Quantcast

'സ്‌ലിം ഗയ്‌സ് വേണേൽ ഫാഷൻ ഷോയിൽ പോയിക്കോ'; സർഫറാസിനെ ടീമിലെടുക്കാത്തതിൽ സെലക്ടർമാർക്കെതിരെ ഗവാസ്‌കർ

'ഫാഷൻ ഷോയിൽ പോകൂ... അവിടെ നിന്ന് മോഡലുകളെ തിരഞ്ഞെടുത്ത് കയ്യിൽ ബാറ്റും ബോളും നൽകൂ.. എന്നിട്ട് അവരെ ടീമിലെടുക്കൂ...'

MediaOne Logo

Sports Desk

  • Updated:

    2023-01-20 09:34:55.0

Published:

20 Jan 2023 9:31 AM GMT

സ്‌ലിം ഗയ്‌സ് വേണേൽ ഫാഷൻ ഷോയിൽ പോയിക്കോ; സർഫറാസിനെ ടീമിലെടുക്കാത്തതിൽ സെലക്ടർമാർക്കെതിരെ ഗവാസ്‌കർ
X

ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം തുടർച്ചയായി നടത്തിയിട്ടും സർഫറാസ് ഖാന് ദേശീയ ടീമിൽ ഇടം നൽകാത്തതിൽ ആൾ ഇന്ത്യാ സെലക്ഷൻ കമ്മിറ്റിക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിന്റെ രൂക്ഷ പ്രതികരണം. ഡൽഹിക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ മുംബൈക്കായി സർഫറാസ് തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. ഇതിനെ തുടർന്നാണ് ഗവാസ്‌കർ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ടർമാർക്കെതിരെ രംഗത്ത് വന്നത്. 'സ്‌ലിം ആൻഡ് ട്രിം ഗയ്‌സിനെ' വേണമെങ്കിൽ മോഡലുകളെ തിരഞ്ഞെടുത്തോളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

'അദ്ദേഹം സെഞ്ച്വറി നേടിയ ശേഷം അദ്ദേഹം ഫീൽഡിൽ നിന്ന് മാറിനിൽക്കുകയല്ല. അവിടെ തന്നെ തുടരുകയാണ്. ഇതെല്ലാം ഈ മനുഷ്യൻ ക്രിക്കറ്റിന് യോജിച്ചയാളാണെന്നാണ് പറയുന്നത്. മെലിഞ്ഞവരെയും ഒതുക്കമുള്ളവരെയുമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഫാഷൻ ഷോയിൽ പോകൂ... അവിടെ നിന്ന് മോഡലുകളെ തിരഞ്ഞെടുത്ത് കയ്യിൽ ബാറ്റും ബോളും നൽകൂ.. എന്നിട്ട് അവരെ ടീമിലെടുക്കൂ.. ക്രിക്കറ്റർമാർ പല രൂപത്തിലും വലുപ്പത്തിലുമുള്ളവരുണ്ട്. അവർ നേടുന്ന റൺസും വിക്കറ്റുമാണ് നോക്കേണ്ടത്' ഗവാസ്‌കർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഏറ്റവുമൊടുവിലായി ആസ്ത്രേലിയക്കെതിരെ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകളിലേക്കുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സർഫറാസ് ഖാന് ഇടമുണ്ടായിരുന്നില്ല. ഇതിന് പിന്നിൽ താരത്തിന്റെ 'തടി'യാണ് പ്രശ്നമെന്ന് പറയുന്നവരുണ്ട്. താരം പൂർണഫിറ്റല്ലെന്നും ഫീൽഡിങിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കില്ലെന്നുമൊക്കെയാണ് സർഫറാസിനെച്ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ. അത്തരം വിമർശനങ്ങൾ മുൻനിർത്തിയാണ് ഗവാസ്‌കറിന്റെ അഭിപ്രായപ്രകടനം. ഇതേ വിമർശനങ്ങളെ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദും എറിഞ്ഞിട്ടിരുന്നു. സർഫറാസിനെക്കാൾ തടികൂടുതലുള്ളവരുണ്ടിവിടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മൂന്ന് രഞ്ജി സീസണുകളിലായി അസാധ്യപ്രകടനം കാഴ്ചവെച്ച സർഫറാസിനെ തഴയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു. സർഫാറാസിനോട് മാത്രമല്ല ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പിന്നെ എന്തിന് എന്ന ചോദ്യവും ഉയരും. ഇനി അവന്റെ ശരീരഭാരമാണ് പ്രശ്നമെങ്കിലും അവനെക്കാൾ ഭാരം കൂടുതലുള്ളവരുണ്ടിവിടെ- വെങ്കടേഷ് പ്രസാദ് പറഞ്ഞുനിർത്തി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ആസ്‌ത്രേലിയക്കെതിരെയുള്ള ടീമിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് താൻ കരഞ്ഞിരുന്നുവെന്ന് നേരത്തെ സർഫറാസ് വെളിപ്പെടുത്തിയിരുന്നു. ആസ്‌ത്രേലിയക്കെതിരെ നാലു ടെസ്റ്റുകളാണ് നടക്കുന്നത്. അവസാന രണ്ടെണ്ണത്തിനുള്ള ടീം ഇനിയും പ്രഖ്യാപിക്കാനുണ്ട്. ഇതിൽ സർഫറാസിനെ ഒരുപക്ഷേ ഉൾപ്പെടുത്തിയേക്കും.

ദേശീയ ടീമിൽ ഇടംലഭിക്കാത്തതൊന്നും ഈ വലംകയ്യൻ ബാറ്ററെ റൺസടിച്ച് കൂട്ടുന്നതിൽ നിന്ന് തടയില്ലെന്ന് വേണം മത്സര ഫലം വ്യക്തമാക്കുന്നത്. ഡൽഹിക്കെതിരെ മുംബൈക്കായി രഞ്ജി ട്രോഫി മത്സരം കളിച്ച താരം 155 പന്തിൽ 16 ഫോറും നാലു സിക്സുമടക്കം 125 റൺസാണ് അടിച്ചുകൂട്ടിയത്. മുംബൈ ടീം ആകെ 293 റൺസാണ് നേടിയത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇതാണ് രീതി. മികച്ച പ്രകടനമാണ് സർഫറാസ് കാഴ്ചവെക്കുന്നത്. ഇത്തരം മികവ് പ്രകടിപ്പിച്ചിട്ടും ദേശീയ ടീമിൽ ഇടംലഭിക്കാത്തതിനെതിരെ നിരവധി ആരാധകർ രംഗത്ത് വന്നിരിന്നു.

രഞ്ജി ട്രോഫി ടൂർണമെൻറിലെ 2021-22 സീസണിൽ സർഫറാസ് ആകെ 982 റൺസ് അടിച്ചുകൂട്ടിയിരുന്നു. 122.75 ശരാശരിയിൽ നാലു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കമായിരുന്നു നേട്ടം. 275 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്‌കോർ.

നിലവിലുള്ള സീസണിൽ 431 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 107.75 ശരാശരിയും 70.54 സ്ട്രൈക്ക് റൈറ്റുമുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുമുണ്ട്.

'If you want slim guys, go to fashion shows to pick models'; Gavaskar against the selectors for not including Sarfaraz in the team

TAGS :

Next Story