരണമാക്കി. മുംബൈയെ വിജയിപ്പിക്കാനുള്ള കളിയാണെന്ന് വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തി. നേരത്തെ മുംബൈക്ക് അനുകൂലമായി ടോസ് ലഭിക്കുന്നതിനായി മാച്ച് റഫറി ഇടപെടൽ നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.

TAGS :

Next Story