ശ്രേയസ് അയ്യരെ ഒഴിവാക്കാൻ കൊൽക്കത്ത;ഐ.പി.എല്ലിൽ നിലനിർത്തുന്ന താരങ്ങളെ നാളെ അറിയാം
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
ആരു നിൽക്കും ആരു പോകും... കാത്തിരിപ്പിന് വിരാമമാകുന്നു. ഐ.പി.എൽ മെഗാലേലത്തിന് മുൻപ് ഓരോ ഫ്രാഞ്ചൈസിയും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള ഡെഡ്‌ലൈൻ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. പ്രധാന താരങ്ങളെ പിടിച്ചുനിർത്താൻ ഫ്രാഞ്ചൈസികൾ അവസാനഘട്ട ശ്രമം നടത്തുമ്പോൾ നായകനെയടക്കം മാറ്റി അടിമുടി പൊളിച്ചെഴുത്തിന് ശ്രമിക്കുന്ന ടീമുകളുമുണ്ട്. ഇതുവരെ ഒരു ടീമും നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും കളംമാറാനുറച്ച് താരങ്ങളുടെ നീണ്ടനിരയാണ് പുറത്തുവരുന്നത്.
നിലവിലെ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അപ്രതീക്ഷിത നീക്കത്തിന് ഒരുങ്ങുന്നത്. കിരീടത്തിലെത്തിച്ച നായകൻ ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി കൈയ്യൊഴിയുകയാണെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. 18 കോടി നൽകി താരത്തെ നിലനിർത്തേണ്ടതില്ലെന്നാണ് കെ.കെ.ആർ തീരുമാനം. ശ്രേയസിന് പുറമെ വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസലിനേയും റെക്കോർഡ് തുക മുടക്കി കഴിഞ്ഞ സീസണിൽ എത്തിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനേയും ലേലത്തിൽ വിടാനാണ് തീരുമാനം. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം നടത്തിയ സുനിൽ നരേൻ, ഫിനിഷർ റിങ്കു സിങ്, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരെ റീട്ടെയിൻ ചെയ്യാനാണ് കൊൽക്കത്ത ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുലിന്റെ കൂടുമാറ്റം ഇതിനോടകം ഉറപ്പായതാണ്. വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെയാണ് എൽ.എസ്.ജി നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 18 കോടി മുടക്കി വിൻഡീസ് വിക്കറ്റ് കീപ്പറെ ഫ്രാഞ്ചൈസി റീട്ടെയിൻ ചെയ്യും. ഇതിന് പുറമെ യങ് പേസർ മയങ്ക് യാദവ്, സ്പിന്നർ രവി ബഹിഷ്‌ണോ എന്നിവരേയും നിലനിർത്തിയേക്കും. പുതിയ നിയമമനുസരിച്ച് ആറ് താരങ്ങളെയാണ് ഒരു ടീമിന് പരമാവധി നിലനിർത്താൻ കഴിയുക. റിട്ടെയിൻ ചെയ്യാവുന്ന പരമാവധി ക്യാപ്ഡ് താരങ്ങൾ അഞ്ചും അൺക്യാപ്ഡ് രണ്ടുമാണ്.
ഏറ്റവും വലിയ സസ്‌പെൻസ് മുംബൈ ഇന്ത്യൻസ് ക്യാമ്പിലാണ്. എന്തായിരിക്കും രോഹിത് ശർമയുടെ മനസിൽ. ഫ്രാഞ്ചൈസിക്കൊപ്പം തുടരമോ അതോ ടീം വിടാനുള്ള നിർണായക തീരുമാനം ഹിറ്റ്മാൻ കൈകൊള്ളുമോ...ഏതായാലും രോഹിതിനെ കൈകൊഴിയാൻ മുംബൈ ഒരുക്കമല്ലെന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യത്തിലും നാളെ വൈകീട്ടോടെ വ്യക്തതവരും. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരും മുംബൈയുടെ പരിഗണനാലിസ്റ്റിലുള്ള താരങ്ങളാണ്. അൺക്യാപ്ഡ് പ്ലെയറായി നേഹൽ വധേരയെയാകും നിലനിർത്തുക.
അടുത്ത സീസണിലും താനുണ്ടാകുമെന്ന സൂചന നൽകി ചെന്നൈ സൂപ്പർകിങ്‌സ് മുൻ ക്യാപ്റ്റൻ എം.എസ് ധോണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതോടെ തല ആരാധകരും ആവേശകൊടുമുടിയിലാണ്. കായികക്ഷമത കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിയുന്നുണ്ടെന്നും കുറച്ച് വർഷങ്ങൾക്കൂടി ആസ്വദിക്കാൻ കഴിയാവുന്ന അത്ര ക്രിക്കറ്റ് കളിക്കണമെന്നാണ് കരുതുന്നതെന്നും എം.എസ്.ഡി സ്വകാര്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ അൺക്യാപ്ഡ് പ്ലെയർ കാറ്റഗറിയിൽ മുൻ നായകനെ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്‌സിനാകും. നിലനിർത്തുന്ന താരങ്ങളെ സംബന്ധിച്ച നിർണായക സൂചനയും കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ ഫ്രാഞ്ചൈസി നൽകിയിരുന്നു. അഞ്ച് താരങ്ങളെ പ്രതിനിധീകരിച്ച് ഇമോജികളാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. ആരാധകർ അന്വേഷിക്കുന്ന താരങ്ങളുടെ പേരുകൾ ഇതിലുണ്ടെന്നും ക്യാപ്ഷൻ നൽകി. പിന്നാലെ താരങ്ങളുടെ പേരും ഇമോജികളുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ. എം എസ് ധോണിക്ക് പുറമെ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര, ശിവം ദുബെ, ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ എന്നീ പേരുകളാണ് ആരാധകർ കൂടുതലായും പറയുന്നത്. ഇതിന് പുറമെ ശ്രീലങ്കൻ പേസർ മതീഷ പതിരാണയേയും ഫ്രാഞ്ചൈസി നിലനിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഐപിഎൽ പ്രഥമസീസൺ മുതൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അടിയുറച്ചുനിന്ന വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ ഇത്തവണയും സംശയത്തിന് ഇടമില്ല. എന്നാൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് ഒരവസരം കൂടി നൽകില്ലെന്ന് ഉറപ്പാണ്. ഇതോടെ കോഹ്‌ലിക്ക് പുറമെ മറ്റാരൊക്കെയാകും ആർസിബിയുടെ ലിസ്റ്റിൽ ഇടംപിടിക്കുകയെന്നാണ് അറിയേണ്ടത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് വിൽജാക്‌സിനേയും കാമറൂൺ ഗ്രീനിനേയുമാകും ആർസിബി നിലനിർത്തുക. പേസർ മുഹമ്മദ് സിറാജും കഴിഞ്ഞ സീസണിൽ ഇംപാക്ടുണ്ടാക്കിയ യാഷ് ദയാലും തുടരും. കഴിഞ്ഞ സീസണിൽ ഫോമിലെത്താതിരുന്ന ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഒഴിവാക്കാനും ലഖ്‌നൗ വിട്ടുവരുന്ന കെ.എൽ രാഹുലിനെ കൂടാരത്തിലെത്തിക്കാനും ആർ.സി.ബിക്ക് പദ്ധതിയുണ്ട്.
ഡൽഹി ക്യാപിറ്റൽസിൽ നിലനിർത്തുന്നവരിൽ പ്രഥമ പരിഗണന ഋഷഭ് പന്തിന് തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും റിസ്‌കെടുക്കാൻ ഫ്രാഞ്ചൈസി തയാറായേക്കില്ലെന്നാണ് അവസാനം പുറത്തുവരുന്ന വിവരം. പന്തിന് പുറമെ അക്‌സർ പട്ടേൽ,കുൽദീപ് യാദവ്, ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരെയും ഡിസി റീട്ടെയിൻ ചെയ്‌തേക്കും. ഹെന്റിക് ക്ലാസനായിരിക്കും സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ക്യാപ്റ്റനായി ഓസീസ് താരം പാറ്റ് കമ്മിൻസ് നിലനിർത്തുമ്പോൾ, ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയേയും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയേയും ഓറഞ്ച് ആർമി ലേലത്തിലേക്ക് വിടാതിരിക്കാൻ ശ്രദ്ധിക്കും. ട്രാവിസ് ഹെഡ്ഡി നേയും എസ്.ആർ.എച്ച് നിലനിർത്തും
മലയാളി താരം സഞ്ജു സാംസൺ വീണ്ടും രാജസ്ഥാൻ റോയൽസ് നായകസ്ഥാനത്ത് തുടരും. യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, യുസ്വേന്ദ്ര ചഹൽ എന്നിവരും ആർആർ പട്ടികയിൽ ഇടംപിടിക്കും. ജോസ് ബട്ട്ലറിനെ നിലനിർത്താനുള്ള ശ്രമങ്ങളും ടീം നടത്തിവരുന്നു. യുവതാരങ്ങളെ മാത്രം നിലനിർത്തിക്കൊണ്ട് പുതിയ ടീം വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനുള്ളത്. അർഷദീപ് സിങ്, ശശാങ്ക് സിങ്, അഷുതോഷ് ശർമ എന്നിവരെയാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ഒരിക്കൽകൂടി ശുഭ്മാൻ ഗില്ലിൽ വിശ്വാസമർപ്പിക്കാനാണ് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത്. റാഷിദ് ഖാൻ, സായ് സുദർശൻ എന്നിവരും ജി.ഡി ജഴ്‌സിയിൽ തുടർന്നും കളിക്കുമെന്നാണ് റിപ്പോർട്ട്.
Adjust Story Font
16