'ധോണി രാജ്യത്തിന് വേണ്ടി വ്യക്തിഗത നേട്ടങ്ങൾ ത്യജിച്ച താരം'- ഗംഭീർ
'ക്യാപ്റ്റൻസി കാരണം അദ്ദേഹം തന്നിലെ ബാറ്ററെ ത്യജിച്ചു. ക്യാപ്റ്റനല്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ഇറങ്ങിയേനെ'.
മുൻ ഇന്ത്യൻ താരം എം.എസ് ധോണി രാജ്യത്തിന് വേണ്ടി തന്റെ വ്യക്തിഗത റെക്കോർഡുകൾ ത്യജിച്ച താരമാണെന്ന് ഗൗതം ഗംഭീർ. അദ്ദേഹം നേടിയതിനേക്കാൾ എത്രയോ റൺസ് സ്വന്തമാക്കാമായിരുന്നു. പല റെക്കോർഡുകളും തകർക്കാനുമാവുമായിരുന്നു. പക്ഷേ അതിന് ശ്രമിച്ചില്ല. തന്റെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്താതെ ടീമിന്റെ ജയത്തിന് പ്രധാന്യം കൊടുത്തു. ടീമിന്റെ ട്രോഫികൾക്കായി അദ്ദേഹം തന്റെ അന്താരാഷ്ട്ര റൺസും റെക്കോർഡുകളും ത്യജിച്ചെന്നും ഗംഭീർ പറഞ്ഞു.
''ഏഴാം നമ്പറിൽ നിന്ന് മത്സരങ്ങൾ ജയിക്കാൻ കഴിയുന്ന ഒരു വിക്കറ്റ് കീപ്പർ-ബാറ്ററെ ലഭിച്ചത് ഇന്ത്യൻ ക്രിക്കറ്റിന് ഒരു അനുഗ്രഹമായിരുന്നു, കാരണം അദ്ദേഹത്തിന് ആ പവർ ഗെയിം ഉണ്ടായിരുന്നു. 10 സെഞ്ചുറികളും 73 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ധോണിക്ക് കൂടുതൽ സ്‌കോർ ചെയ്യാമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അയാൾക്ക് ടീമായിരുന്നു വലുത് -'' ഗംഭീർ പറഞ്ഞു
ആളുകൾ എപ്പോഴും എംഎസ് ധോണിയെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ, ക്യാപ്റ്റൻസി കാരണം അദ്ദേഹം തന്നിലെ ബാറ്ററെ ത്യജിച്ചു. ക്യാപ്റ്റനല്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ഇറങ്ങിയേനെ. തന്റെ ബാറ്റിംങ് കൊണ്ട് കളി മാറ്റിമറിച്ച ഇന്ത്യയുടെ ആദ്യത്തെ വിക്കറ്റ് കീപ്പറായിരുന്നു ധോണി. ഏഴാം നമ്പറിൽ ഇറങ്ങി മത്സരങ്ങൾ ജയിപ്പിക്കാൻ ധോണിക്ക് ആകുമായിരുന്നു. അതിന് പലതവണ നമ്മള്‍ സാക്ഷികളായിട്ടുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Adjust Story Font
16