Quantcast

പെർത്തിൽ ഇന്ത്യൻ വീരഗാഥ; 295 റൺസിന്റെ കൂറ്റൻ വിജയം

MediaOne Logo

Sports Desk

  • Updated:

    2024-11-25 08:06:14.0

Published:

25 Nov 2024 8:04 AM GMT

പെർത്തിൽ ഇന്ത്യൻ വീരഗാഥ; 295 റൺസിന്റെ കൂറ്റൻ വിജയം
X

സിഡ്നി: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ. കൃത്യതയാർന്ന പന്തുകളുമായി കളം നിറഞ്ഞ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കംഗാരുക്കൾ മുട്ടുമടക്കി.

പെർത്തിൽ നടന്ന മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യൻ വിജയം. 12 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് നാലാംദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റർമാർക്ക് നാലാംദിനവും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യക്കായി പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീതമെടുത്തു.

വിജയത്തിലേക്ക് 534 റൺസ് പിന്തുടർന്നിറങ്ങിയ ഓസീസിന് മൂന്നാം ദിനം തന്നെ മൂന്നുവിക്കറ്റുകൾ നഷ്ടമായിരുന്നു. നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 4 റൺസെടുത്ത ഉസ്മാൻ ഖ്വാജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ 17 റൺസുമായി സ്റ്റീവ് സ്മിത്തും മടങ്ങി. 79ന് അഞ്ച് എന്ന നിലയിൽ പരുങ്ങിയ ഓസീസിന് ട്രാവിസ് ഹെഡ്- മിച്ചൽ മാർഷ് കൂട്ടുകെട്ട് ആയുസ്സ് നീട്ടിനൽകി. എന്നാൽ വ്യക്തിഗത സ്കോർ 89ൽ നിൽക്കേ ഹെഡിനെ ബുംറ മടക്കി. തുടർന്ന് മത്സരം അവസാനിപ്പി​ക്കേണ്ട ചുമതലകൾ മാത്രമേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. മിച്ചൽ മാർഷ് (47)ഉം അലക്സ് ക്യാരി (36)ഉം റൺസെടുത്തു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഓസീസ് വെറും 104 റൺസിന് പുറത്തായത് ഇന്ത്യയെ മത്സരത്തിൽ മുന്നിലെത്തിച്ചു. അഞ്ച് വിക്കറ്റ് നേടിയ ബുംറയാണ് ആദ്യ ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ലീഡുമായ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് 487 റൺസാണ് ഉയർത്തിയത്. 161 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 100 റൺസെടുത്ത വിരാട് കോഹ്‍ലി, 77 റൺസെടുത്ത കെ.എൽ രാഹുൽ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യക്ക് തുണയായത്.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ ആറ് മുതൽ അഡലൈഡ് ഓവലിൽ അരങ്ങേറും.

TAGS :

Next Story