Quantcast

കാൽപന്ത് ആരവം വീണ്ടും അറേബ്യൻ മണ്ണിലേക്ക്; 2034 സൗദി ലോകകപ്പ് പ്രഖ്യാപിച്ച് ഫിഫ

ലോകകപ്പിന് മുന്നോടിയായി വലിയ തയാറെടുപ്പുകളാണ് സൗദി അറേബ്യ നടത്തിവരുന്നത്.

MediaOne Logo

Sports Desk

  • Updated:

    2024-12-11 16:40:48.0

Published:

11 Dec 2024 4:39 PM GMT

Football festival returns to Arabian soil;  FIFA has announced the 2034 Saudi World Cup
X

റിയാദ് : ലോകത്തെ ഫുട്‌ബോളിന്റെ മാന്ത്രികക്കളത്തിലേക്ക് സ്വാഗതം ചെയ്ത് സൗദി അറേബ്യ. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ഫിഫയുടേതാണ് ഔദ്യോഗിക പ്രഖ്യാപനം. സൗദിയിലെ അഞ്ച് നഗരങ്ങളിലായി പതിനഞ്ച് സ്റ്റേഡിയങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക. റിയാദിലെ വേൾഡ് കപ്പ് ഒരുക്കങ്ങളുടെ പ്രദർശന വേദിയിൽ പ്രഖ്യാപനം ആരവങ്ങളോടെ ഏറ്റുവാങ്ങാൻ മന്ത്രിമാരെത്തിയിരുന്നു.

നേരത്തെ തന്നെ സൗദി ലോകകപ്പിന് വേദിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഫിഫുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നില്ല. സൂറിച്ചിൽ നടന്ന ഫിഫയുടെ പ്രത്യേക കോൺഗ്രസിൽ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോയാണ് പ്രഖ്യാപനം നടത്തിയത്. ഖത്തറിന് ശേഷം വീണ്ടും അറേബ്യൻ മണ്ണിലേക്ക് കാൽപന്ത് മാമാങ്കം എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ (419-500) ഉയർന്ന സ്‌കോർ സൗദിക്ക് നേരത്തെ ലഭിച്ചിരുന്നു. 15 മാസത്തിലേറെ നീണ്ടുനിന്ന നടപടി ക്രമങ്ങൾക്ക് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫിഫയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഘോഷത്തിലാണ് ലോകകപ്പ് നടക്കാനിരിക്കുന്ന നഗരികൾ. മറ്റാരും മത്സര രംഗത്തില്ലാതിരിക്കാൻ സൗദി അറേബ്യ നേരത്തെ തന്നെ കരുനീക്കങ്ങൾ നടത്തിയിരുന്നു. .48 ടീമുകൾ ആദ്യമായി പങ്കെടുക്കുന്ന ലോകക്കപ്പെന്ന പ്രത്യേകത 2034 വേൾഡ് കപ്പിനുണ്ടാകും. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തിയ ജർമനിയുടെ ലോകകപ്പ് ചരിത്രവും സൗദി മറികടക്കും. ആറര ലക്ഷത്തോളം പേരാണ് ജർമനിയിലെ സ്റ്റേഡിയം സീറ്റുകളിൽ മത്സരം കണ്ടത്. സൗദിയിലത് ഏഴ് ലക്ഷത്തി അറുപത്തി രണ്ടായിരമാണ്. ലോകക്കപ്പിന്റെ 104 മത്സരങ്ങളും സൗദിയിൽ തന്നെ നടക്കും. 15 സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. അതിൽ എട്ടെണ്ണം പുതുതായി നിർമിക്കാൻ പോകുന്നതാണ്.

റിയാദ് ജിദ്ദ ഖോബാർ നിയോം അബഹ എന്നിവിടങ്ങളിലാണ് ഫിഫ ലോകക്കപ്പ് മത്സരങ്ങൾ നടക്കുക. സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുത് റിയാദിലായിരിക്കും. 92000 പേർക്ക് ഇരിക്കാവുന്നതാകും ഇവിടെ ഒരുങ്ങുന്ന സ്റ്റേഡിയം. റിയാദിൽ നടന്ന പ്രത്യേക സെഷനിൽ സൗദി ഒരുക്കാൻ പോകുന്ന സംവിധാനങ്ങളുടെ പ്രദർശനമുണ്ടായിരുന്നു. ഇവിടെ മന്ത്രിമാരുൾപ്പെടെ ആഹ്ലാദത്തോടെ പ്രഖ്യാപനം ഏറ്റുവാങ്ങി. ലോകകപ്പിന് മുന്നോടിയായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിച്ചതും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ സൗദി ക്ലബ് അൽ-നസറിനായാണ് റോണോ കളിക്കുന്നത്. നേരത്തെ യൂറോപ്പിലെ പ്രധാന ക്ലബുകളിൽ കളിച്ചിരുന്ന നെയ്മർ, കരിം ബെൻസിമ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ലീഗിലെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നത്.

TAGS :

Next Story