പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ വീരോചിത സമനില

കൊച്ചി: പത്തുപേരായി ചുരുങ്ങിയിട്ടും പതറാതെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നേടിയത് വിജയത്തോളം പോന്ന സമനില. മത്സരത്തിന്റെ 30ാം മിനുറ്റിലാണ് പ്രതിരോധ താരം അയ്ബൻ ദോലിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്. ഒരാളെ നഷ്ടമായിട്ടും പൊരുതിയ ബ്ലാസ്റ്റേഴ്സ് 45 ശതമാനം ബോൾ പൊസിഷനുമായാണ് നോർത്ത്ഈസ്റ്റിനെ ഗോളടിക്കാതെ തടുത്തുനിർത്തിയത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊണ്ടും കൊടുത്തുമാണ് ഇരു ടീമുകളും മത്സരം തുടങ്ങിയത്. ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി അയ്ബൻ ചുവപ്പ് കാർഡ് നേടിയത്. നോർത്ത് ഈസ്റ്റ് മുന്നേറ്റ നിര താരം അലാദീൻ അജാരയുമായുള്ള വാഗ്വാദത്തിനിടെ തലകൊണ്ട് ഇടിച്ചതിനാണ് അയ്ബന് റഫറി ചുവപ്പ് കാർഡ് വിധിച്ചത്.
അവസരം മുതലെടുത്ത് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് നോർത്ത് ഈസ്റ്റ് പലകുതി ആക്രമണങ്ങൾ നടത്തിയെങ്കിലും ആതിഥേയർ ചെറുത്തുനിന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്സിന് തുണയായി.
മോണ്ടിനെഗ്രായിൽ നിന്നുമെത്തിച്ച സെന്റർബാക്ക് ദുസാൻ ലഗതോർ 94ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യമത്സരത്തിനിറങ്ങി. 18 മത്സരങ്ങളിൽ നിന്നും 21 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്. ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം.
Adjust Story Font
16