പണം വാരി പൂരനും ഗ്രീനും; പത്ത് കോടിക്ക് മുകളില്‍ കൊയ്തത് അഞ്ച് താരങ്ങള്‍
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള താരമായി സാം കറൻ
കൊച്ചി: കൊച്ചിയിൽ ഐ.പി.എൽ താരലേലം പുരോഗമിക്കുമ്പോൾ പണം വാരി സൂപ്പർ താരങ്ങൾ. അഞ്ച് താരങ്ങളെ പത്ത് കോടിയിലധികം രൂപക്ക് ടീമുകൾ വിളിച്ചെടുത്തു. ഐപിൽ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറൻ മാറി. 18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്നതുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സുമാണ് ലേലത്തിൽ കൂടുതൽ വില ലഭിച്ച മറ്റു താരങ്ങള്‍. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരനെ 16 കോടിക്ക് ലക്നൌ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു.
ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ സൺറൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 8.25 കോടിക്കാണ് താരത്തെ ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസിലാന്റ് ക്യാപ്റ്റനും മുൻ സൺ റൈസേഴ്‌സ് നായകനുമായ കെയിൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സ്വന്തമാക്കി.
വിൻഡീസ് താരം ജേസൺ ഹോൾഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാനവില. ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്‌വെൻ ഓൾ റൗണ്ടർ സിക്കന്ദർ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു.
Adjust Story Font
16