Quantcast

ദ്രാവിഡ് ഏഷ്യാകപ്പിനില്ല, പകരം ലക്ഷ്മണ്‍ പരിശീലിപ്പിക്കും

ഏഷ്യാകപ്പിന് വേണ്ടി ഇന്ത്യ യു.എ.യിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Aug 2022 2:37 AM GMT

ദ്രാവിഡ് ഏഷ്യാകപ്പിനില്ല, പകരം ലക്ഷ്മണ്‍ പരിശീലിപ്പിക്കും
X

ഏഷ്യാ കപ്പില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയെ പരിശീലിപ്പിക്കും. മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ലക്ഷ്മണ്‍ ഇടക്കാല പരിശീലകനായി ചുമതലയേറ്റത്. ഈ മാസം 27ന് ആരംഭിക്കാനിരിക്കുന്ന ഏഷ്യാകപ്പിന് വേണ്ടി ഇന്ത്യ യു.എ.യിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ക്കുശേഷം സീനിയര്‍ കളിക്കാര്‍ക്കൊപ്പം ദ്രാവിഡിനും വിശ്രമം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിംബാബ്വെ പര്യടനത്തിലും ലക്ഷ്മണ്‍ ആയിരുന്നു ഇന്ത്യയുടെ പരിശീലകന്‍. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ച വിവരം ബി.സി.സി.ഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

കോവിഡ് ബാധിച്ച രാഹുല്‍ ദ്രാവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടി ടീമിനൊപ്പം തിരിച്ചെത്തുന്നത് വരെ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ചായി തുടരും. അതേസമയം, സിംബാബ്‌വെ പര്യടനത്തില്‍ ലക്ഷ്മണിന് ഒപ്പമുണ്ടായിരുന്ന പരിശീലക സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദ്രാവിഡിന്‍റെ സംഘമായിരിക്കും ലക്ഷ്മണിനൊപ്പം പ്രവര്‍ത്തിക്കുക.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താൻ്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോഹ്‌ലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. ഫോമിലല്ലാത്ത കോഹ്‌ലിക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യാ കപ്പ്.

TAGS :

Next Story