രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും; ജലജ് സക്സേനയെ ആദരിച്ച് കെ.സി.എ
രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും നേടിയ ജലജ് 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും സ്വന്തമാക്കിയ കേരള ടീം അംഗം ജലജ് സക്സേനയെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടന്ന ചടങ്ങിൽ പത്ത് ലക്ഷം രൂപയും മെമന്റോകെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു. 2016-17 സീസൺ മുതൽ കേരളത്തിനായി കളിക്കുന്ന ജലജ് നിർണായക പ്രകടനമാണ് നടത്തിയത്.
രഞ്ജി ടീം പരിശീലകൻ അമയ് ഖുറാസിയ, മാനേജർ നാസർ മച്ചാൻ, ടീം അംഗങ്ങൾ സംസാരിച്ചു. രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. കൂടാതെ 30 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ബംഗാളുമായുള്ള കഴിഞ്ഞ മത്സരത്തിലും സക്‌സേന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജലജ് സക്‌സേനയും സൽമാൻ നിസാറും ചേർന്ന 140 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മധ്യപ്രദേശ് ക്രിക്കറ്റിൽ 2005 ലാണ് ജലജിന്റെ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്സേന.രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയിൽ നിലവിൽ പത്താം സ്ഥാനത്താണ്.
Adjust Story Font
16