മെസിക്കായി വീണ്ടും ബാഴ്‌സലോണ; തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി വൈസ് പ്രസിഡന്റ്
മെസിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്‌സ പരിശീലകന്‍ സാവി പ്രതികരിച്ചത്
ലയണല്‍ മെസി
മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ തിരികെ എത്തിക്കാന്‍ ബാഴ്സലോണ ശ്രമം തുടങ്ങി. ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌തെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കുകയാണ്. പിഎസ്ജിയില്‍ ഇനിയും ഇല്ലെന്ന് ഉറപ്പായതോടെയാണ് മെസിക്കായി ബാഴ്സ, വലവിരിച്ചത്.
'ലയണല്‍ മെസിയുടെ അടുത്ത വൃത്തങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞാന്‍ ഇഷ്ടപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പുള്ള മെസിയുടെ കൂടുമാറ്റത്തില്‍ ഞാനും പങ്കാളിയായിരുന്നു. മെസിയുടെ കൂടുമാറ്റം എത്ര വിഷമകരമായിരുന്നുവെന്ന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.- യുസ്‌തെ പറഞ്ഞു. മെസി ബാഴ്‌സയേയും ഈ നഗരത്തെയും ഇഷ്ടപ്പെടുന്നുവെന്നും അതിനാല്‍ ഇവിടെ അദ്ദേഹത്തിന്റെ കഥ തുടരാനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളുമായി ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച സ്‌കോററാണ് 35 കാരനായ മെസി. 2021 ൽ സാമ്പത്തിക കാരണങ്ങളാലാണ് താരം നൗ ക്യാമ്പ് വിടുന്നത്. ബാഴ്സയില്‍ തന്നെ തുടരാന്‍ മെസി ചില ഉപാധികളൊക്കെ വെച്ചിരുന്നുവെങ്കിലും അന്ന് അത് നടന്നില്ല. പിന്നാലെയാണ് താരം പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. ഡിസംബറിൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ മെസി, പിഎസ്ജിക്കായി 66 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി മികച്ച ഫോമിലുമാണ്. തന്റെ 100-ാം അന്താരാഷ്ട്ര ഗോളും അടുത്തിടെ താരം കണ്ടെത്തി.
എന്നാല്‍ മെസിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്‌സ പരിശീലകന്‍ സാവി പ്രതികരിച്ചത്. അതേസമയം മെസിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകൾ ഉൾപ്പെടെ രംഗത്തുണ്ട്. മെസിയുടെ പിതാവ് സൗിയിൽ എത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
Adjust Story Font
16