Quantcast

ആ നാണക്കേടിന് 18 വര്‍ഷം; മായാതെ ബംഗ്ലാദേശിനോടുള്ള തോല്‍വി

MediaOne Logo

Sports Desk

  • Published:

    17 March 2025 10:43 AM

ആ നാണക്കേടിന് 18 വര്‍ഷം; മായാതെ ബംഗ്ലാദേശിനോടുള്ള തോല്‍വി
X

ന്യഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ബംഗ്ലാദേശിനോടുള്ള ആ തോല്‍വിക്ക് ഇന്നേക്ക് 18 വര്‍ഷം. 2007 ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിലാണ് ഇന്ത്യന്‍ സംഘം ബംഗ്ലാദേശിനോട് അഞ്ചുവിക്കറ്റിന്റെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, എംഎസ് ധോണി എന്നിവര്ടങ്ങുന്ന വലിയ ബാറ്റിങ് ലൈനപ്പുമായാണ് ഇന്ത്യ കരീബിയന്‍ ലോകകപ്പിന് വന്നത്. ഗ്രൂപ്പില്‍ ബംഗ്‌ളാദേശായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളികള്‍.

ദുര്‍ബലരായ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഉജ്ജല്വമായി പന്തെറിഞ്ഞ ബംഗ്ലാ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിമറന്നു. 49.3 ഓവറില്‍ ഇന്ത്യ നേടിയത് 191 റണ്‍സ്. 129 പന്തുകളില്‍ ഗാംഗുലി 66 റണ്‍സ് നേടിയപ്പോള്‍ യുവരാജ് 47 റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മുഷറഫെ മുർതസ മിന്നിത്തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് കാര്യമായ ആശങ്കകളില്ലാതെ ലക്ഷ്യം മറികടന്നു. തമീം ഇഖ്ബാല്‍, മുഷ്ഫികുര്‍ റഹീം, ഷാക്കിബുല്‍ ഹസന്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ബംഗ്ലാദേശ് 49-ആം ഓവറിൽ ലക്ഷ്യം മറികടന്നു.ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യയെ കാര്യമായി ബാധിച്ചു.

അടുത്ത മത്സരത്തില്‍ ദുര്‍ബലരായ ബെര്‍മുഡയെ ഇന്ത്യ തകര്‍ത്തെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ലങ്കയോടേറ്റ തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. അയര്‍ലാന്‍ഡിനോടും വിന്‍ഡീസിനോടും തോറ്റ് പാകിസ്താനും ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. വലിയ ആരാധകരുള്ള ഇരു ടീമുകളും പുറത്തായത് ഐസിസിക്ക് കനത്ത നഷ്ടമുണ്ടാക്കിയിരുന്നു.

TAGS :

Next Story