Quantcast

ടീമില്‍ സൂര്യയും കിഷനുമില്ല; രോഹിതിനെതിരെ ആഞ്ഞടിച്ച് മുൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-10 14:21:46.0

Published:

10 Jan 2023 2:10 PM GMT

ടീമില്‍ സൂര്യയും കിഷനുമില്ല; രോഹിതിനെതിരെ ആഞ്ഞടിച്ച് മുൻ താരങ്ങൾ
X

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനേയും ഇഷാന്‍ കിഷനെയും പുറത്തിരുത്തിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കക്കെതിരായ അവസാന ടി20 യില്‍ സെഞ്ച്വറി നേടിയ സൂര്യയും ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടി ഇഷാന്‍ കിഷനും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് ഇരുവരെയും ആദ്യ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫും വെങ്കിടേഷ് പ്രസാദുമൊക്കെ ഇതിനെതിരെ രംഗത്തെത്തി.

''അവസാന ഏകദിനത്തിലെ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ കിഷനും, അവസാന ടി20യിലെ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവും ഇല്ലാത്ത ഇന്ത്യൻ ടീമിനെ കാണുന്നതില്‍ അൽപ്പം അസ്വസ്ഥതയുണ്ട്. അവർ ഇരുവരും പ്രചോദിതരായി തന്നെ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു''- മുഹമ്മദ് കൈഫ് കുറിച്ചു.

ഇതിന് സമാനമായ പ്രതികരണം തന്നയാണ് വെങ്കിടേഷ് പ്രസാദും നടത്തിയത്. എക്സ് ഫാക്ടറിനെയാണ് ഇന്ത്യ പുറത്തിയത് എന്ന് അദ്ദേഹം പ്രതികരിച്ചു.

ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്കായി വിരാട് കോഹ്‍ലി സെഞ്ച്വറി നേടി. നിശ്ചിത അമ്പത് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ അടിച്ചെടുത്തത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 67 പന്തിൽനിന്ന് മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും സഹിതം രോഹിത് 83 റണ്‍സാണ് അടിച്ചെടുത്തത്. അരങ്ങേറ്റ മത്സരം കളിച്ച ദിൽഷൻ മധുശങ്കയുടെ പന്തിൽ നായകൻ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. 60 പന്ത് നേരിട്ട ഗിൽ 11 ബൗണ്ടറികൾ നേടി. ശനകയാണ് ഗില്ലിനെ വിക്കറ്റിനു മുമ്പിൽ കുടുക്കിയത്.

വൺഡൗണായെത്തിയ വിരാട് കോഹ്‌ലി 47 പന്തിൽനിന്നാണ് അർധശതകം പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ, 37-ാം ഓവറിൽ സ്‌കോർ 52ൽ നിൽക്കെ കോഹ്‌ലിക്ക് ജീവൻ കിട്ടി. രജിതയുടെ പന്തിൽ മെൻഡിസാണ് കോഹ്‌ലിയെ കൈവിട്ടത്. 43-ാം ഓവറിലും കോഹ്‌ലി ജീവൻ നീട്ടിയെടുത്തു. ഇത്തവണ എക്‌സ്ട്രാ കവറിൽ രജിതയുടെ പന്തിൽ ശനകയാണ് ക്യാച്ച് കൈവിട്ടത്.

28 റൺസുമായി ശ്രേയസ് അയ്യരും 39 റൺസുമായി കെഎൽ രാഹുലും കോഹ്‌ലിക്ക് പിന്തുണ നൽകി. ഹർദിക് പാണ്ഡ്യ 14 ഉം അക്‌സർ പട്ടേൽ ഒമ്പതും റൺസെടുത്തു. ലങ്കയ്ക്കായി കസുൻ രജിത ഒമ്പത് ഓവറിൽ 84 റൺസ് വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി.

ടി20 പരമ്പര ജയത്തിന് ശേഷമാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. ടി20യിൽ കളിച്ച എട്ടു താരങ്ങൾ ടീമിലില്ല. രോഹിത്, കോഹ്‌ലി, കെഎൽ രാഹുൽ തുടങ്ങിയ പ്രമുഖർ തിരിച്ചെത്തുകയും ചെയ്തു.

TAGS :

Next Story