'ഹൃദയം തകർന്ന്' സൂര്യകുമാർ യാദവ്: മുംബൈ ഇന്ത്യൻസിൽ അസ്വസ്ഥതകൾ?
ഹാർദികിനെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ മുംബൈക്ക് നാല് ലക്ഷം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്.
മുംബൈ: രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ അസ്വസ്ഥതകൾ പുകയുന്നു. തീരുമാനം മുംബൈ ഇന്ത്യൻസ് ആരാധകർക്കും ദഹിച്ചിട്ടില്ല. ഹാർദികിനെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ മുംബൈക്ക് നാല് ലക്ഷം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്.
ഇപ്പോഴിതാ മുംബൈ ക്യാമ്പിന് തന്നെ തീരുമാനം ഇഷ്ടമായില്ലെന്ന് തോന്നുന്നു. സൂര്യകുമാർ യാദവാണ് 'അനിഷ്ടം' പ്രകടിപ്പിച്ചത്. ഹൃദയം തകർന്നത് കാണിക്കുന്ന ഇമോജിയാണ് സൂര്യകുമാർ യാദവ്, ഇൻസ്റ്റഗ്രാംസ്റ്റോറിയായി പങ്കുവെച്ചത്. എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെങ്കിലും രോഹിതിനെ നായക സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ സ്റ്റോറി.
അതേസമയം മുംബൈ ഇന്ത്യൻസിന്റെ നീക്കത്തിൽ ആരാധക രോഷം ഉയരുകയാണ്. മുംബൈ ജഴ്സി ആരാധകർ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹാർദികിനെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വൻവിലകൊടുത്താണ് മുംബൈ ടീമിൽ എത്തിച്ചത്. താരം മുംബൈയിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾ തുടക്കത്തില്‍ സജീവമായിരുന്നുവെങ്കിലും നിലനിർത്തിയ കളിക്കാരിൽ ഹാർദിക് ഉൾപ്പെട്ടതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു.
എന്നാൽ സർപ്രൈസ് നീക്കത്തിലൂടെ ഹാർദിക് മുംബൈയിൽ എത്തുകയായിരുന്നു. അതേസമയം രോഹിതിന്റെ സമ്മതത്തോടെയാണോ ഹാർദികിനെ ക്യാപ്റ്റനാക്കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അങ്ങനെ ആവാനാണ് സാധ്യത. കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന രോഹിത് ടി20 മതിയാക്കുന്നുവെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. ഏകദിന ലോകകപ്പോടെ വൈറ്റ്‌ബോൾ ക്രിക്കറ്റ് തന്നെ മതിയാക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഭാവി മുന്‍കൂട്ടിക്കണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ നീക്കങ്ങളെന്ന് അറിയുന്നു.
എന്നാല്‍ രോഹിത് ശർമയ്ക്കു ശേഷം ജസ്പ്രീത് ബുംറയോ സൂര്യകുമാര്‍ യാദവോ മുംബൈയെ നയിക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഹാർദിക് പാണ്ഡ്യ തന്റെ പഴയ ടീമിലേക്കു മടങ്ങിയെത്തുന്നതും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതും.
Adjust Story Font
16