Quantcast

ഗംഭീർ 'പണി' തുടങ്ങി; കോച്ചിങ് സംഘത്തിൽ പുതിയ ടീമിനെ കൊണ്ടുവരാൻ നീക്കം

പരിശീലകനായി വന്നതോടെ ഇന്ത്യൻ ടീമിൽ എന്തൊക്കെ മാറ്റങ്ങൾ ഗംഭീർ വരുത്തുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്

MediaOne Logo

Web Desk

  • Published:

    11 July 2024 2:42 AM GMT

Gautam Gambhir
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചതായി ചൊവ്വാഴ്ചയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഗംഭീറിന്റെ വരവ്. പരിശീലകനായി വന്നതോടെ ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ രണ്ട് പേരെ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ നീക്കങ്ങള്‍ ആരംഭിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഭിഷേക് നായര്‍, വിനയ് കുമാര്‍ എന്നിവരെ പരിശീലക സംഘത്തിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടതായാണ് വിവരം. അഭിഷേക് നായരെ ബാറ്റിങ് കോച്ചായും വിനയ് കുമാറിനെ ബൗളിങ് കോച്ചായും ഉള്‍പ്പെടുത്താനാണ് ഗംഭീറിന്റെ നീക്കം.

ഗംഭീറിനൊപ്പം ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിലുണ്ടായിരുന്നയാളാണ് അഭിഷേക് നായര്‍. കളിക്കാരനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഏതാനും സീസണുകളില്‍ കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ ഗംഭീറിനൊപ്പം നിര്‍ണായക പങ്കുവഹിച്ചയാളുമാണ് അഭിഷേക് നായർ. ഇതാണ് അഭിഷേകിനായി ഗംഭീര്‍ വാദിക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരമാണ് വിനയ് കുമാര്‍. 2014, 2015 സീസണുകളില്‍ തുടര്‍ച്ചയായി രഞ്ജി ട്രോഫി നേടിയ ടീമിലുണ്ടായിരുന്നു.

അതേസമയം 2027 ഡിസംബര്‍ 31 വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു. 58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്.

TAGS :

Next Story