ഐ.പി.എൽ ഇലവനിൽ സഞ്ജു സാംസൺ നായകൻ; ഹെഡും ക്ലാസനും ശ്രേയസുമില്ല
ഓപ്പണർമാരായ ആർ.സി.ബി താരം വിരാട് കോലിയും കൊൽക്കത്ത താരം സുനിൽ നരെയ്‌നും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം.
മുംബൈ: ഐ.പി.എൽ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ടീമിന്റെ നായകനായി സഞ്ജു സാംസൺ. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ തെരഞ്ഞെടുത്ത ഐ.പി.എൽ ഇലവനിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്. കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ശ്രേയസ് അയ്യരേയും റണ്ണേഴ്‌സപ്പായ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനേയും മറികടന്നാണ് മലയാളി താരം സ്ഥാനം നേടിയത്. ഇരുവർക്കും ടീമിൽ ഇടംലഭിച്ചില്ല. ക്വാളിഫയർ രണ്ടിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റൻസി പരിഗണിക്കുകയായിരുന്നു.
🚨 Presenting ESPNcricinfo's Team of #IPL2024 🚨
— ESPNcricinfo (@ESPNcricinfo) May 27, 2024
https://t.co/Ma0CMnYGbx pic.twitter.com/V5TwRhpbY1
ഓപ്പണർമാരായ ആർ.സി.ബി താരം വിരാട് കോലിയും കൊൽക്കത്ത താരം സുനിൽ നരെയ്‌നും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം. സഞ്ജുവിൻറെ സഹതാരവും റൺവേട്ടയിൽ മൂന്നാമതുമായ റിയാൻ പരാഗാണ് നാലാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്‌നൗവിനായി തകർത്തടിച്ച നിക്കോളാസ് പുരാൻ അഞ്ചാമത് എത്തുമ്പോൾ ഡൽഹി ക്യാപിറ്റൽസ് വെടിക്കെട്ട് ബാറ്റർ ട്രൈസ്റ്റൻ സ്റ്റബ്‌സും ഇടംപിടിച്ചു. കൊൽക്കത്തയുടെ ആന്ദ്രെ റസലാണ് ഫിനിഷറുടെ റോളിൽ ഇറങ്ങുന്നത്. സ്‌പെഷലിസ്റ്റ് സ്പിന്നറായി ഡൽഹിയുടെ കുൽദീപ് യാദവ് സ്ഥാനംപിടിച്ചു. കൊൽക്കത്തയുടെ യുവതാരം ഹർഷിത് റാണ, മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറ, രാജസ്ഥാൻ റോയൽസിന്റെ സന്ദീപ് ശർമ എന്നിവരാണ് പേസർമാരായി ക്രിക് ഇൻഫോയുടെ ഐപിഎൽ ഇലവനിൽ ഇടം നേടിയത്.
ബെംഗളൂരു താരം രജത് പാടീദാർ, കൊൽക്കത്തയുടെ വരുൺ ചക്രവർത്തി എന്നിവരാണ് ഇംപാക്ട്‌സബ്. ഹൈദരാബാദിനായി തകർത്തടിച്ച അഭിഷേക് ശർമയും ട്രാവിസ് ഹെഡും എന്റിച് ക്ലാസനും ഐപിഎൽ ഇലവനിലില്ല. റൺവേട്ടക്കാരിൽ ഹെഡ് ആദ്യ അഞ്ചിലുണ്ട്. രാജസ്ഥാൻ പേസർ ട്രെൻഡ് ബോൾട്ടും ടീമിലില്ല.
Adjust Story Font
16