Quantcast

റിയൽ റോയൽസ്; ആർ.സി.ബിയെ നാല് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ക്വാളിഫയറിന്

18ാം ഓവറിൽ പരാഗിനേയും ഹെറ്റ്‌മെയറിനേയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് പ്രതീക്ഷ നൽകിയെങ്കിലും റോമൻ പവൽ രക്ഷക്കെത്തുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2024-05-22 18:37:25.0

Published:

22 May 2024 3:59 PM GMT

റിയൽ റോയൽസ്; ആർ.സി.ബിയെ നാല് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ക്വാളിഫയറിന്
X

അഹമ്മദാബാദ്: അവിശ്വസിനീയ കുതിപ്പുമായി ഐ.പി.എൽ 17ാം സീസണിൽ കത്തിജ്വലിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സഞ്ജു സാംസണും സംഘത്തിനും മുന്നിൽ വീണു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് വിജയം പിടിച്ചത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർ.സി.ബി പടുത്തുയർത്തിയ 173 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ മറികടന്നു. രാജസ്ഥാനായി യശസ്വി ജയ്‌സ്വാൾ 30 പന്തിൽ 45 റൺസുമായി ടോപ് സ്‌കോററായി. 26 പന്തിൽ 36 റൺസ് നേടിയ റിയാൻ പരാഗും മികച്ച പ്രകടനം പുറത്തെടുത്തു. 8 പന്തിൽ 16 റൺസുമായി റൊവ്മാൻ പവൽ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ(17) റൺസെടുത്ത് പുറത്തായി.

18ാം ഓവറിൽ റയാൻ പരാഗിനേയും ഹെറ്റ്‌മെയറിനേയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് പ്രതീക്ഷ നൽകിയെങ്കിലും റോമൻ പവൽ മുൻ ചാമ്പ്യൻമാരുടെ രക്ഷക്കെത്തുകയായിരുന്നു. ബെംഗളൂരു നിരയിൽ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമായി തിളങ്ങി. വെള്ളിയാഴ്ച രാത്രി 7.30ന് ചെന്നൈ ചെപ്പോക്കിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് സ്‌കോർ ചെയ്തത്. രജത് പടിദാർ 22 പന്തിൽ 34 റൺസുമായി ടോപ് സ്‌കോററായി. വിരാട് കോഹ്ലി 24 പന്തിൽ 33ഉം ഓസീസ് താരം കാമറൂൺ ഗ്രീൻ 21 പന്തിൽ 27 റൺസും നേടി. അവസാന ഓവറിൽ തകർത്തടിച്ച മഹിപാൽ ലോംറോർ 17 പന്തിൽ 32 റൺസ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രാജസ്ഥാൻ നിരയിൽ ആവേശ് ഖാൻ മൂന്നും രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർ.സി.ബിയുടെ തുടക്കം മികച്ചതായില്ല. സ്‌കോർ 37ൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ (17) നഷ്ടമായി. ട്രെൻഡ് ബോൾട്ടിന്റെ ഓവറിൽ റോമൻ പവൽ അത്യുഗ്രൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ഗ്രീനുമായി ചേർന്ന് കോഹ്ലി സ്‌കോറിങ് ഉയർത്തി. പവർപ്ലെയിൽ 50 റൺസാണ് നേടിയത്. എന്നാൽ സ്‌കോർ 56ൽ നിൽക്കെ വിരാടിനെ പുറത്താക്കി യുസ്വേന്ദ്ര ചഹൽ ആർ.ആറിന് ബ്രേക്ക് ത്രൂ നൽകി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ കാമറൂൺ ഗ്രീൻ അശ്വിന് മുന്നിൽ വീണു. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലിനെ(0)യും പുറത്താക്കി രാജസ്ഥാൻ ബെംഗളൂരുവിനെ വരിഞ്ഞുമുറുക്കി.

TAGS :

Next Story