ഇന്ത്യൻ ടീമിന് ആശ്വസിക്കാം: ഇംഗ്ലണ്ടിൽ 'ബാറ്റുയർത്തി' ചേതേശ്വർ പുജാര
ഈ സീസണിൽ സസെക്‌സിനെ നയിക്കുന്നതും പൂജാരയാണ്. 134 പന്തില്‍ നിന്നായിരുന്നു പുജാര ശതകം കണ്ടെത്തിയത്.
ചേതേശ്വര്‍ പുജാര
ലണ്ടന്‍: കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ രണ്ടിൽ ഡർഹാമിനെതിരായ ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍താരം ചേതേശ്വര്‍ പുജാര. സസെക്‌സ് താരമായ പുജാരയുടെ സെഞ്ച്വറി ഇന്ത്യക്ക് വന്‍ ആശ്വാസമാണ്. ഈ സീസണിൽ സസെക്‌സിനെ നയിക്കുന്നതും പൂജാരയാണ്. 134 പന്തില്‍ നിന്നായിരുന്നു പുജാര ശതകം കണ്ടെത്തിയത്.
ബ്രൈഡൺ കാർസെയുടെ പന്തിൽ തുടര്‍ച്ചയായ രണ്ട് ഫോറുകള്‍ പായിച്ചായിരുന്നു പുജാര മൂന്നക്കം കടന്നത്. 44ന് രണ്ട് എന്ന നിലയില്‍ ടീം തകര്‍ന്ന നിലയിലാണ് പുജാര ബാറ്റിങിനെത്തുന്നത്. മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും പുജാരക്കായി. ഡര്‍ഹാമിന്റെ ആദ്യ ഇന്നിങ്സ് 376ന് അവസാനിച്ചിരുന്നു.
ജൂണിൽ ലണ്ടനിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ ടീമിലെ സുപ്രധാന അംഗമാണ് പുജാര. കഴിഞ്ഞ സീസണിൽ പുജാര അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നു, കൂടാതെ എട്ട് മത്സരങ്ങളിൽ നിന്ന് 1094 റൺസ് നേടിയ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാകാനും പുജാരക്കായി.
ഇന്ത്യയിലിപ്പോൾ ഐ.പി.എൽ ആവേശമാണ്. ഐപിഎല്ലിന് ശേഷമാണ് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്. തുടർച്ചയായി ഇന്ത്യ രണ്ടാം തവണയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്. നേരത്തെ ന്യൂസിലാൻഡിനോട് ഇന്ത്യ തോറ്റിരുന്നു. ആസ്‌ട്രേലിയക്കെതിരായ ഫൈനൽ ജയിച്ച് ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമാണ് രോഹിത് ശർമ്മ ലക്ഷ്യംവെക്കുന്നത്. അങ്ങനെയിരക്കെ പ്രധാന താരത്തിന്റെ ഫോം ടീം ഇന്ത്യക്ക് നൽകുന്ന ആശ്വാസം വലുതാണ്.
Adjust Story Font
16