'ഓരോ ഓവറിനും 3 കോടി'; ഐപിഎല്ലിലെ അതിശയിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ
ഓരോ മത്സരത്തിൽ നിന്നും 118 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക
ഡൽഹി: അടുത്ത അഞ്ചു വർഷത്തെ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാർ സ്പോർട്സും റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ബിസിസിഐ കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരിച്ചിരുന്നു. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും (ടിവി) വയാകോമും (ഡിജിറ്റൽ) ടൈംസ് ഇന്റർനെറ്റും (ഓവർസീസ്) ചേർന്ന് സ്വന്തമാക്കിയത്.
മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപയാണ് ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐക്ക് ലഭിക്കുക.ഓരോ മത്സരത്തിൽ നിന്നും 118 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. കണക്കനുസരിച്ച് ഓരോ മത്സരത്തിലെയും ഓരോ ഓവറിനും 2.95 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക.
ഇതാദ്യമായിട്ടാണ് ടെലിവിഷൻ, ഡിജിറ്റൽ സംപ്രേക്ഷണാവകാശം രണ്ടു വ്യത്യസ്ത കമ്പനികൾക്കു ലഭിച്ചത്.കഴിഞ്ഞ തവണ രണ്ടും ഡിസ്‌നി സ്റ്റാറിനായിരുന്നു. 3,575 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കി.
18 നോൺ എസ്‌ക്ലൂസിവ് മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി വയാകോം 3,258 കോടി രൂപ കൂടി നൽകണം. ഓവർസീസ് സംപ്രേഷണ അവകാശത്തിനായി 1057 കോടി രൂപ വയാകോമും ടൈംസ് ഇന്റർനെറ്റും കൂടി ചെലവാക്കി.സ്റ്റാർ സ്പോർട്സ് ഓരോ മത്സരത്തിനും 57.5 കോടി രൂപ ബിസിസിഐക്ക് നൽകണം. ഡിജിറ്റൽ, സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം ഓരോ മത്സരത്തിനും 50 കോടി രൂപയാണ് ബിസിസിഐക്ക് നൽകേണ്ടത്.
ലോകത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ സ്‌പോർട്‌സ് ലീഗാണ് ഐപിഎൽ. അമേരിക്കൻ ഫുട്‌ബോൾ ലീഗാണ് ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോർട്‌സ് ലീഗ്. ഇംഗ്ലീഷ് പ്രമീയർ ലീഗ് മൂന്നാമതു മേജർ ലീഗ് ബേസ്‌ബോൾ നാലാമതുമാണ്. എൻബിഎയാണ് സമ്പന്നമായ ലീഗിൽ അഞ്ചാമത്.
Adjust Story Font
16