അയ്യരാട്ടം; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
തകര്‍പ്പന്‍ സെഞ്ച്വറിയുമായി ശ്രേയസ് അയ്യരും അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷനും കത്തിക്കയറിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം
റാഞ്ചി: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ശ്രേയസ് അയ്യരും അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷനും കത്തിക്കയറിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മിന്നും ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയ ലക്ഷ്യം ഇന്ത്യ നാലോവര്‍ ബാക്കി നിൽക്കേ മറികടന്നു. അയ്യർ 111 പന്തിൽ 15 ഫോറുകളുടെ അകമ്പടിയിൽ 113 റൺസെടുത്ത് പുറത്താവാതെ നിന്നു. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വീണ ഇഷാന്‍ കിഷന്‍ 84 പന്തിലാണ് 93 റണ്‍സ് എടുത്തത്.
279 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 40 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്നീടൊരുമിച്ച ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 209 ല്‍ നില്‍ക്കേ കിഷാന്‍ പുറത്തായി. പിന്നീടെത്തിയ സഞ്ജു സാംസണെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ വിജയതീരമണച്ചു. സഞ്ജു 30 റണ്‍സെടുത്തു പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്‍റേയും റീസ ഹെൻഡ്രിക്സിന്‍റേയും മികവിലാണ് ദക്ഷിണാഫ്രിക്ക ഭേധപ്പെട്ട സ്‌കോർ പടുത്തുയര്‍ത്തിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് വെറും 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒഴികെ മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡീക്കോക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഒമ്പതാം ഓവറിൽ ജാന്നേമൻ മലനെ പുറത്താക്കി ഷഹബാസ് അഹ്‌മദ് ദക്ഷിണാഫ്രിക്കക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്‍റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷഹബാസ് അഹ്‌മദിന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു അത്.
മലൻ വീണതിന് ശേഷം ക്രീസിൽ ഒന്നിച്ച ഹെൻഡ്രിക്‌സും മാർക്രവും ചേർന്ന് പിന്നീട് നടത്തിയ രക്ഷാപ്രവർത്തനമാണ് ദക്ഷിണാഫ്രിക്കക്ക് ഭേധപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാർക്രം 89 പന്തില്‍ 79 റൺസ് അടിച്ചപ്പോൾ ഹെൻഡ്രിക്‌സ് 76 പന്തിൽ 74 റൺസ് കുറിച്ചു. ഹെൻഡ്രിച്ച് ക്ലാസന്‍ 30 റൺസെടുത്ത് പുറത്തായപ്പോള്‍ ഡോവിഡ് മില്ലര്‍ 35 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു.
Adjust Story Font
16