Quantcast

മുംബൈയിലേക്ക് മടങ്ങാനൊരുങ്ങി ഹാർദിക് പാണ്ഡ്യ; അണിയറയിലൊരുങ്ങുന്നത് റെക്കോർഡ് തുക

ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യന്മാരായത് ഹാർദികിന്റെ നായക മികവിന് കീഴിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-25 12:47:00.0

Published:

25 Nov 2023 12:38 PM GMT

Hardik Pandya
X

മുംബൈ: 2024ലെ ഐ.പി.എൽ ലേലത്തിന് ഇനി ആഴ്ചകൾ മാത്രമെ ബാക്കിയുള്ളൂ. ഏകദിന ലോകകപ്പിന് പിന്നാലെ ഐ.പി.എൽ ആവേശങ്ങളിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ഏതൊക്കെ കളിക്കാരെ ടീമിൽ നിലനിർത്തണം, വിട്ടുകൊടുക്കണം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ചയാണ്(25-11-2023) അറിയിക്കേണ്ടത്.

പല റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ചാണ് ഇപ്പോൾ സജീവമായി കേൾക്കുന്നത്. താരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും പഴയ തട്ടകത്തിലേത്ത് തന്നെ(മുംബൈ ഇന്ത്യൻസ്) മടങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ ന്യൂസിലാൻഡ് താരം കെയിൻ വില്യംസണാകും ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുക.

മുംബൈ ഇന്ത്യൻസാണ് താരത്തെ മടക്കിക്കൊണ്ടുവരാൻ താത്പര്യപ്പെട്ടത്. ഹാർദികിന്റെ ശമ്പളത്തിന് പുറമെ ട്രാൻസ്ഫർ ഫീയും(ഇത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല) ഗുജറാത്ത് ടൈറ്റൻസിന് മുംബൈ നൽകേണ്ടിവരും. ട്രാൻസ്ഫർ ഫീയുടെ പകുതി ഹാർദികിനാണ് ലഭിക്കുക. 15 കോടിക്കാണ് ഹാർദികിനെ ഗുജറാത്ത് ടീമിൽ എടുത്തത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഐ.പി.എല്ലിലെ റെക്കോർഡ് ട്രാൻസ്ഫറാകും നടക്കുക. എന്നാല്‍ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകളും മൗനം പാലിക്കുകയാണ്.

അതേസമയം കഴിഞ്ഞ ലേലത്തോടെ മുംബൈയുടെ അടുത്ത് 50 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. പുതിയ ലേലത്തിന് അഞ്ച് കോടി മുംബൈക്ക് ഉപയോഗിക്കാനാകും. എന്നിരുന്നാലും ഹാർദികിന്റെ ലേല നടപടികൾ പൂർത്തിയാക്കണമെങ്കിൽ ടീമിലെ മറ്റു താരങ്ങളെ വിട്ടുകൊടുക്കലെ മുംബൈക്ക് മുന്നിലുള്ളൂ. ഇതുസംബന്ധിച്ച് മുംബൈ സജീവ ചർച്ചകളിലാണെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യന്മാരായത് ഹാർദികിന്റെ നായക മികവിന് കീഴിലായിരുന്നു. രണ്ടാം സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചെന്നൈ സൂപ്പർകിങ്‌സിന് മുന്നിൽ ഗുജറാത്ത് വീഴുകയായിരുന്നു. ഈ രണ്ട് സീസണുകളിലും ഹാർദികിന്റെ നായക മികവ് കയ്യടി നേടിയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി 30 ഇന്നിങ്‌സുകളിൽ നിന്ന് 833 റൺസാണ് ഹാർദിക് നേടിയത്. പതിനൊന്ന് വിക്കറ്റുകളും വീഴ്ത്തി.

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ ഹാർദിക് ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേറ്റതിനാൽ പുറത്തായി. രോഹിത് വൈറ്റ്‌ബോൾ ക്രിക്കറ്റ് മതിയാക്കുകയാണെങ്കിൽ ഹാർദികിന്റെ പേരാണ് നായക സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. അതായത് ഇന്ത്യയുടെ ഭാവി ഹാര്‍ദിക് പാണ്ഡ്യയിലൂടെയാണ് ഇപ്പോള്‍ ചുറ്റിത്തിരിയുന്നത്.

TAGS :

Next Story