ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ബംഗ്ലാദേശ്: തകർപ്പൻ ജയം
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ജയത്തോടെ തുടങ്ങിയത്. ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.
ആസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബംഗ്ലാദേശിന് ന്യൂസിലാൻഡിനെതിരെയും ജയത്തോടെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ജയത്തോടെ തുടങ്ങിയത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.
ടീം സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്‍ഡ് 16.5 ഓവറിൽ 60 റൺസിന് എല്ലാവരും പുറത്ത്. ബംഗ്ലാദേശ് 15 ഓവറിൽ 62ന് മൂന്ന്.
ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം തന്നെ പാളി. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടം. ടീം സ്‌കോർ രണ്ടക്കം കടക്കും മുമ്പെ വീണത് നാല് വിക്കറ്റുകൾ. പിന്നീട് കാര്യമായൊന്നും ന്യൂസിലാൻഡിന് ചെയ്യാനുണ്ടായിരുന്നില്ല. വിക്കറ്റ് കീപ്പർ ലഥാമും ഹെൻ റി നിക്കോളാസും 18 റൺസ് വീതം നേടി. ഇതാണ് ടോപ് സ്‌കോർ. ബാക്കിയുള്ള ആർക്കും രണ്ടക്കം കാണാനായില്ല.
രണ്ട് വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദാണ് ന്യൂസിലാൻഡിന്റെ മുൻനിരയെ തളർത്തിയത്. രണ്ട് വിക്കറ്റ് വീഴ്ത്തി ഷാക്കിബ് അൽഹസനും പിന്തുണ കൊടുത്തു. മധ്യനിരയേയും വാലറ്റത്തേയും മുസ്തഫിസുർ റഹ്‌മാൻ മടക്കി. 2.5 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയായിരുന്നു മുസ്തഫിസുറിന്റെ തേരോട്ടം. നാല് ഓവറിൽ 15 റൺസ് നൽകിയായിരുന്നു നാസും അഹമ്മദിന്റെ മികവ്. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് പതറിയെങ്കിലും വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 15 ഓവറിൽ ലക്ഷ്യം മറികടന്നു.
ഷാക്കിബ് അൽഹസൻ(25) മുഷ്ഫിഖുർ റഹീം(16)മഹ്‌മൂദുള്ള(14) എന്നിവരായിരുന്നു ബംഗ്ലാദേശിനായി തിളങ്ങിയത്. 37 റൺസെടുക്കുന്നതിനിടയ്ക്ക് ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്താനായതാണ് ന്യൂസിലാൻഡിന് ആശ്വാസമായത്. രണ്ടാം ടി20 ഇതേവദിയിൽ വെള്ളിയാഴ്ച നടക്കും.
Adjust Story Font
16