ജസ്പ്രീത് ബുംറ: ബാറ്റർമാരുടെ രാജ്യത്തിലെ ബൗളിങ് രാജാവ്
അയാളെന്നും അങ്ങനെയാണ്. ഏത് ഫോർമാറ്റിലും ഏത് ഗ്രൗണ്ടിലും അയാളുടെ ഓവറുകൾ ടീമിന് ഷുവർ ബെറ്റാണ്
- Published:
29 Dec 2024 11:52 AM GMT
19ാം വയസ്സിലെ അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറി.. അതും തിങ്ങിനിറഞ്ഞ എംസിജിയിൽ ബോക്സിങ് ഡേയിൽ...ആസ്ട്രേലിയക്കാരൻ സാം കോൺസ്റ്റസ് ആഘോഷിക്കപ്പെടാൻ ഈ കാരണങ്ങൾ ധാരാളമാണ്. പക്ഷേ കോൺസ്റ്റസ് ആഘോഷിക്കപ്പെട്ടത് മറ്റൊരു കാരണത്തിനാണ്. അയാൾ എല്ലാവരെയും വിറപ്പിച്ച ജസ്പ്രീത് ബുംറയെ ധൈര്യസമേതം നേരിട്ടിരിക്കുന്നു!
നാലുവർഷങ്ങൾക്കും 4,483 പന്തുകൾക്കും ശേഷം ജസ്പ്രീത് ബുംറ ഒടുവിലിതാ ടെസ്റ്റിൽ ഒരു സിക്സ് വഴങ്ങിയിരിക്കുന്നു എന്നതായിരുന്നു പല വാർത്തകളുടെയും തലക്കെട്ട്. ഒരു സിക്സ് വഴങ്ങിയാൽ അതുപോലും ഒരു വാർത്തയാണ് എന്നത് തന്നെയാണ് അയാളുടെ റേഞ്ച്. ബോക്സിങ് ഡേയിൽ കോൺസ്റ്റസ് ബുംറയെ റിവേഴ്സ് റാമ്പിലൂടെ സിക്സറടിച്ചപ്പോൾ ഇത് വിശ്വസിക്കാവുന്നതിലും അപ്പുറമാണെന്നായിരുന്നു ബോക്സിലിരുന്ന് ഓസീസ് കമന്റേറ്റർമാർ ഒന്നടങ്കം അലറിവിളിച്ചത്. ബുംറക്കെതിരെ ഒരോവറിൽ നേടിയ 18 റൺസോടെ കോൺസ്റ്റസ് വല്ലാതെയങ്ങ് ആഘോഷിക്കപ്പെട്ടു.
പക്ഷേ ഇത് ജസ്പ്രീത് ബുംറയാണ്. തിരിച്ചുവരവിന് അയാൾക്ക് അധികകാലമൊന്നും വേണ്ടിവന്നില്ല. രണ്ടാം ഇന്നിങ്സിൽ തന്റെ അവസരത്തിനായി ബുംറ കാത്തുനിന്നു. കോൺസ്റ്റസ് ക്രീസിൽ നിലയുറപ്പിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് 19കാരന്റെ ബാറ്റിനും പാഡിനുമിടയിലൂടെ ബുംറ ഒരു വെടിയുണ്ട പായിക്കുന്നത്. തുളച്ചുകയറിയ പന്ത് മിഡിൽ സ്റ്റംപുമായി പറക്കുമ്പോൾ കണ്ടുനിന്നവർ ഒന്നടങ്കം അറിയാതെ വാപൊളിച്ചുപോയി. ബുംറയുടെ ക്ലാസ് കൗമാരക്കാരൻ അനുഭവിച്ച് തന്നെയറിച്ചു. ആദ്യ ഇന്നിങ്സിൽ കോൺസ്റ്റസ് നൽകിയ മുറിവ് തന്നെ ഇപ്പോഴും എരിയിക്കുന്നുണ്ടെന്ന് തുടർന്നുള്ള ബുംറയുടെ ആഘോഷത്തിൽ വ്യക്തമായിരുന്നു. കോൺസ്റ്റസ് ആദ്യ ഇന്നിങ്സിൽ നടത്തിയ അതേ സെലിബ്രേഷൻ കാണിച്ചാണ് ബുംറ തന്റെ പ്രതികാരത്തിന്റെ മധുരം കുടിച്ചുതീർത്തത്.
എന്നിൽ എത്രവേണമെങ്കിലും പ്രതീക്ഷ വെച്ചോളൂ.. അതിനുമപ്പുറം നിങ്ങൾക്ക് ഞാൻ തിരിച്ചുതരാം എന്നാണ് ബുംറ ഓരോ മത്സരത്തിലും നമ്മോട് പറയുന്നത്. അതിന് മെൽബണിലെ നാലാം ദിനവും സാക്ഷി. ട്രാവിസ് ഹെഡും മിച്ചൽ മാർഷും അലക്സ് ക്യാരിയും അടക്കമുള്ള മധ്യനിരയെ ഞൊടിയിടക്കുള്ളിൽ അയാൾ ചുരുട്ടിക്കെട്ടി. 100 തികയും മുമ്പ് ആറാളുകൾ തിരിച്ചുകയറിയതോടെ ഓസീസ് വല്ലാതെ പേടിച്ചിരുന്നു. കഷ്ടിച്ചാണ് ഒരുവിധം കര കയറിയത്.
ട്രാവിസ് ഹെഡെന്ന ഓസീസ് ട്രംപ് കാർഡിനെ ഒരിക്കൽ കൂടി പുറത്താക്കിയതിന് പിന്നാലെ ടെസ്റ്റിൽ 200 വിക്കറ്റുകളെന്ന നേട്ടത്തിലും ബുംറ തൊട്ടു. നൂറ്റാണ്ടുചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനേക്കാൾ മികച്ച ബൗളിങ് ആവറേജിൽ മറ്റാരും 200 പിന്നിട്ടിട്ടില്ല. 19.56 എന്ന അവിശ്വസനീയമായ ബൗളിങ് ശരാശരിയാണ് അയാൾക്കുള്ളത്. ജോയൽ ഗാർണർ,ഷോൺ പൊള്ളോക്ക് അടക്കമുള്ള അതികായർ പോലും അയാൾക്ക് പിന്നിലായി. ഇത്രയും വേഗതയിൽ മറ്റൊരു ഇന്ത്യൻ പേസ് ബൗളറും 200 പിന്നിട്ടിട്ടില്ല.
ഇന്ന് സിറാജ് മെൽബണിൽ ബുംറക്കൊത്ത പങ്കാളിയായിരുന്നു. പക്ഷേ ഈ സീരീസിൽ ഉടനീളം ബുംറ ഒറ്റക്കാണ് ഇന്ത്യൻ ബൗളിങ്ങിനെ ചുമന്നത്. അപ്പുറത്ത് പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടുമുണ്ട്. കൂടെ പേസിനെ തുണക്കുന്ന പിച്ചുകളും. ഇതിനെയെല്ലാം ഇന്ത്യ നേരിട്ടത് ബുംറയെന്ന ഒരൊറ്റ മനുഷ്യന്റെ ബലത്തിലാണ്. രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഒരു ദിവസം രാവിലെ മുതൽ വൈകീട്ട് വരെ ബുംറയെ എറിയിക്കാനാകില്ലെന്നും മറ്റു ബൗളർമാർ അവസരത്തിനൊത്തുയണമെന്നും വരെ ക്യാപ്റ്റൻ രോഹിതിന് പറയേണ്ടി വന്നു.
ഈ സീരീസിൽ ഇതുവരെ ബുംറ എറിഞ്ഞിട്ടത് 29 വിക്കറ്റുകളാണ്. 13.24 എന്ന അമ്പരപ്പിക്കുന്ന ആവറേജിലാണ് അയാൾ 20 കംഗാരുക്കളുടെ ചിറകരിഞ്ഞത്. വിക്കറ്റുകളുടെ എണ്ണത്തിൽ, ബൗളിങ് ആവറേജിൽ, എക്കേണമിയിൽ എല്ലാം ഓസീസിന്റെ പ്രീമിയം പേസർമാർ ബുംറക്ക് കാതങ്ങൾ പിന്നിലാണ്. പെർത്തിലും ഗാബയിലും മെൽബണിലുമൊക്ക ഓസീസ് ബൗളർമാരേക്കാൾ ഒരുപാടുയരത്തിൽ ഒരു ഇന്ത്യൻ പേസർ ഉദിച്ചുനിൽക്കുന്ന എന്നതൊക്കെ ഒരുകാലത്ത് ഇന്ത്യൻ ആരാധകർ കിനാവുകണ്ടതാണ്. തലമുറകളുടെ ആ സ്വപ്നമാണ് ഇപ്പോൾ ബുംറ സാക്ഷാത്കരിക്കുന്നത്.
മാൽക്കം മാർഷലിന്റെ അഡാപ്റ്റബിലിറ്റി, ഡെന്നീസ് ലില്ലിയുടെ അഗ്രഷൻ, റിച്ചാഡ് ഹാഡ്‍ലിയുടെ കൺട്രോൾ, അക്രമിന്റെയും വഖാറിന്റെയും ഇൻസ്വിങ്, െഗ്ലൻ മഗ്രായുടെ കൃത്യത, ഡെയ്ൽ സ്റ്റൈയ്നിന്റെ സ്ഫോടനാത്മകത...ഇവയെല്ലാം ബുംറയിൽ ഒരുമിക്കുന്നുവെന്നാണ് ഗ്രെഗ് ചാപ്പൽ സിഡ്നി മോണിങ് ഹെറാൾഡിൽ കുറിച്ചത്. ഇക്കാര്യത്തിൽ ചാപ്പൽ ഒറ്റക്കല്ല. ബുംറ കംപ്ലീറ്റ് ബൗളറാണെന്നാണ് നാസർ ഹുസൈന്റെ നിരീക്ഷണം. 'Never Seen Anyone Like Him എന്ന് അലൻ ബോർഡർ, "A Master At Work എന്ന് സീൻ ആബട്ട്, മറ്റു ബൗളർമാരേക്കാൾ കാതങ്ങൾ മുന്നിലെന്ന് ബ്രറ്റ് ലീ, ബുംറ പന്തെടുക്കുമ്പോൾ ഓസീസ് ഡ്രെസിങ് റൂമിന് നെഞ്ചിടിക്കുമെന്ന് ജസ്റ്റിൻ ലാംഗർ.. ഇങ്ങനെ ഓസീസ് മാധ്യമങ്ങളിലും കമന്ററി ബോക്സിലുമെല്ലാം ബുംറ നിറഞ്ഞുനിൽക്കുന്നു.
അയാളെന്നും അങ്ങനെയാണ്. ഏത് ഫോർമാറ്റിലും ഏത് ഗ്രൗണ്ടിലും അയാളുടെ ഓവറുകൾ ടീമിന് ഷുവർ ബെറ്റാണ്. അയാൾ എറിഞ്ഞുതീർത്ത പന്തുകളുടെ ബലത്തിലാണ് മുംബൈ ഇന്ത്യൻസും ടീം ഇന്ത്യയുമെല്ലാം പോയ ഏതാനും വർഷങ്ങളിലായി സിംഹാസനങ്ങളിലിരുന്നത്. പരിമിത ഓവർ ക്രിക്കറ്റിലെ ആധിപത്യത്തിന് പുറമേ ടെസ്റ്റ് റാങ്കിങ്ങിലും അയാൾ ഒന്നാമനാണ്. വേറിട്ട ആക്ഷൻ മാത്രമല്ല. അയാളുടേത് വേറിട്ട ഒരു ജീൻകൂടിയാണ്. ബാറ്റർമാർക്ക് ക്ഷാമമില്ലാത്ത ഇന്ത്യൻ ഭൂമികയിൽ നിന്നും ഉയിർകൊണ്ട അപൂർവ്വ ജനുസ്സ്.
Adjust Story Font
16