"അയാൾ ഈ ഫോം തുടർന്നാൽ കോഹ്ലിയുടെ സ്ഥാനം തെറിക്കും"- വസീം ജാഫർ
സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് ടീമിലെത്തിയ ഹൂഡ അയർലന്റിനെതിരായ പരമ്പരയിൽ തകർപ്പൻ സെഞ്ച്വറിയുമായാണ് തന്റെ വരവറിയിച്ചത്
കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനമുറപ്പിക്കുകയാണ് ദീപക് ഹൂഡ എന്ന 27കാരൻ. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് ടീമിലെത്തിയ താരം അയർലന്റിനെതിരായ പരമ്പരയിൽ തകർപ്പൻ സെഞ്ച്വറിയുമായാണ് തന്റെ വരവറിയിച്ചത്. പരമ്പരയിലെ താരമായ ശേഷം ഇപ്പോൾ ഇംഗ്ലണ്ടിനെതിരേയും അതേ ഫോം തുടരുകയാണ് ഹൂഡ. ഒന്നാം ടി20 യിൽ വെറും 17 പന്തുകളിൽ നിന്ന് 33 റൺസാണ് ഹൂഡ അടിച്ചു കൂട്ടിയത്.
ഹൂഡയുടെ ഈ തകർപ്പൻ ഫോം ടീമിൽ കോഹ്ലിയുടെ സ്ഥാനം തെറിപ്പിക്കുമെന്ന് പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം വസീം ജാഫർ. കോഹ്ലി കളിക്കുന്ന മൂന്നാം നമ്പറിലാണ് ഹൂഡയും കളിക്കുന്നത്.
"ഹൂഡയുടെ ഈ പ്രകടനം കോഹ്ലിയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കും. ഐ.പി.എല്ലിലും തുടർന്ന് നടന്ന ടി20 പരമ്പരകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ഹൂഡ പുറത്തെടുക്കുന്നത്. ഈ ഫോം തുടർന്നാൽ ഹൂഡ ടീമിൽ ഇടമുറപ്പിക്കും"- വസീം ജാഫർ പറഞ്ഞു.
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7 മണിക്ക് എഡ്ജ്ബാസ്റ്റണിൽ അരങ്ങേറും. ആദ്യ ടി20 യിൽ വിശ്രമം അനുവദിച്ചതിനെ തുടർന്ന് കളിക്കാതിരുന്ന വിരാട് കോഹ്ലി ജസ്പ്രീത് ബുംറ റിഷഭ് പന്ത് തുടങ്ങിയവർ ഇന്ന് ടീമിൽ തിരിച്ചെത്തും.
Adjust Story Font
16