വീണ്ടും വീണ് ഹൈദരാബാദ്; ഡൽഹിക്ക് 7 റൺസ് ജയം
ഓപണർ മായങ്ക് അഗർവാളും ഹെയ്ന്റിച്ച് ക്ലാസെനും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ തിളങ്ങിയത്.
ഹൈദാരാബാദ്: പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഡൽഹിക്ക് വീണ്ടും ആശ്വാസ ജയം. ഡൽഹി ഉയർത്തിയ കേവലം 145 റൺസെന്ന ലക്ഷ്യം മറികടക്കാനാവാതെ സ്വന്തം മണ്ണിൽ വിജയത്തിന്റെ ഏഴ് റൺസ് അകലെ ഹൈദരാബാദ് മൂക്കുംകുത്തി വീണു. ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി നായകൻ ഡേവിഡ് വാർണറിനും സംഘത്തിനും ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ എതിരാളികളെ എറിഞ്ഞിടാനായി.
ഓപണർ മായങ്ക് അഗർവാളും ഹെയ്ന്റിച്ച് ക്ലാസെനും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ തിളങ്ങിയത്. ഇവരെ കൂടാതെ വാഷിങ്ടൺ സുന്ദർ, രാഹുൽ ത്രിപാഠി എന്നിവർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. ഓപണറായ ഹാരി ബ്രൂക്ക് 14 പന്ത് നേരിട്ടെങ്കിലും ഏഴ് റൺസ് മാത്രം നേടി ആന്റിച്ച് നോർജെയുടെ പന്തിൽ ബൗൾഡായി ആദ്യം കൂടാരം കയറി.
പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി മായങ്ക് അഗർവാളിനൊപ്പം ചേർന്ന് സ്‌കോർ മുന്നോട്ടുനീക്കാൻ തുടങ്ങിയെങ്കിലും സ്‌കോർ 69ൽ എത്തിയപ്പോൾ രണ്ടാം വിക്കറ്റും വീണു. അക്‌സർ പട്ടേലിന്റെ പന്തിൽ അമാൻ ഹക്കീം ഖാൻ പിടിച്ച് അഗർവാൾ പുറത്താവുമ്പോൾ 49 റൺസായിരുന്നു സമ്പാദ്യം. തുടർന്നെത്തിയ അഭിഷേക് ശർമയ്ക്ക് (5-5) കാര്യമായൊന്നും ചെയ്യാനായില്ല.
ഇതിനിടെ 12.3 ഓവറിൽ ത്രിപാഠിയും മടങ്ങി. 21 പന്തിൽ 15 റൺസ് മാത്രമായിരുന്നു സംഭാവന. തുടർന്ന് നാലാമനായി അഭിഷേക് ശർമയും കൂടാരത്തിലേക്ക്. കുൽദീപിന്റെ പന്തിൽ റിട്ടേൺ ക്യാച്ചിലൂടെയായിരുന്നു ശർമയ്ക്ക് പവലിയനിലേക്കുള്ള വഴി തെളിഞ്ഞത്. തുടർന്ന് ക്യാപ്റ്റൻ ഐഡൻ മർക്രം അഞ്ച് പന്തിൽ കേവലം മൂന്ന് റൺസ് മാത്രം നേടി പുറത്തായി.
എന്നാൽ, ഹെയന്റിച്ച് ക്ലാസെനെത്തി ടീമിന് വിജയപ്രതീക്ഷ നൽകി തകർപ്പൻ അടി തുടങ്ങിയെങ്കിലും സ്‌കോർ 126ൽ എത്തിനിൽക്കെ ബാറ്റ് താഴെ വച്ചു. നോർജെയുടെ പന്തിൽ അമാൻ ഹക്കീം ഖാൻ പിടിച്ചാണ് ക്ലാസൻ മടങ്ങിയത്. തുടർന്ന് വാഷിങ്ടൺ സുന്ദറും മാർക്കോ ജാൻസനും ചേർന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചെങ്കിലും നിശ്ചിത ഓവർ പൂർത്തിയാവുന്നതിനിടെ ജയിക്കാനുള്ള റൺസ് അടിച്ചെടുക്കാനായില്ല.
ഡൽഹി നിരയിൽ നോർജെയും അകസർ പട്ടേലും രണ്ട് വിക്കറ്റ വീതം നേടിയപ്പോൾ ഇഷാന്ത് ശർമ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി. ഇതോടെ രണ്ടാം ജയം നേടിയെങ്കിലും ഡൽഹി ഇപ്പോഴും പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ തന്നെയാണ്. രണ്ട് ജയമുള്ള ഹൈദരാബാദാണ് തൊട്ടുമുകളിൽ. പോയിന്റെ പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്നത്തേത്.
നേരത്തെ, വാഷിങ്ടൺ സുന്ദറും ഭുവനേശ്വർ കുമാറും പുറത്തെടുത്ത മാസ്മരിക സ്‌പെല്ലിൽ കറങ്ങിവീണ വാർണർ പട ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് സ്വന്തമാക്കിയത്. 34 റൺസെടുത്ത മനീഷ് പാണ്ഡെയാണ് സന്ദർശകനിരയിൽ ടോപ്‌സ്‌കോറർ 20 പന്തിൽ 21 ആയിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.
ഭുവനേശ്വർ നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദർ നിശ്ചിത ഓവറിൽ 28 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റും പിഴുതു. നടരാജന് ഒരു വിക്കറ്റും ലഭിച്ചു.
Adjust Story Font
16