ഫൈനൽ ശാപം മാറ്റാൻ ഇന്ത്യ, തലമുറകൾ സ്വപ്നം കണ്ട കിരീടത്തിന് ദക്ഷിണാഫ്രിക്ക
ഈ ടൂർണമെൻറിൽ ഇതേ വരെ തോൽവിയറിയാത്ത രണ്ടു ടീമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിരുവരും തന്നെ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ അന്തിമ പേരാട്ടത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കിത് ചരിത്ര ഫൈനലാണ്. അവരുടെ ലെഗസിയും ടീം ലൈനപ്പുമെല്ലാം നോക്കിയാൽ അവരുടെ അലമാരയിൽ എത്രയോ കിരീടങ്ങൾ വന്നണയേണ്ട നേരമായി. പക്ഷേ ഡക്ക് വർത്ത് ലൂയിസും ടൈയും ചോക്കിങ്ങുമെല്ലാം ചേർന്നപ്പോൾ ലോക കായിക ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നിർഭാഗ്യപേരുകളിലൊന്നായി അവർ മാറി. ഒടുവിൽ, എല്ലാത്തിനുമൊടുവിൽ അവരൊരു ഫൈനൽ കളിക്കുന്നു. കെപ്ലർ വെസലിനും ഹാൻസി ക്രോണ്യക്കും ഗ്രെയാം സ്മിത്തിനും എബി ഡിവില്ലിയേഴ്സ്നുമൊന്നും നടത്താനാകാത്തത് സെഞ്ചൂറിയനിൽ നിന്നുള്ള എയ്ഡൻ മാർക്രം സാധ്യമാക്കിയിരുന്നു. ഒടുവിൽ സെമിയെന്ന പർവതനിരകൾ കടന്ന് ദക്ഷിണാഫ്രിക്ക വരുന്നുവെന്നാണ് ഷോൺ പൊള്ളോക്ക് കമൻററിയിൽ പറഞ്ഞത്.
മറ്റൊരു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഒരു ഐസിസി ടൂർൺമെൻറിലും പ്രകടിപ്പിച്ചിട്ടില്ലാത്ത മനോവീര്യം തന്നെയാണ് അവരെ ഫൈനലിലെത്തിച്ചത്. ഈ വരവ് അവർക്കെളുപ്പമായിരുന്നില്ല. ബംഗ്ലദേശിനോട് നാലുറൺസിനും നേപ്പാളിനോട് ഒരു റൺസിനും ഇംഗ്ലണ്ടിനോട് ഏഴുറൺസിനുമാണ് ജയിച്ചുകയറിയത്. വിൻഡീസിനോട് മൂന്നുവിക്കറ്റിനും നെതർലൻഡ്സിനോട് നാലുവിക്കറ്റിനും വിറച്ചുജയിച്ചു. പല തവണ നെഞ്ചിടിച്ചെങ്കിലും ഭാഗ്യമെന്ന് വിളിക്കാവുന്ന മൊമൻറുകൾ ഇക്കുറി അവർക്കനുകൂലമായി വന്നു. ആധികാരിക വിജയമെന്ന് പറയാവുന്നത് സെമിയിൽ അഫ്മാനെതിരെ നേടിയതു മാത്രമാണ്.
കടലാസിൽ ശക്തരായ അവരുടെ ബാറ്റിങ് നിര ഇതേവരെ ഒരു മത്സരത്തിലും പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല. ഡികോക്കും മില്ലറും ചില മിന്നലാട്ടങ്ങൾ നടത്തി. മാർക്രമിനും ക്ലാസനും സ്റ്റബ്സിനുമൊന്നും താളം കണ്ടെത്താനാകുന്നില്ല. ഓപ്പണിങ്ങിൽ റീസ ഹെൻട്രിക്സ് അ േമ്പ പരാജയം. ഇന്ത്യയെപ്പോലെ അമേരിക്കൻ പിച്ചുകളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളത്തിലിറങ്ങിയതെന്നത് ഒരു കാരണമാകാം. പക്ഷേ ഫോമിലല്ലെങ്കിലും ബാറ്റിങ് ലൈനപ്പ് കരുത്തുറ്റതാണ്. എട്ടാമനായ മഹാരാജ് വരെ ബാറ്റേന്തുന്ന നിരയെ ഇന്ത്യ ഭയക്കണം. ഒരിടത്ത് നിന്നൊന്നു കൊളുത്തിയാൽ മാലപ്പടക്കം പോലെ പൊട്ടിത്തീരാവുന്ന ലൈനപ്പാണത്.
ബൗളിങ്ങിൽ യാതൊരു അശങ്കയുമില്ല. ആൻറിച്ച് നോകിയ പതിമൂന്നും കഗിസോ റബാഡ 12ഉം വിക്കറ്റുകൾ നേടി. തബ്രൈസ് ഷംസിയും കേശവ് മഹാരാജും അടക്കമുള്ള സ്പിന്നർമാർ ഇന്ത്യയോട് കിടപിടിക്കാൻ പോന്നവർ.
പക്ഷേ ഈ ലൈനപ്പിനുള്ള മറുമരുന്നുകളെല്ലാം ടീം ഇന്ത്യയുടെ കൈകളിലുണ്ട്. പോയ ഒരു പതിറ്റാണ്ടിലേറെയായി ഐസിസി ടൂർണമെൻറുകളിൽ ഇന്ത്യയോളം കൺസിസ്റ്റൻായി മറ്റൊരു ടീമും പെർഫോം ചെയ്തിട്ടില്ല. 2021 ട്വൻറി 20 ലോകകപ്പ് മാറ്റി നിർത്തിയാൽ മറ്റെല്ലാ ടൂർണമെൻറുകളിലും ഇന്ത്യ ഫൈനലിലോ സെമിയിലോ ഉണ്ടായിരുന്നു. ഓരോ ടൂർണമെൻറിലും കിരീടം നേടിയവരേക്കാൾ ആധികാരിക പ്രകടനം നടത്തിയത് ടീം ഇന്ത്യയാണ്. പക്ഷേ കിരീടത്തിലേക്കുള്ള യാത്രയിൽ സ്വപ്നങ്ങളുടെ നൂൽപ്പാലത്തിൽ എവിടെയോ ഇന്ത്യൻ സംഘത്തിന് വീണ്ടും വീണ്ടും കാലിടറി.
പോയ ട്വൻറി 20 ലോകകപ്പുകളിലെല്ലാം ഇന്ത്യക്ക് പറക്കാൻ ചിറകുകൾ നൽകിയ വിരാട് കോഹ്ലി തെൻറ കരിയറിലെത്തന്നെ ഏറ്റവും മോശം ടൂർണമെൻറിലൂടെ കടന്നുപോകുന്നു. ഐപിഎല്ലിൽ ബെംഗളൂരുവിനായി ഓപ്പണിങ്ങിൽ മിന്നിത്തിളങ്ങുന്നത് കണ്ടാണ് ഇന്ത്യൻ ടീമിലും അതേ പൊസിഷനിൽ കളിപ്പിച്ചത്. എന്നാൽ സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിക്കുേമ്പാൾ കിങ്ങിെൻറ സിംഹാസനമായിരുന്ന മൂന്നാം നമ്പറിൽ നിന്നുള്ള മാറ്റം അയാളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയിരിക്കുന്നു. പകരം മൂന്നാം നമ്പറിലെത്തിയ പന്ത് ഭേദപ്പെട്ട രീതിയിൽ ബാറ്റേന്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കോഹ്ലിയെ മാറ്റിയാൽ അത് ടീമിനെയും അടിമുടി മാറ്റേണ്ടി വരും. ഫൈനലിൽ യശസ്വി ജയ്സ്വാളിനെ ഓപ്പണിങ്ങിൽ പ്രതിഷ്ഠിച്ച് കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് മാറ്റുമെന്ന കരക്കമ്പികളുണ്ടെങ്കിലും വിന്നിങ് കോമ്പിനേഷനെ മാറ്റുകയെന്ന കൈപൊളളുന്ന തീരുമാനത്തിന് ക്യാപ്റ്റനും കോച്ചും തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണണം. നിർണായക മത്സരങ്ങളിൽ രോഹിത് വിേൻറജ് ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
ഐപിഎല്ലിൽ തനിക്ക് നേരെയുയർന്ന കൂക്കിവിളികളെയെല്ലാം പൂമാലയാക്കി ഉദിച്ചുപൊന്തിയ ഹാർദിക് പാണ്ഡ്യയും ഫോമിനെക്കുറിച്ചുള്ള സംശയങ്ങളെയെല്ലാം അടിച്ചുപറത്തിയ സൂര്യകുമാർ യാദവും മധ്യനിരയെ കരുത്തുറ്റതാക്കുന്നു. നനഞ്ഞ പടക്കമാണെങ്കിലും വിന്നിങ് കോമ്പിനേഷെൻറ ആനുകൂല്യത്തിൽ ദുബെ രക്ഷപ്പെട്ട് പോകുന്നു. ജദേജയും അക്സർ പട്ടേലും ഒന്നിച്ചുകളിക്കണോ എന്ന ചോദ്യം പലകുറി ഉയർന്നെങ്കിലും ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങുമെല്ലാം ചേർന്ന കംപ്ലീറ്റ് ഓൾറൗണ്ടർമാരിൽ ഇന്ത്യ വിശ്വസിക്കുന്നു. സ്പിന്നിനെ തുണക്കുന്ന പിച്ചുകളിൽ കുൽദീപിെൻറ ചൈനാമാൻ സ്പിന്നിലും പ്രതീക്ഷയുണ്ട്. പേസ് ഡിപ്പാർട്മെൻറിലേക്ക് വന്നാൽ ബുംറയുടെ നാലോവർ ഇന്ത്യക്ക് ഷുവർ ബെറ്റാണ്. കൂടെയുള്ള അർഷ്ദീപ് വിക്കറ്റുകളുമെടുക്കുന്നു. പാകിസ്താനെതിരായ മത്സരത്തിൽ അവിശ്വസനീയമായി പൊരുതിജയിച്ചതിന് ശേഷം പിന്നീടങ്ങോട്ട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വിന്നിട്ടില്ല. എല്ലാം കൊണ്ടും ഇന്ത്യക്കനുകൂലമായ കാലാവസ്ഥ വന്നുചേർന്നിരിക്കുന്നു. ക്രിക്കറ്റ് ആരാധകർക്ക് അതിമനോഹര ഓർമകൾ നൽകിയ വിരാടും രോഹിതും ബുംറയുമടക്കമുള്ള സുവർണപുത്രമാൻ ഒരുകീരീടം അർഹിക്കുന്നുണ്ട്. എല്ലാം ഒത്തുവന്നൊരു വർഷം നിറകണ്ണുകളോടെ മടങ്ങാൻ ദക്ഷിണാഫ്രിക്കക്കും വയ്യ. അന്തിമ നിമിഷത്തിൽ കിരീടത്തിൽ ഏതു ടീം ചുംബിച്ചാലും അതൊരു വൈകാരിക നിമിഷമാകും. ഉറപ്പ്.
Adjust Story Font
16