കപ്പ് ഇപ്പോഴല്ലെങ്കിൽ പിന്നെ എന്ന്? ഇനി വേണ്ടത് രണ്ട് ജയങ്ങൾ
594 റൺസോടെ കോഹ്ലിയാണ് ബാറ്റിങ് നിരയെ നയിക്കുന്നത്. അവസാനം ജഡേജ വരെ സ്‌കോർബോർഡ് ഉയർത്താൻ മിടുക്കരാണ്.
മുംബൈ: ആരാലും തോൽപിക്കാനാവാതെ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് വീറോടെ നിൽക്കുകയാണ് ടീം ഇന്ത്യ. രണ്ടേ രണ്ട് വിജയങ്ങൾക്കൂടി നേടിയാൽ 2011ന് ശേഷമുളള കാത്തിരിപ്പിന് വിരാമമാകും. ഇപ്പോഴത്തെ ഫോമിൽ അത് എളുപ്പമാണെന്ന തോന്നൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ 'മുള പൊട്ടിയിട്ടുണ്ട്'.
ഒരു മത്സരവും തോൽക്കാതെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത് മൂന്ന് ടീമുകൾ മാത്രമാണ്. വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും പിന്നെ ആസ്‌ട്രേലിയയും. 1975ലെ പ്രഥമ ലോകകപ്പാണ് എല്ലാ മത്സരവും വിജയിച്ച് വിൻഡീസ് സ്വന്തമാക്കിയത്. 1979ലെ രണ്ടാം ലോകകപ്പിലും നേട്ടം ആവർത്തിച്ചു. 96ലെ ലോകകപ്പിലായിരുന്നു ശ്രീലങ്കയുടെ നേട്ടം. 2003ലും 2007ലും ആസ്‌ട്രേലിയ, ലോകകിരീടം ചൂടിയത് സമ്പൂർണ വിജയത്തോടെയായിരുന്നു. ഇങ്ങനെയൊരു നേട്ടമാണിപ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത്.
ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം മുതൽ നെതർലാൻഡ്‌സിനെതിരായ അവസാന മത്സരം വരെ, സർവമേഘലകളിലും ഇന്ത്യയുടെ മേധാവിത്വമായിരുന്നു. മറ്റൊരു ലോകകപ്പിലും ഇന്ത്യക്ക്, ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോഴേക്ക് ഇത്രയേറെ ആത്മവിശ്വാസം ലഭിച്ചിട്ടില്ല. ഈ ലോകകപ്പിൽ മറ്റൊരു ടീമും സമ്പൂർണ വിജയം സ്വന്തമാക്കിയിട്ടില്ല.
ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ വിറച്ചതൊഴികെ, മറ്റ് എട്ട് മത്സരങ്ങളിലും ഇന്ത്യയെ വെല്ലുവിളിക്കാൻ എതിർ ടീമുകൾക്ക് കഴിഞ്ഞിട്ടില്ല. ബാറ്റിങ് നിര പരാജയപ്പെട്ടാൽ ബൗൡങ് യൂണിറ്റ് രക്ഷക്കെത്തുന്ന സുന്ദര കാഴ്ചയും ഇന്ത്യയുടെ പ്രത്യേകതയാണ്. ഈ രണ്ട് യൂണിറ്റും അവസരത്തിനൊത്ത് ഉയർന്ന് ഇന്ത്യയെ പരാജയപ്പെടുത്താനാവാത്ത സംഘമാക്കി മാറ്റിയിട്ടുണ്ട്.
ആദ്യം കളിച്ച ടീമിൽ നിന്ന് മാറ്റം വന്നതോടെയാണ് ഇന്ത്യയൊന്ന് ഉണർന്നത്. കല്ലുകടിയായി ശർദുൽ താക്കൂറിന്റെ ഫോം നിൽക്കവെയാണ്, ഷമിക്ക് അവസരം ലഭിക്കുന്നതും ടീം വേറൊരു തലത്തിലേക്ക് എത്തുന്നതും. പിന്നാലെ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായെങ്കിലും, അങ്ങനെയൊരു വിടവ് പോലും ഇപ്പോൾ ഇന്ത്യൻ ടീം അറിയുന്നില്ല എന്നതാണ് മിടുക്ക്.
ഓപ്പണിങിൽ രോഹിത് നൽകുന്ന വെടിക്കെട്ട് തുടക്കം തന്നെയാണ് ഇന്ത്യയുടെ മുതൽക്കൂട്ട്. പിന്നെ വരുന്നത് 'ക്ലാസും മാസും' ഒത്തിണങ്ങിയ ബാറ്റർമാർ. പഠിച്ച പതിനെട്ട് അടവ് പയറ്റിയിട്ടും കാര്യമില്ല, സ്‌കോർബോർഡിലേക്ക് എന്തെങ്കിലുമെക്കെ എത്തിക്കാതെ ഇവരെ പവലിയനിലേക്ക് പറഞ്ഞയക്കുക, ബൗളർമാർക്ക് അസാധ്യം.
594 റൺസോടെ കോഹ്ലിയാണ് ബാറ്റിങ് നിരയെ നയിക്കുന്നത്. അവസാനം ജഡേജ വരെ സ്‌കോർബോർഡ് ഉയർത്താൻ മിടുക്കരാണ്. ഒമ്പത് മത്സരങ്ങളിൽ ആറിലും കളിയിലെ താരമായി തെരഞ്ഞെടുത്ത് ബാറ്റർമാരെയാണ്. ലോകേഷ് രാഹുലിൽ തുടങ്ങി ശ്രേയസ് അയ്യരിൽ ആ പട്ടിക അവസാനിക്കുന്നു. രണ്ട് വട്ടമാണ് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കേമൻ പട്ടം കൊണ്ടുപോയത്.
ബൗളിങ് യൂണിറ്റാണ് ഈ ലോകകപ്പിലെ പ്ലസ് പോയിന്റ്. ഇതുവരെ പ്രകടിപ്പിക്കാത്ത ഫോം ആണ് മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും ചേർന്ന് കാഴ്ചവെക്കുന്നത്. എല്ലാ ബൗളർമാർക്കും പത്തിൽ അധികം വിക്കറ്റുകൾ ഉണ്ട്. 17 വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മുന്നിൽ. തൊട്ടുപിന്നാലെ ഷമിയും. ടോപ് 20ൽ ഇന്ത്യയുടെ എല്ലാ ബൗളർമാരും ഉണ്ട് എന്ന് കൂടി അറിയുമ്പോഴാണ് ഈ ടീമിൽ വിശ്വാസം കൂടുന്നത്.
ന്യൂസിലാൻഡാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. നിർണായക മത്സരങ്ങളിൽ ഇന്ത്യയെ വീഴ്ത്തുന്നൊരു ശീലം കിവികൾക്കുണ്ട്. ഈ പതിനൊന്ന് പേരയും പന്ത്രാണ്ടാമന്മാരായ മുംബൈ വാങ്കഡെയിലെ ജനക്കൂട്ടത്തയെും കീഴ്‌പ്പെടുത്തുക എന്നത് ന്യൂസിലാൻഡിന് അസാധ്യമാകും.
Adjust Story Font
16