Quantcast

വാർണറിന്റെ അര്‍ധ സെഞ്ച്വറി പാഴായി; ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 16 റൺസ് വിജയം

തുടക്കത്തിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകർത്തടിച്ച ഡേവിഡ് വാർണർ ഡൽഹിക്ക് മികച്ച തുടക്കം നൽകി.

MediaOne Logo

Web Desk

  • Updated:

    2022-04-16 18:11:50.0

Published:

16 April 2022 6:05 PM GMT

വാർണറിന്റെ അര്‍ധ സെഞ്ച്വറി പാഴായി; ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 16 റൺസ് വിജയം
X

ഐപിഎല്ലിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 16 റൺസ് വിജയം. ബാംഗ്ലൂർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു.

തുടക്കത്തിൽ തന്നെ 16 റൺസുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകർത്തടിച്ച ഡേവിഡ് വാർണർ ഡൽഹിക്ക് മികച്ച തുടക്കം നൽകി. 38 പന്തിൽ 66 റൺസ് നേടിയ വാർണറിന്റെ ഇന്നിങ്‌സിൽ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാർണർ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ മാർഷും (14) പുറത്തേക്ക്.

പിന്നാലെ വന്ന റിഷഭ് പന്തിനൊഴികെ (17 പന്തിൽ 34) മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ഡൽഹി തോൽവിയിലേക്ക് നീങ്ങുകയായിരുന്നു. റോവ്മാൻ പവൽ (0), ലളിത് യാദവ് (1) എന്നിവർ പൊരുതാൻ പോലും നിൽക്കാതെ കൂടാരം കയറി. ഇടക്ക് രണ്ട് സിക്‌സറുമായി 17 റൺസുമായി ശാർദുൽ താക്കൂർ പ്രതീക്ഷ നൽകിയെങ്കിലും അധികം നീണ്ടില്ല. പത്ത് റൺസുമായി അക്‌സർ പട്ടേലും കുൽദീപ് യാദവും പുറത്താകാതെ നിന്നു.

ബാംഗ്ലൂരിന് വേണ്ടി ഹെയ്‌സൽവുഡ് 3 വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും ഹസരങ്ക ഒരു വിക്കറ്റും നേടി.

നേരത്തെ ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് ബാംഗ്ലൂർ ഈ സ്‌കോർ പടുത്തുയർത്തിയത്.

ഈ സീസണിൽ ദിനേശ് കാർത്തിക്കിന്റെ വിളയാട്ടമാണ് ഐപിഎൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് ഇന്ന് ഡൽഹിക്കെതിരെ പുറത്തെടുത്ത ഇന്നിങ്സ്.

രണ്ടാം ഓവറിൽ സംപൂജ്യനായി അനുജ് റാവത്തും തൊട്ടടുത്ത ഓവറിൽ ഫാഫ് ഡുപ്ലെസി എട്ട് റൺസുമായി മടങ്ങിയതോടെ ബാംഗ്ലൂർ ആദ്യം തന്നെ പകച്ചു നിന്നുപോയി. തൊട്ടുപിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലി റൺ ഔട്ടായതോട് കൂടി ബാംഗ്ലൂർ തീർത്തും പ്രതിരോധത്തിലായി. പക്ഷേ അവിടെ ഗ്ലെൻ മാക്സ്വെൽ രക്ഷകനായി അവതരിക്കുകയായിരുന്നു. 34 പന്തിൽ 55 റൺസുമായി ഗ്ലെൻ മാക്സ്വെൽ ബാംഗ്ലൂരിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇടക്ക് പ്രഭുദേശായ് പൊരുതി നോക്കാതെ ആറ് റൺസുമായി മടങ്ങി. പിന്നാലെയത്തിയ ഷഹബാസിനെയും കൂട്ടുപിടിച്ച് മാക്സ്വെൽ തന്റെ പോരാട്ടം തുടർന്നു. ഒടുവിൽ സ്‌കോർ 92 ൽ നിൽക്കവേ മാക്സ്വെൽ വീണതോടെ കാർത്തിക്ക് ക്രീസിലെത്തി. പിന്നെ കണ്ടത് ദിനേശ് കാർത്തിക്കിന്റെ ആറാട്ടായിരുന്നു. അഞ്ച് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടങ്ങിയ ആ ഇന്നിങ്സ്. 34 പന്തില് 66 റൺസുമായി കാർത്തിക്ക് പുറത്താകാതെ നിന്നു. 21 പന്തിൽ 32 റൺസുമായി ഷഹബാസ് അഹമ്മദും മികച്ച പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story