ബൂം ബൂം ബുംറ; നായക അരങ്ങേറ്റത്തിൽ ബാറ്റിങ് റെക്കോർഡുമായി താരം
സ്റ്റുവര്‍ട്ട് ബ്രോഡാണ് ബുംറയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത്
ബർമിങ്ഹാം: നായകനായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ സ്റ്റുവർട്ട് ബ്രോഡാണ് ഇന്ത്യൻ നായകന്റെ ബാറ്റിങ് ചൂടറിഞ്ഞത്.
മത്സരത്തിന്റെ 84-ാം ഓവറിൽ ബുംറ അടിച്ചുകൂട്ടിയ 29 റൺസ് ഉൾപ്പെടെ ഇംഗ്ലീഷ് പേസർ വഴങ്ങിയത് 35 റൺസാണ്- ആറു എക്‌സ്ട്രാ റൺസാണ് ബ്രോഡ് ഇന്ത്യക്ക് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്‌സും ഒരു സിംഗിളുമാണ് ബുംറ ഓവറിൽ നേടിയത്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്ന മോശം റെക്കോര്‍ഡ് ബ്രോഡിന്‍റെ പേരിലുമായി.
ഷോർട് പിച്ചായി വന്ന ഓവറിലെ ആദ്യ പന്ത് ബുംറ ലെഗ് സൈഡിലേക്ക് ബൗണ്ടറി പായിച്ചു. രണ്ടാം പന്ത് വൈഡ്. പന്ത് ബൗണ്ടറി റോപ് കടന്നുപോയി. വീണ്ടുമെറിഞ്ഞ പന്ത് നോബോൾ. ഇത്തവണ സിക്‌സർ. അടുത്ത പന്ത് ഫോർ. മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി. അഞ്ചാം പന്ത് ലെഗ് സൈഡിലൂടെ കൂറ്റൻ സിക്‌സർ. ആറാം പന്ത് ഒന്നാന്തരമൊരു യോർക്കറായിരുന്നു. പന്ത് ക്രീസിൽ തട്ടിയിട്ട് ബുംറ സിംഗിൾ നേടി- ആകെ 35 റണ്‍സ്. 16 പന്തിൽനിന്ന് നാലു ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 31 റൺസാണ് നായകൻ അടിച്ചു കൂട്ടിയത്. ബ്രോഡിന്റെ പന്തിൽ ജാക് ലീച്ച് പിടിച്ചാണ് താരം പുറത്തായത്.
ഇതിഹാസ താരം ബ്രയൻ ലാറയുടെ റെക്കോർഡാണ് ബുംറ തകർത്തത്. 2003ൽ റോബിൻ പീറ്റേഴ്‌സന്റെ ഓവറിൽ ലാറ നേടിയ 28 റൺസായിരുന്നു ഇതിനു മുമ്പുള്ള റെക്കോർഡ്. 2013ൽ ജെയിംസ് ആൻഡേഴ്‌സന്റെ ഓവറിൽ ജോർജ് ബെയ്‌ലിയും ജോ റൂട്ടിന്റെ ഓവറിൽ കേശവ് മഹാരാജും 28 റൺസ് നേടിയിരുന്നു. 2016ൽ ഹർഭജൻ സിങ്ങിന്റെ ഓവറിൽ പാക് താരം ഷാഹിദ് അഫ്രീദി നേടിയ 27 റൺസാണ് മറ്റൊരു ഉയർന്ന സ്‌കോർ.
ഇന്ത്യ 416 റൺസിന് പുറത്ത്
അതിനിടെ, അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്തിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ശതകം കണ്ടെത്തിയതോടെ സന്ദർശകർ 416 റൺസാണ് അടിച്ചുകൂട്ടിയത്. വാലറ്റത്ത് 16 പന്തിൽ നിന്ന് 31 റൺസ് നേടിയ ക്യാപ്റ്റൻ ബുംറയുടെ ബാറ്റിങ്ങും നിർണായകമായി. 98ന് അഞ്ച് എന്ന നിലയിൽ നിന്നാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്.
194 പന്തിൽനിന്ന് 104 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ പന്ത് 111 പന്തിൽ 146 റൺസ് നേടി. ആറാം വിക്കറ്റിൽ സഖ്യം നേടിയ 222 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുന്തൂണായത്. ഏഴിന് 338 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗമാണ് റൺസ് നേടിയത്.
83 റൺസുമായി കളത്തിലിറങ്ങിയ ജഡേജ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി നേടി. ജയിംസ് ആൻഡേഴ്സന്റെ പന്തിലാണ് താരം പുറത്തായത്. പിന്നാലെ വന്ന മുഹമ്മദ് ഷമി 16 റൺസെടുത്തു പുറത്തായി. ഇരുവരും പുറത്തായ ശേഷം തകർത്തു കളിച്ച ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ സ്‌കോർ നാനൂറു കടത്തിയത്. പതിനാറു പന്തിൽനിന്ന് രണ്ടു സിക്സറിന്റെയും നാലു ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ബുംറയുടെ ഇന്നിങ്സ്.
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റു വീഴ്ത്തി. മാത്യുപോട്ട് രണ്ടു വിക്കറ്റു വീഴ്ത്തിയപ്പോൾ സ്റ്റുവർട്ട് ബോർഡ്, ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
ടെസ്റ്റിന്റെ ഒന്നാം ദിനം ഓപണർമാരായ ശുഭ്മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), ഹനുമാൻ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യർ (15), ശാർദുൽ ഠാക്കൂർ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്.
കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലെ അഞ്ചാം മത്സരം കോവിഡിനെത്തുടർന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. അടുത്ത സൗകര്യപ്രദമായ സമയത്ത് അത് കളിക്കാനെത്താമെന്ന് ഇന്ത്യ ഉറപ്പുനൽകി. അതാണിപ്പോൾ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1-ന് മുന്നിട്ടുനിൽക്കുകയാണ്.
Adjust Story Font
16