അയ്യർ ദി ഗ്രേറ്റ്; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് കൊൽക്കത്ത ഐ.പി.എൽ ഫൈനലിൽ
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്തക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി
അഹമ്മദാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ 17ാം സീസൺ ഫൈനലിൽ. ആദ്യ ക്വാളിഫെയറിൽ ഹൈദരാബാദ് വിജയലക്ഷ്യമായ 160 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 13.4 ഓവറിൽ അനായാസം മറികടന്നു. ശ്രേയസ് അയ്യരും (24 പന്തിൽ 58) വെങ്കിടേഷ് അയ്യരും (28 പന്തിൽ 51) അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിന്റെ ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തക്ക് ഓപ്പണർമാരായ സുനിൽ നരേയും റഹ്‌മത്തുള്ള ഗുർബാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലെയിൽ 63 റൺസാണ് കെ.കെ.ആർ നേടിയത്. ഗുർബാസിനെ (23) പുറത്താക്കി നടരാജൻ ഓറഞ്ച് പടക്ക് ബ്രേക്ക് ത്രൂ നൽകി. വെടിക്കെട്ട് ബാറ്റർ സുനിൽ നരേനെ (21) പുറ്ത്താക്കി പാറ്റ് കമ്മിൻസും പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ കൂട്ടുകെട്ട് ടീമിനെ സുരക്ഷിതമായി വിജയ തീരത്തെത്തിക്കുകയായിരുന്നു. കൊൽക്കത്തയുടെ നാലാംഫൈനലാണിത്. തോറ്റെങ്കിലും സൺറൈസേഴ്‌സിന് ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-രാജസ്ഥാൻ റോയൽസ് വിജയികളെ ക്വാളിഫയർ രണ്ടിൽ നേരിടാനാകും.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാറ്റ് കമ്മിൻസിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ടീം പ്രകടനം. മുൻനിര വിക്കറ്റുകൾ തകർന്നതോടെ 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. സ്‌കോർ ബോർഡ് തുറക്കും മുൻപെ ഓസീസ് താരം ട്രാവിസ് ഹെഡിനെ(0) മിച്ചൽ സ്റ്റാർക്ക് പൂജ്യത്തിന് മടക്കി. സീസണിൽ ആദ്യമായി അത്യുഗ്രൻ ഫോമിൽ പന്തെറിഞ്ഞ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പവർപ്ലെയിൽ മൂന്ന് വിക്കറ്റുകൾ പിഴുതു. ഹൈദരാബാദ് നിരയിൽ രാഹുൽ ത്രിപാഠി (35 പന്തിൽ 55) റൺസുമായി ടോപ് സ്‌കോററായി. അവസാന ഓവറിൽ 30 റൺസുമായി പാറ്റ് കമ്മിൻസ് തകർത്തടിച്ചതോടെയാണ് സ്‌കോർ 150 കടന്നത്.
തുടർച്ചയായി രണ്ടാം മത്സരത്തിലാണ് ഹെഡ് പൂജ്യത്തിന് മടങ്ങിയത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡിയേയും(9),ഷബാസ് അഹമ്മദിനേയും(0) പുറത്താക്കി സ്റ്റാർക്ക് ഐ.പി.എൽ റെക്കോർഡ് തുക നൽകി ടീം തന്നിലർപ്പിച്ച വിശ്വാസം കാത്തു. പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മാച്ചിലെ ഹീറോ അഭിഷേക് ശർമയേയും (3) നഷ്ടമായതോടെ പവർപ്ലെയിൽ നാലിന് 45 റൺസ് എന്ന നിലയിലായി ഹൈദരാബാദ്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന രാഹുൽ ത്രിപാഠി-ഹെന്റിച് ക്ലാസൻ കൂട്ടുകെട്ട് ഹൈദരാബാദിന് പ്രതീക്ഷ നൽകി. തകർത്തടിച്ച ഇരുവരും സ്‌കോറിംഗ് വേഗമുയർത്തി. എന്നാൽ വരുൺ ചക്രവർത്തിയെ വലിയ ഷോട്ടിന് ശ്രമിച്ച ക്ലാസനെ (21 പന്തിൽ 32) ബൗണ്ടറി ലൈനിന് സമീപം റിങ്കു സിങ് പിടികൂടി. പിന്നാലെ ക്രീസിലെത്തിയ അബ്ദുൽ സമദ് സിക്സറോടെയാണ് തുടങ്ങിയത്. എന്നാൽ 13ാം ഓവറിൽ മികച്ച റണ്ണൗട്ടിലൂടെ ആന്ദ്രെ റസൽ കൂട്ടുകെട്ട് പൊളിച്ചു. മികച്ച നിലയിൽ ബാറ്റുവീശിയ ത്രിപാടിയെ നഷ്ടമായതോടെ ടിം വലിയ തകർച്ച നേരിട്ടു. ഇംപാക്ട് പ്ലെയറായെത്തിയ സൻവീർ സിങിനെ (0)ആദ്യ പന്തിൽതന്നെ സുനിൽ നരേൻ മടക്കി.ഒൻപതിന് 126 എന്ന നിലയിൽ നിന്ന് ടീമിനെ 159ലേക്കെത്തിച്ചത് കമ്മിൻസിന്റെ മികച്ച ഇന്നിങ്സായിരുന്നു. കൊൽക്കത്തൻ നിരയിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നൽകി
Adjust Story Font
16