Quantcast

ബോർഡർ-ഗവാസ്‌കർ ട്രോഫി; കോഹ്‌ലിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ, ലക്ഷ്യം ടെസ്റ്റ് ഫൈനൽ

ഓസീസിനെതിരെ കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്

MediaOne Logo

Sports Desk

  • Published:

    21 Nov 2024 8:03 AM GMT

Border-Gavaskar Trophy; India hoping for Kohli, target finals
X

റിക്കി പോണ്ടിങ് മുതൽ ഗൗതം ഗംഭീർ വരെ... കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആസ്ത്രേലിയൻ മണ്ണിൽ നിന്ന് ഉയർന്നുകേട്ടത് പോർവിളികളും വാഗ്വാദങ്ങളുമാണ്. കളിക്ക് മുൻപെ താരങ്ങളെ പ്രകോപിപ്പിക്കുന്ന കമന്റുകൾ. ഇരുടീമുകളിലേയും ശക്തി-ദൗർഭല്യങ്ങൾ ഇഴകീറി പരിശോധിച്ചുള്ള വിശകലനങ്ങൾ. പ്രവചനങ്ങൾ. എല്ലാത്തിനുമൊടുവിൽ ഇതാ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് അരങ്ങൊരുങ്ങുന്നു. പെർത്ത് ടെസ്റ്റിന് മണിക്കൂറുകൾ ബാക്കിനിൽക്കെ തന്ത്രങ്ങളും മറുതന്ത്രങ്ങളുമൊരുക്കി ഇന്ത്യയും ആസ്ത്രേലിയയും തയാറായി കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ, ബാറ്റിങിലും ബൗളിങിലും തുല്യശക്തികൾ. ഇനിയുള്ള ഒന്നരമാസക്കാലം പെർത്തിലും അഡ്‌ലൈഡിലും മെൽബണിലുമെല്ലാം തീപിടിപ്പിക്കുന്ന പോരാട്ടനാളുകൾ.



ആരാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഫോക്കസ് പോയന്റ്. ഇന്ത്യൻ നിരയിൽ അത് വിരാട് കോഹ്‌ലിയാണെന്ന് നിസംശയം പറയാം. ക്രീസിൽ ഈയൊരു താരത്തിന്റെ സാന്നിധ്യം ആസ്ത്രേലിയയെ അലോസരപ്പെടുത്തുമെന്നുറപ്പാണ്. നിലവിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണെങ്കിലും ഏതു നിമിഷവും തിരിച്ചുവരാൻ ഈ 36 കാരനാകും. പലകുറി ക്രിക്കറ്റ് ലോകം കൺനിറയെ കണ്ടതുമാണിത്. 13 മത്സരങ്ങളിൽ നിന്നായി 54 ബാറ്റിങ് ശരാശരിയിൽ 1,353 റൺസാണ് ആസ്ത്രേലിയയിൽ കോഹ്ലിയുടെ സമ്പാദ്യം. ആറ് സെഞ്ച്വറികളും ആ ബാറ്റിൽ നിന്ന് പിറന്നു. ഒന്നാം ടെസ്റ്റിന് വേദിയാകുന്ന പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ 2018-ൽ കോഹ്ലി സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഒരു തവണകൂടി നൂറിൽതൊട്ടാൽ ഓസീസ് മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്ററെന്ന അപൂർവ്വനേട്ടവും താരത്തെ കാത്തിരിക്കുന്നു. നിലവിൽ ആറ് സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പമാണ് കോഹ്‌ലി.



ഇന്ത്യൻ പ്രകടനത്തിൽ കോഹ്ലിയുടെ ഫോം നിർണായകമാകുമെന്ന് മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിങും ഷെയിൻ വാട്സണും ബ്രെട്ട് ലീയുമെല്ലാം അടിവരയിടുന്നു. അയാളെ വെറുതെ പ്രകോപിപ്പിക്കരുതെന്ന് ഒരുവേള വാട്സൻ ഓസീസ് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഓസീസ് സ്പിന്നർ നേഥാൻ ലയോൺ കളിക്ക് മുൻപെ വെല്ലുവിളിയുടെ സ്വരത്തിലാണ് പ്രതികരിച്ചത്. ''ഓസീസിനെതിരെ കോഹ്ലിക്ക് മികച്ച റെക്കോർഡുണ്ടെന്നറിയാം. എന്നാൽ അദ്ദേഹത്തിന്റെ വിക്കറ്റ് ഞാൻ സ്വന്തമാക്കും''- ലിയോൺ നയം വ്യക്തമാക്കി. വിരാട്-കമ്മിൻസ് പോരാട്ടമെന്ന നിലയിലും ആദ്യ ടെസ്റ്റ് വാർത്തകളിൽ നിറയുകയാണ്. ഓഫ്സ്റ്റമ്പിന് പുറത്ത് മോഹിപ്പിക്കുന്ന പന്തെറിഞ്ഞ് കോഹ്ലിയെ വീഴ്ത്തുന്ന തന്ത്രമായിരിക്കും ഓസീസ് നായകൻ പ്രയോഗിക്കുക. കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം കമ്മിൻസിന്റെ ഈ കെണിയിൽ വീണ ഇന്ത്യൻ താരം ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതും ആദ്യ ടെസ്റ്റിനെ ശ്രദ്ധേയമാക്കും.



കോഹ്ലി ഇന്ത്യക്ക് എങ്ങനെയാണോ അതുപോലെ എതിരാളികളുടെ നെടുംതൂണാണ് സ്റ്റീവ് സ്മിത്ത്. ഇരുവരും നാലാം നമ്പർ ബാറ്റർമാർ. നങ്കൂരമിട്ടാൽ ഈ 35 കാരനെ പുറത്താക്കൽ അത്ര എളുപ്പമാകില്ല. എന്നാൽ സ്മിത്തിനെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു ബൗളർ ഇന്ത്യൻ നിരയിലുണ്ട്. രവിചന്ദ്രൻ അശ്വിൻ. ഈ വെറ്ററൻ സ്പിന്നർക്ക് മുന്നിൽ എട്ട് തവണയാണ് ഓസീസ് താരം കീഴടങ്ങിയത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവാണ് ട്രാവിസ് ഹെഡ്ഡ്. ഇന്ത്യൻ ബൗളർമാരെ നേരിടുന്നതിൽ ഒരുമയവും കാണിക്കാത്ത ഹെഡ്ഡ് ഓപ്പണിങ് റോളിലെത്തുമ്പോൾ ഇന്ത്യ പ്രയോഗിക്കുക ബുംറയെന്ന ആയുധത്തെയായിരിക്കും. മറ്റു ബൗളർമാരെ തകർത്തടിക്കുമ്പോഴും ബുംറക്ക് മുന്നിൽ ഡിഫൻസീവായാണ് ഹെഡ്ഡ് കളിച്ചിരുന്നത്. ഇതിനകം രണ്ടുതവണയാണ് ഇന്ത്യൻ പേസറുടെ മുന്നിൽ ഓസീസ് താരം നിരായുധനായത്. വീണ്ടും ബുംറ-ഹെഡ്ഡ് നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ കളമൊരുങ്ങുന്നത്



ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സുപ്രധാന താരമാണ് ഋഷഭ് പന്ത്. സ്പിന്നാണെങ്കിലും പേസാണെങ്കിലും ഏതുപിച്ചിലും അതിവേഗം റൺസ് അടിച്ചെടുക്കുന്ന ഇടംകൈയ്യൻ ബാറ്റർ മധ്യനിരയിലെ ക്രൈസിസ് മാനേജറാണ്. അമിത പ്രതിരോധത്തിലേക്ക് പോകാതെ, ആക്രമിച്ച് കളിച്ച് ബൗളറുടെ കോൺഫിഡൻസ് കളയുകയെന്നതാണ് പന്തിന്റെ പോളിസി. എന്നാൽ ഓസീസിനെ എതിരിടുമ്പോൾ പന്തിന് കെണിയൊരുക്കി ഒരു സ്പിന്നർ അവിടെ കാത്തിരിപ്പുണ്ട്. നേഥാൻ ലയോൺ. അഞ്ചുതവണയാണ് ഈ ഓഫ്സിപിന്നർക്ക് മുന്നിൽ 27 കാരൻ പുറത്തായത്. രോഹിത് ശർമക്ക് പകരം ഓപ്പണിങ് റോളിലെത്തുന്ന കെ.എൽ രാഹുലിന്റെ ഫോമും ഇന്ത്യക്ക് നിർണായകമാണ്. സമീപകാലത്തായി റൺസ് കണ്ടെത്താൻ പാടുപെടുകയാണെങ്കിലും മികച്ച ഓവർസീസ് റെക്കോർഡുള്ള താരത്തിന്റെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ന്യൂബോളിൽ മിച്ചൽ സ്റ്റാർക്കടക്കമുള്ള ഓസീസ് പേസർമാർക്കെതിരെ പിടിച്ചുനിൽക്കാൻ രാഹുലിന് കഴിയുമോയെന്നതും ആശങ്കയുയർത്തുന്നു.



ആഷസ് പരമ്പരയോളം പ്രാധാന്യത്തോടെ ക്രിക്കറ്റ് ലോകം കാണാൻ ആഗ്രഹിക്കുന്ന മത്സരമാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി. കഴിഞ്ഞ രണ്ടു തവണയും ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തകർത്ത് കിരീടം സ്വന്തമാക്കാൻ ഇന്ത്യക്കായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഇത്തവണ കൊമ്പുകോർക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഒരു പിങ്ക് ബോൾ ടെസ്റ്റും ഇതിൽ ഉൾപ്പെടും. ഇരുടീമുകളും നേർക്കുനേർ വരുമ്പോഴെല്ലാം വാക് യുദ്ധവും അരങ്ങ് തകർക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഇന്ത്യൻ മുൻനിര ബാറ്റർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ആദ്യം രംഗത്തെത്തിയത് റിക്കി പോണ്ടിങായിരുന്നു. വിരാട് കോഹ്ലിയെപോലെ മോശം ഫോമിലുള്ള ഒരുതാരം മറ്റൊരു ടീമിന്റേയും ടോപ് ഓർഡറിലുണ്ടാകില്ലെന്ന് പോണ്ടിങ് പറഞ്ഞു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ പോണ്ടിങിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം ഓസീസ് ക്രിക്കറ്റിലെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്നും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ തിരിച്ചടിച്ചു. കളത്തിന് പുറത്തെ വെല്ലുവിളികൾക്ക് അവസാനമാകുന്നു. ഇനി എല്ലാ കണ്ണുകളും പെർത്തിലേക്ക്. ഇന്ത്യക്ക് മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം... ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത്. ഇതിനായി ഓസീസ് മണ്ണിൽ 4-0 വിജയം സ്വന്തമാക്കണം. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ടീം ഇന്ത്യ

TAGS :

Next Story