Quantcast

24.75 കോടിയുടെ ചെണ്ടയോ; അടി വാങ്ങിയ സ്റ്റാർക്കിനെ ട്രോളി ആരാധകർ

സന്നാഹ മത്സരത്തിൽ റിങ്കു സിങും മനീഷ് പാണ്ഡ്യെയും സ്റ്റാർക്കിനെ സിക്‌സർ പറത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

MediaOne Logo

Sports Desk

  • Published:

    24 March 2024 9:52 AM GMT

24.75 കോടിയുടെ ചെണ്ടയോ; അടി വാങ്ങിയ സ്റ്റാർക്കിനെ ട്രോളി ആരാധകർ
X

കൊൽക്കത്ത: ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയായ 24.75 കോടി നൽകി ആസ്‌ത്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊണ്ടുവരുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ പ്രതീക്ഷകൾ വാനോളമായിരുന്നു. ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടഞ്ഞു നിർത്തുക, നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്തുക. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഇതോടെ ആരാധകർ സ്റ്റാർക്കിനൊരു പേരും നൽകി. 24.75 കോടിയുടെ ചെണ്ട.

2015ന് ശേഷം ഐപിഎലിലേക്ക് തിരിച്ചെത്തിയ 30 കാരന് ഈഡൻ ഗാർഡനിൽ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ നാലോവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 53 റൺസാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഐപിഎൽ കരിയറിൽ ആദ്യമായാണ് താരം 50 ലേറെ റൺസ് വഴങ്ങുന്നത്. 19ാം ഓവറിൽ വാങ്ങികൂട്ടിയത് നാല് സിക്‌സ് അടക്കം 26 റൺസ്. അതിൽ മൂന്നെണ്ണം ഹെൻറിക് ക്ലാസന്റെ വകയെങ്കിൽ ഒരെണ്ണം ഷഹബാസ് അഹമ്മദാണ് പറത്തിയത്. ആദ്യ ഓവറിൽ 12 ഉം രണ്ടാം ഓവറിൽ 10 ഉം റൺസ് വഴങ്ങിയ സ്റ്റാർക്ക് നിർണായക പതിനാറാം ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് പ്രതീക്ഷ കാത്തു. എന്നാൽ 19ാം ഓവറിൽ എല്ലാം മാറി മറിയുകയായിരുന്നു. അവസാന രണ്ടോവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടത് 39 റൺസ്. പത്തൊമ്പതാം ഓവറിൽ 26 റൺസ് വഴങ്ങിയതോടെ കളി കൊൽക്കത്ത കൈവിട്ടുവെന്ന് തോന്നിച്ച അവസ്ഥ. 20ാം ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടത് 13 റൺസ് മാത്രം. എന്നാൽ നിർണായക ഓവർ എറിഞ്ഞ യുവ പേസർ ഹർഷിത് റാണ കൊൽക്കത്തയുടെ വിജയ ശിൽപിയാകുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ ഓസീസ് താരത്തിന്റെ മോശം പ്രകടനത്തിലെ തിരിച്ചടിയിൽ നിന്ന് ടീമിനെ രക്ഷിച്ചു.

ആദ്യ കളിയിൽ തന്നെ അടിവാങ്ങിയ സ്റ്റാർക്ക് സമൂഹ മാധ്യമങ്ങളിലും കടുത്ത വിമർശനമാണ് നേരിട്ടത്. നേരത്തെ സന്നാഹ മത്സരത്തിൽ റിങ്കു സിങും മനീഷ് പാണ്ഡ്യെയും സ്റ്റാർക്കിനെ സിക്‌സർ പറത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് ടീമുകളിലായി പിരിഞ്ഞ് നടത്തിയ മത്സരത്തിൽ നാല് ഓവറുകളിൽ ഓസീസ് താരം വഴങ്ങിയത് 40 റൺസായിരുന്നു.

2014,15 സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിച്ച സ്റ്റാർക്കിനെ 2018 സീസണിൽ കൊൽക്കത്ത ലേലത്തിൽ വാങ്ങിയെങ്കിലും പരിക്ക് കാരണം ഒരുമത്സരംപോലും കളിച്ചിരുന്നില്ല. പിന്നീടുള്ള താരലേലത്തിൽ സ്റ്റാർക്ക് പങ്കെടുത്തതുമില്ല. ഈഡൻ ഗാർഡൻ ത്രില്ലറിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണെടുത്തത്. മറുപടി ബാറ്റിങിൽ സൺറൈസേഴ്‌സിന്റെ പോരാട്ടം 204ൽ അവസാനിച്ചതോടെ കെകെആർ നാല് റൺസിന്റെ ത്രില്ലർ ജയം സ്വന്തമാക്കുകയായിരുന്നു.

TAGS :

Next Story