Quantcast

പരിശീലക സ്ഥാനത്തിന് അപേക്ഷ നൽകി ആരാധകരും; ഗൂഗിൾ ഫോമിൽ വെട്ടിലായി ബിസിസിഐ

പരിശീലക സ്ഥാനത്തിനായി നൽകിയ ഗൂഗുൾ ഫോം പൂരിപ്പിച്ച് നിരവധി ആരാധകരാണ് പോസ്റ്റ് ചെയ്തത്. അപേക്ഷ അയച്ചിന്റെ സ്‌ക്രീൻഷോട്ട് പലരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

MediaOne Logo

Sports Desk

  • Published:

    15 May 2024 9:58 AM GMT

പരിശീലക സ്ഥാനത്തിന് അപേക്ഷ നൽകി ആരാധകരും; ഗൂഗിൾ ഫോമിൽ വെട്ടിലായി ബിസിസിഐ
X

ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെ തേടി ബിസിസിഐ കഴിഞ്ഞ ദിവസമാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതോടെ ആരാകും അടുത്ത കോച്ച് എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും തുടങ്ങി. ന്യൂസിലാൻഡ് മുൻ നായകനും ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനുമായ സ്റ്റീഫൻ ഫ്‌ളെമിങും മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങുമാണ് പ്രഥമ പരിഗണനയിലുള്ളത്. മുൻ ഇന്ത്യൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ എന്നീ പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും വിദേശ പരിശീലകരുടെ പേരിനാകും മുൻഗണന.

അതേസമയം, അപേക്ഷ സമർപ്പിക്കാനുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ബിസിസിഐ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. പരിശീലക സ്ഥാനത്തിനായി നൽകിയ ഗൂഗുൾ ഫോം പൂരിപ്പിച്ച് നിരവധി ആരാധകരാണ് പോസ്റ്റ് ചെയ്തത്. അപേക്ഷ അയച്ചിന്റെ സ്‌ക്രീൻഷോട്ട് പലരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പരിശീലക സ്ഥാനത്തിനുള്ള കൃത്യമായ യോഗ്യതകൾ ബോർഡ് പറയുന്നുണ്ടെങ്കിലും ആർക്കും അപേക്ഷ നൽകാവുന്ന വിധത്തിലാണ് ഗൂഗിൾ ഫോം തയാറാക്കിയത്.

നിലവിൽ ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി ട്വന്റി 20 ലോകകപ്പോടെയാണ് അവസാനിക്കുക. ദ്രാവിഡിന് വീണ്ടും അപേക്ഷ നൽകാമെങ്കിലും താരം അതിന് തയാറാവില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. 2021ലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോച്ചിന്റെ റോളിലെത്തുന്നത്. എന്നാൽ പ്രധാന ഐസിസി കിരീടങ്ങളൊന്നും ഇന്ത്യയിലെത്തിക്കാനായില്ല. 2022ൽ ടി20 ലോകകപ്പ് സെമി ഫൈനലിലും 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുമെത്തിച്ചു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ കലാശപോരാട്ടത്തിൽ ആസ്‌ത്രേലിയയോട് തോറ്റ് പുറത്താകുകയും ചെയ്തു. തുടർന്ന് കാലാവധി പൂർത്തിയായ ദ്രാവിഡിന് ബിസിസിഐ ട്വന്റി 20 ലോകകപ്പ് വരെ കരാർ നീട്ടി നൽകുകയായിരുന്നു.

2025ലെ ചാമ്പ്യൻസ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും ലക്ഷ്യം വെച്ചാണ് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്നത്. കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണമെന്നതാണ് പ്രധാന നിബന്ധന. അല്ലെങ്കിൽ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചുള്ള രണ്ടുവർഷത്തെ പരിചയം വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കിൽ ഐപിഎൽ അല്ലെങ്കിൽ തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

TAGS :

Next Story