Quantcast

അമ്മയുടെ ആഭരണം വിറ്റ് ക്രിക്കറ്റ് കിറ്റ് വാങ്ങി, കളിക്കിറങ്ങുന്നതിനെ എതിർത്ത അച്ഛൻ; കനൽ വഴികൾ താണ്ടി ധ്രുവ് ജുറേൽ യാത്ര

ജീവിത വഴിയിലെ ഓരോ പ്രതിബന്ധങ്ങളേയും ബൗണ്ടറി കടത്തിയാണ് ഈ 23 കാരൻ ഇന്ത്യൻ ടീമിലേക്ക് ചുവടു വെച്ചത്.

MediaOne Logo

Sports Desk

  • Published:

    16 Feb 2024 12:37 PM GMT

അമ്മയുടെ ആഭരണം വിറ്റ് ക്രിക്കറ്റ് കിറ്റ് വാങ്ങി, കളിക്കിറങ്ങുന്നതിനെ എതിർത്ത അച്ഛൻ; കനൽ വഴികൾ താണ്ടി ധ്രുവ് ജുറേൽ യാത്ര
X

ലക്‌നൗ: കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടക്കുന്നതിനെ മാതാപിതാക്കൾ എതിർക്കുന്നത് സ്വഭാവികമാണ്. പഠിച്ച് ജോലി കണ്ടെത്താതെ കളിക്ക് പിറകേ പോയി ജീവിതം തുലക്കരുതേയെന്ന സ്‌നേഹ ഉപദേശം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറൈലിന്റെ ജീവിതവും ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ ക്രിക്കറ്റ് അവസാനിപ്പിക്കാൻ അവൻ ഒരുക്കമായിരുന്നില്ല. ജീവിത വഴിയിലെ ഓരോ പ്രതിബന്ധങ്ങളേയും ബൗണ്ടറി കടത്തിയാണ് ഈ 23 കാരൻ ഇപ്പോൾ ഏതൊരു കായിക താരവും കൊതിക്കുന്ന ഇന്ത്യൻ ടീമിലേക്ക് ചുവടുവെച്ചത്.

ആഗ്രയിലെ ഒരു സാധാരണ കുടുംബത്തിലാണ് ധ്രുവ് ജുറൈലിന്റെ ജനനം. ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാറായ(ഇപ്പോൾ റിട്ടയർ ചെയ്തു) പിതാവ് നേംസിങിന്റെ കർശനമായ ഇടപെടൽ പലപ്പോഴും കുഞ്ഞു ജുറൈലിന് വെല്ലുവിളിയായി. മകൻ ക്രിക്കറ്റ് കളിക്കുന്നതിനെ തുടക്കത്തിലേ പട്ടാളക്കാരനായ പിതാവ് എതിർത്തു. സ്‌കൂൾ പഠന കാലത്ത് പലപ്പോഴും പിതാവിന്റെ കണ്ണു വെട്ടിച്ചാണ് കളിക്കാൻ പോയിരുന്നത്. മകനൊരു സർക്കാർ ജീവനക്കാരനായി കാണണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 'തങ്ങളുടെ കുടുംബത്തിൽ ആരും ക്രിക്കറ്റ് കളിക്കുന്നില്ല, ഞാൻ നിന്റെ ഭാവിയെ കുറിച്ച് ആശങ്കാകുലനാണ് - ഇതായിരുന്നു പിതാവിന്റെ പ്രതികരണം

എന്നാൽ ധ്രുവ് ജുറേലിനാകട്ടെ ക്രിക്കറ്റായിരുന്നു ജീവനും ജീവിതവും. ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനായി പിതാവിനെ സമീപിച്ചപ്പോഴുള്ള അനുഭവം അടുത്തിടെ ധ്രുവ് പറഞ്ഞിരുന്നു. കിറ്റിന് 8000 രൂപ ആവശ്യമാണെന്ന് അറിയിച്ചപ്പോൾ കളി നിർത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്ന് അമ്മയുടെ ആഭരണം വിറ്റാണ് കിറ്റ് വാങ്ങിയത്. എന്നാൽ പിൽകാലത്ത് പിതാവിന്റെ എതിർപ്പ് കുറഞ്ഞെന്നും തനിക്ക് പ്രോത്സാഹനമായി രംഗത്തെത്തിയെന്നും ധ്രുവ് പറയുന്നു.

ഉത്തർ പ്രദേശിൽ അണ്ടർ 14,16 കളിച്ചാണ് യുവതാരം കരിയർ തുടങ്ങിയത്. 2020 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിലും സ്ഥാനം ലഭിച്ചു. ഐപിഎൽ രാജസ്ഥൻ റോയൽസിനായി കളിക്കുന്ന യുവതാരം കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിൽ തിളങ്ങിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മൻ കെ എസ് ഭരതിന്റെ മോശം പ്രകടനമാണ് യുപി കാരന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുക്കിയത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണ് അരങ്ങേറ്റ ക്യാപ് യുവതാരത്തിന് സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സിൽ 46 റൺസെടുത്ത് അരങ്ങേറ്റ ടെസ്റ്റിൽ മികച്ച പ്രകടനവും നടത്തി.

TAGS :

Next Story