പരിശീലക സെഷന് വൈകിയെത്തി; മോണി മോർക്കലിനെ ശകാരിച്ച് ഗൗതം ഗംഭീർ- റിപ്പോർട്ട്
ബോർഡർ-ഗവാസ്‌കർ പരമ്പരക്കിടെയാണ് ഗംഭീർ മോർക്കലിനെതിരെ രംഗത്തെത്തിയത്
മുംബൈ: ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ പരിശീലകൻ ഗൗതം ഗംഭീർ ബൗളിങ് പരിശീലകൻ മോർണി മോർക്കലിനെ ശാസിച്ച സംഭവമാണ് പുറത്തായത്. പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യക്തിപരമായ തിരിക്കുകൾ കാരണം വൈകിയെത്തിയ ദക്ഷിണാഫ്രിക്കൻ മുൻ പേസറെ ഗ്രൗണ്ടിൽവെച്ചുതന്നെ ഗംഭീർ ശാസിച്ചതായാണ് വിവരം. ഇതേതുടർന്ന് ഇരുവർക്കുമിടയിൽ ഭിന്നത രൂപപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നേരത്തെ ഗംഭീറിന്റെ ഡ്രസിങ് റൂമിലെ പെരുമാറ്റവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മോർക്കൽ സംഭവം ബിസിസിഐയെ അറിയിച്ചിരുന്നെങ്കിലും ഇരുവരും ചേർന്ന് പരിഹരിക്കണമെന്നാണ് ബോർഡ് നിലപാടെടുത്തത്. ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി തിരിച്ചടികളാണ് നേരിട്ടത്. ഒരുപതിറ്റാണ്ടിന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫി നഷ്ടമായതാണ് ഏറ്റവുമൊടുവിലത്തേത്.
ഓസീസ് പരമ്പരയിലെ ദയനീയ പ്രകടനത്തിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്തും നഷ്ടമായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യ ഫൈനലിലെത്താതെ മടങ്ങുന്നത്. സീനിയർ താരങ്ങളുടെ മോശം ഫോമിൽ ഡ്രസിങ് റൂമിൽവെച്ച് ഗംഭീർ രൂക്ഷമായി പ്രതികരിച്ചതായും വാർത്തയുണ്ടായിരുന്നു. ഓസീസിനെതിരായ അവസാന ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റിനിർത്തുകയും ചെയ്തു. വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി പരിശീലക സ്ഥാനമുറപ്പിക്കുന്നതിന് ഗംഭീറിന് നിർണായകമാണ്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഗംഭീർ പരിശീലക റോളിലെത്തിയത്.
Adjust Story Font
16