Quantcast

ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്; പരമ്പരക്കായി വിൻഡീസെത്തി

കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്നു ഏകദിനങ്ങൾ അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലുമാണ് നടക്കുക

MediaOne Logo

Sports Desk

  • Updated:

    2022-02-02 12:46:13.0

Published:

2 Feb 2022 12:43 PM GMT

ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്; പരമ്പരക്കായി വിൻഡീസെത്തി
X

ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്.

അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്‌പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങളും കട്ടക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടി20 മത്സരങ്ങളും നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് ഏകദിനം അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലും നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ടി20 പരമ്പരയിൽ 75 ശതമാനം കാണികൾക്ക് പ്രവേശനം നൽകുമെന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-വിൻഡിസ് പരമ്പരയിലെ മൂന്ന് ടി 20 മത്സരങ്ങളും ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. ഇൻഡോർ, ഔട്ട്ഡോർ കായിക മത്സരങ്ങൾക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ സർക്കാർ തിങ്കളാഴ്ച അനുവാദം നൽകിയിരുന്നു. ഇതോടെ ഈഡൻ ഗാർഡനിൽ 50,000ത്തോളം കാണികൾക്ക് പ്രവേശനം ലഭിക്കും. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് തരംഗം ഇന്ത്യയിൽ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്.

ഇന്ത്യയിലെ പരമ്പരക്കായി കെമർറോച്ച്, എക്രുമാ ബോന്നെർ എന്നിവരെ വെസ്റ്റിൻഡീസ് തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫാബിയൻ അലെൻ, ഡാരൺ ബ്രാവേ, ഷർമാ ബ്രൂക്‌സ്, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീൽ ഹൊസൈൻ, അൽസരി ജോസഫ്, ബ്രാൻഡൻ കിംഗ്, നികോളാസ് പൂരാൻ, റൊമാരിയോ ഷെപേർഡ്, ഒഡിയൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ എന്നിവരും പൊള്ളാർഡിന്റെ സംഘത്തിലുണ്ട്.

അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ഇന്ത്യൻടീം ബയോബബ്ൾ സുരക്ഷയിലേക്ക് മാറിയിരിക്കുകയാണ്. രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്. ആ പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കോവിഡിന്റെ പശ്ചാതലത്തിൽ ഇന്ത്യ-വിൻഡീസ് പരമ്പരയുടെ വേദി അഹമ്മദാബാദിൽ മാത്രമായി ചുരുക്കുകയായിരുന്നു. കൊൽക്കത്തയിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന് പിന്നാലെയാണ് വിൻഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവർ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

India's 1000th ODI will be played on February 6 Against West indies

TAGS :

Next Story