Quantcast

ഐസിസി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യക്ക് എത്ര തുക ലഭിക്കും; കണക്കുകൾ ഇങ്ങനെ

2017ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് ഇത്തവണ 53 ശതമാനം വർധനയാണ് ഐസിസി വരുത്തിയത്.

MediaOne Logo

Sports Desk

  • Published:

    10 March 2025 11:54 AM

How much money will India get for winning the ICC Champions Trophy? Here are the figures
X

ദുബൈ: കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ട ഇന്ത്യക്ക് പ്രൈസ് മണിയായി എത്ര രൂപ ലഭിക്കും.കണക്കുകൾ ഇങ്ങനെയാണ്. ജേതാക്കളായ ഇന്ത്യയ്ക്ക് ഏകദേശം 19.45 കോടിയാണ് ലഭിക്കുക. 2017ൽ അവസാനം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് ഇത്തവണ 53 ശതമാനം വർധനയാണ് ഐസിസി വരുത്തിയത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് തന്നെ ഐസിസി സമ്മാനത്തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.

റണ്ണേഴ്‌സ്അപ്പായ ന്യൂസിലൻഡിന് 1.12 മില്യൺ ഡോളറും(ഏകദേശം 9.72 കോടി രൂപ)യാണ് ലഭിച്ചത്. സെമിയിലെത്തിയ ദക്ഷിണാഫ്രിക്കക്കും ആസ്‌ത്രേലിയക്കും 5.4 കോടി രൂപ വീതം പ്രൈസ്മണി ലഭിക്കും. അഞ്ചാം സ്ഥാനത്തെത്തി അഫ്ഗാനിസ്തനും ആറാം സ്ഥാനത്തിയ ബംഗ്ലാദേശിനും 3 കോടി രൂപ വീതം ലഭിക്കുമ്പോൾ ഏഴാം സ്ഥാനത്തെത്തിയ പാകിസ്താനും എട്ടാം സ്ഥാനത്തായ ഇംഗ്ലണ്ടിനും 1.21 കോടി രൂപയാണ് ലഭിച്ചത്. ഇതിന് പുറമെ ടൂർണമെന്റിൽ പങ്കടുത്ത എല്ലാ ടീമുകൾക്കും പങ്കാളിത്തത്തിന് 1.08 കോടി രൂപയും വിതരണം ചെയ്തു. ചാമ്പ്യൻസ് ട്രോഫിയിൽ ആകെ 59.9 കോടി രൂപയാണ് ഇത്തവണ ഐസിസി വകയിരുത്തിയത്.

അതേസമയം, ഐപിഎൽ താരലേലത്തിൽ ഋഷഭ് പന്തിനെ സ്വന്തമാക്കാനായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിനിയോഗിച്ച 27 കോടിയേക്കാൾ കുറവാണ് ഐസിസിയുടെ പ്രൈസ്മണിയെന്ന് ആരാധകർ വിമർശിച്ചു. ദുബൈ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റിൽ റാങ്കിങിലെ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം.

TAGS :

Next Story