Quantcast

ഇന്ത്യ ഇന്നിറങ്ങുന്നത് 200ാം ടി20ക്ക്; ഈ നേട്ടം കൈവരിച്ചത് ഒരു ടീം മാത്രം...

കോഹ്‌ലിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 റൺവേട്ടക്കാരൻ, കൂടുതൽ സെഞ്ച്വറി രോഹിതിന്‌

MediaOne Logo

Sports Desk

  • Published:

    3 Aug 2023 10:25 AM GMT

Indias 200th T20 match will be played in West Indies today
X

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരെയുള്ള ടി 20 പരമ്പര ഇന്ന് തുടങ്ങുന്നതോടെ ഇന്ത്യ കളിക്കുന്നത് 200ാം ടി മത്സരം. ഇതിന് മുമ്പ് പാകിസ്താൻ മാത്രമാണ് ഇത്രയും ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

2006ൽ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗാണ് ടീം ഇന്ത്യയെ ആദ്യ ടി20യിൽ നയിച്ചത്. 50-ാം ടി20യിൽ ക്യാപ്റ്റൻ കൂൾ എം.എസ് ധോണി (2014) യും 100-ാം ടി 20യിൽ സൂപ്പർ താരം വിരാട് കോഹ്‌ലി (2018) യും ഇന്ത്യൻ പടയുടെ അമരത്ത് നിന്നു. 150-ാം ടി 20യിലും വിരാട് കോഹ്‌ലി (2021)യായിരുന്നു നായകൻ. 200-ാം ടി 20 ഇന്ന് നടക്കാനിരിക്കെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയാണുള്ളത്.

ആദ്യ ടി 20യിൽ ഇന്ത്യ ആറു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ഒരു പന്ത് മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ മറികടന്നത്. നൂറാം മത്സരത്തിൽ രോഹിത് ശർമയുടെ 97 റൺസ് നേട്ടത്തിന്റെ മികവിൽ അയർലാൻഡിനെ ടീം 76 റൺസിന് തോൽപ്പിച്ചു.

ടി 20 മത്സരങ്ങളുടെ വഴിദൂരം

2006 മുതൽ 2018 വരെയായി 4226 ദിവസം കൊണ്ടാണ് ഇന്ത്യൻ ടീം ആദ്യ 100 ടി 20 മത്സരങ്ങൾ കളിച്ചത്. എന്നാൽ 2018 മുതൽ 2023 വരെയായി 1863 ദിവസങ്ങളിലാണ് രണ്ടാമത്തെ നൂറു മത്സരങ്ങൾ കളിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ടി20 റെക്കോർഡുള്ളത്. 91.66 ആണ് വിജയ ശരാശരി. 12 മത്സരങ്ങളിൽ ഒന്നിൽ മാത്രം ബംഗ്ലാകടുവകൾ വിജയിച്ചത്.

പാകിസ്താനെതിരെ 12 മത്സരങ്ങൾ കളിച്ച ഇന്ത്യ ഒമ്പതെണ്ണത്തിൽ അയൽവാസികളെ കെട്ടുകെട്ടിച്ചു. 2007 ടി20 ലോകകപ്പിലെ ബോൾ ഔട്ട് വിജയമടക്കമാണിത്. എന്നാൽ മൂന്നു മത്സരങ്ങളിൽ അവർക്ക് മുമ്പിൽ കീഴടങ്ങി.

2017 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 260റൺസാണ് ടീം ഇന്ത്യയുടെ ഏറ്റവുമുയർന്ന ടി20 സ്‌കോർ. 2008ൽ മെൽബണിൽ അതേ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 74 റൺസാണ് ഏറ്റവും ചെറിയ സ്‌കോർ.

വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 റൺവേട്ടക്കാരൻ. 115 മത്സരങ്ങളിൽ നിന്നായി 4008 റൺസാണ് കിംഗ് കോഹ്‌ലിയുടെ സംഭാവന. 91 വിക്കറ്റുകൾ പിഴുതെടുത്ത യുസ്‌വേന്ദ്ര ചഹലാണ് മികച്ച ഇന്ത്യൻ ടി20 ബൗളർ. 2023 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വെച്ച് ന്യൂസിലാൻഡിനെതിരെ ശുഭ്മാൻ ഗിൽ പുറത്താകാതെ നേടിയ 126 റൺസാണ് ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന ടി20 വ്യക്തിഗത സ്‌കോർ. നാലു സെഞ്ച്വറികൾ നേടിയ രോഹിത് ശർമയാണ് സെഞ്ച്വറി നേട്ടക്കാരിൽ മുമ്പിലുള്ളത്. എന്നാൽ 37 അർധസെഞ്ച്വറിയുമായി കോഹ്‌ലി വേറിട്ടുനിൽക്കുന്നു.

2019 നവംബറിൽ ബംഗ്ലാദേശിനെതിരെ ദീപക് ചഹർ നേടിയ 6/7 ആണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇന്ത്യൻ ബൗളർമാരിൽ നിന്ന് യുസ്‌വേന്ദ്ര ചഹലും അന്താരാഷ്ട്ര ടി20യിൽ ആറു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 148 മത്സരങ്ങളിൽ നിന്ന് 58 ക്യാച്ച് നേടിയ രോഹിത് ശർമക്കാണ് ആ ഗണത്തിൽ റെക്കോർഡുള്ളത്.

2007ലെ ആദ്യ ടി20 ലോകകപ്പിൽ ധോണിപ്പട ജേതാക്കളായ ശേഷം 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കപ്പെട്ടുവരികയാണ്. എന്നാൽ ആദ്യ നേട്ടത്തിന് ശേഷം ടി20 ലോകകപ്പുയർത്താൻ ടീം ഇന്ത്യയ്ക്കായിട്ടില്ല.

വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ടി ട്വൻറി പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശർമയും വീരാട് കോഹ്ലിയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്‌സ്വാൾ ഇന്ന് ടി ട്വൻറിയിൽ അരങ്ങേറ്റം കുറിച്ചേക്കും.

മികച്ച ഫോമിലുള്ള ഗില്ലും ഇഷാൻ കിഷനും ഒരിക്കൽക്കൂടി ഓപ്പണിങ്ങിറങ്ങുമ്പോൾ ഇന്ത്യൻ ടീമിന് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ നിക്കോളാസ് പൂരന്റെ തിരിച്ചുവരവിന്റെ കരുത്തിലാണ് വെസ്റ്റിൻഡീസ്. ഓൾറൗണ്ടർമാരായ ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ എന്നിവരും വിൻഡീസ് ടീമിന് കരുത്തേകും.

India's 200th T20 match will be played in West Indies today

TAGS :

Next Story