Quantcast

തുടക്കം അടിപൊളി, പിന്നെ പാളി: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

MediaOne Logo

rishad

  • Published:

    19 Jan 2022 4:42 PM GMT

തുടക്കം അടിപൊളി, പിന്നെ പാളി: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

297ന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോഹിച്ച തുടക്കം തന്നെ ലഭിച്ചു. ശിഖർ ധവാനും ലോകേഷ് രാഹുലും മികച്ച രീതിയിൽ തന്നെ നേരിട്ടു. എന്നാൽ ടീം സ്‌കോർ 46ൽ നിൽക്കെ രാഹുൽ വീണെങ്കിലും ഇന്ത്യ പതറിയില്ല. 12 റൺസാണ് രാഹുൽ നേടിയത്. പിന്നാലെ കോഹ്‌ലി എത്തി. രാഹുൽ ഔട്ടായെങ്കിലും ധവാൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കോഹ്‌ലിയും ധവാനും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ധവാൻ വേഗത്തിൽ സ്‌കോർ ഉയർത്തി. ഇന്ത്യ അനായാസ വിജയത്തിലേക്ക് എന്ന് തോന്നിച്ച നിമിഷം.

എന്നാൽ കേശവ് മഹാരാജ്, ധവാനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക ജീവൻ നൽകി. 79 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. അർദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ കോഹ്‌ലിയും(51) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയായി. പിന്നാലെ വന്നവരെല്ലാം വേഗത്തിൽ മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായി. റിഷബ് പന്ത്(16) ശ്രേയസ് അയ്യർ(17) ആദ്യ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യർ(2) എന്നിവർക്കൊന്നും തിളങ്ങാനായില്ല. വാലറ്റത്ത് ശർദുൽ താക്കൂർ(50) പ്രതീക്ഷ നൽകിയെങ്കിലും അത് പോരായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, തബ്രീസ് ഷംസി, പെഹ്ലുക്വായോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. തെംമ്പ ബവുമയുടെയും വാൻ ഡെർ ഡൂസന്റെയും മികച്ച സ്‌കോർ പടുത്തുയർത്തിയത്. 143 പന്തിൽ നിന്ന് 110 റൺസെടുത്ത് ബവുമ പുറത്തായപ്പോൾ 129 റൺസെടുത്ത് ഡൂസൻ പുറത്താകാതെ നിന്നു. 110 റൺസെടുത്താണ് ബുംറയുടെ പന്തിൽ ബവുമ പവലിയനിലേക്ക് മടങ്ങിയത്. എന്നാൽ മറുവശത്ത് പുറത്താകാതെ നിന്ന് വാൻഡെർ ഡൂസൻ തകർത്തടിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും അശ്വിൻ ഒരു വിക്കറ്റും നേടി.

TAGS :

Next Story