Quantcast

സെഞ്ച്വറിയുമായി ജയ്‌സ്വാൾ റിട്ടേൺസ്; മുംബൈക്കെതിരെ രാജസ്ഥാന് ഒൻപത് വിക്കറ്റ് ആധികാരിക ജയം

ജയത്തോടെ 14 പോയന്റുമായി രാജസ്ഥാൻ പ്ലേഓഫിന് അരികിലെത്തി. സീസണിലെ ഏഴാം ജയം സ്വന്തമാക്കിയ സഞ്ജുവും സംഘവും ഒന്നാംസ്ഥാനം നിലനിർത്തി.

MediaOne Logo

Sports Desk

  • Updated:

    2024-04-22 18:47:17.0

Published:

22 April 2024 4:04 PM GMT

സെഞ്ച്വറിയുമായി ജയ്‌സ്വാൾ റിട്ടേൺസ്;  മുംബൈക്കെതിരെ രാജസ്ഥാന് ഒൻപത് വിക്കറ്റ് ആധികാരിക ജയം
X

ജയ്പൂർ: യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിൽ മുംബൈ ഇന്ത്യൻസിനെ ഒൻപത് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. മുംബൈയുടെ വിജയലക്ഷ്യമായ 180 റൺസ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ഒരുവിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്. 60 പന്തിൽ ഒൻപത് ഫോറും ഏഴ് സിക്‌സറും സഹിതം 104 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ രണ്ട് ഫോറും സിക്‌സറും സഹിതം 38 റൺസുമായി മികച്ച പിന്തുണ നൽകി. ജോഷ് ഭട്‌ലർ(35) റൺസെടുത്ത് പുറത്തായി. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് മികവിലാണ് ആതിഥേയർ മുംബൈയെ 179 റൺസിൽ ഒതുക്കിയത്.

ജയത്തോടെ 14 പോയന്റുമായി രാജസ്ഥാൻ പ്ലേഓഫിന് അരികിലെത്തി. സീസണിലെ ഏഴാം ജയം സ്വന്തമാക്കിയ സഞ്ജുവും സംഘവും പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം നിലനിർത്തി. ഈ സീസണിൽ ഇതുവരെ ഫോമിലേക്കുയരാത്ത ജയ്‌സ്വാളിന്റെ ഗംഭീര തിരിച്ചുവരവിനാണ് രാജസ്ഥാൻ തട്ടകമായ സവായ്മാൻസിങ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബട്‌ലടുറമൊത്ത് ഓപ്പണിങിൽ പതിയെ തുടങ്ങിയ യുവതാരം മധ്യഓവറുകളിൽ കത്തികയറി. 74 റൺസിൽ ബട്‌ലർ ഔട്ടായെങ്കിലും സഞ്ജുവിനെ കൂട്ടുപിടിച്ച് ടീമിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 179 ലേക്കെത്തിയത്. തുടക്കത്തിലെ വൻ തകർച്ചയിൽ നിന്ന് തിലക് വർമ്മ-നേഹൽ വധേര 99 റൺസ് കൂട്ടുകെട്ടാണ് ടീമിന്റെ രക്ഷക്കെത്തിയത്. 45 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 65 റൺസെടുത്ത തിലക് വർമ ടോപ് സ്‌കോററായി. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് റൺസ് മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്ന് വിക്കറ്റും നഷ്ടമായി.

ജയ്പൂരിൽ നാലാം ജയം തേടിയിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർബോർഡിൽ ആറു റൺസ് തെളിയുമ്പോഴേക്ക് രോഹിത് ശർമയെ (6) നഷ്ടമായി. ട്രെൻഡ് ബോൾട്ടാണ് ഹിറ്റ്മാന്റെ വിക്കറ്റെടുത്തത്. തൊട്ടുപിന്നാലെ ഇഷാൻ കിഷനെ(0) മടക്കി സന്ദീപ് ശർമ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. സൂര്യകുമാർ യാദവിനെകൂടി (10) നഷ്ടമായതോടെ പവർപ്ലെയിൽ പാണ്ഡ്യയും സംഘവും വലിയ തകർച്ച നേരിട്ടു. അഫ്ഗാൻ താരം മുഹമ്മദ് നബി മികച്ച ഫോമിൽ തുടങ്ങിയെങ്കിലും യുസ്വേന്ദ്ര ചഹലിന്റെ ഓവറിൽ 23 റൺസുമായി പുറത്തായി. ഇതോടെ ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് നേടത്തിലെത്തുന്ന ആദ്യതാരമായി ചഹൽമാറി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ്മ-നേഹൽ വധേര കൂട്ടുകെട്ട് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 52-4 എന്ന നിലയിൽ ബാറ്റ് വീശിയ ഇരുവരുടേയും കൂട്ടുകെട്ട് 16.1 ഓവറിൽ 151 റൺസിലാണ് അവസാനിച്ചത്. 24 പന്തിൽ 49 റൺസെടുത്ത നേഹൽ വധേരയെ ട്രെൻഡ് ബോൾട്ട് സന്ദീപ് ശർമയുടെ കൈകളിലെത്തിച്ചു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ(10), ടിം ഡേവിഡ്(3) എന്നിവരും വേഗത്തിൽ മടങ്ങിയതോടെ സ്‌കോർ 179ൽ അവസാനിച്ചു. മികച്ച ക്യാപ്റ്റൻസിയുമായി മലയാളി താരം സഞ്ജു സാംസൺ തിളങ്ങി.

TAGS :

Next Story