Quantcast

കെ.സി.എല്ലിൽ വരവറിയിച്ച് താരങ്ങൾ; വരുന്ന ഐ.പി.എൽ താരലേലത്തിൽ കേരളത്തിൽ നിന്ന് ആരൊക്കെ?

രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനമാണ് സച്ചിൻ ബേബി നടത്തിയത്.

MediaOne Logo

Sports Desk

  • Published:

    23 Sep 2024 1:32 PM GMT

The stars welcomed in KCL; Whos who from Kerala in the upcoming IPL star auction?
X

ഇന്ത്യൻ ക്രിക്കറ്റിൽ അനിൽ കുംബ്ലെ ഉദിച്ചുയർന്ന സമയം. കേരള ക്രിക്കറ്റിൽ കെ.എൻ അനന്തപത്മനാഭൻ എന്ന സ്പിൻ ബൗളർ അരങ്ങു തകർക്കുന്നതും ഇതേ 1990 കളിൽ . ലോക ക്രിക്കറ്റിൽ കുംബ്ലെയുടെ ഗുഗ്ലികൾ എതിരാളികളെ ഭയപ്പെടുത്തുമ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ പ്രതിഭയെ അടയാളപ്പെടുത്തി അനന്തനും കളംനിറഞ്ഞു. എന്നാൽ പതിയെ ഒരാൾ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്ററുടെ പട്ടികയിലേക്ക് നടന്നടുത്തപ്പോൾ മറ്റൊരാൾ നിർഭാഗ്യത്തിന്റെ കളിയിൽ ഒതുങ്ങിപോയി. ഒന്നരപതിറ്റാണ്ടോളം കേരള രഞ്ജി ടീമിൽ ലെഗ്‌സ്പിന്നറും ബാറ്റ്‌സ്മാനുമായി തിളങ്ങിയിട്ടും ഒരിക്കൽപോലും ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി ഈ തിരുവനന്തപുരം കാരനെ തേടിയെത്തിയില്ല.

പ്രതിഭാവിലാസത്തിൽ അവസാന നിമിഷം ആ പേര് സെലക്ഷൻ കമ്മിറ്റിയുടെ ലിസ്റ്റിൽ നിന്ന് പലകുറി മാഞ്ഞുപോയി. വർഷങ്ങൾ പലതും കടന്നുപോയി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വിരലുകളിൽ തീർത്ത ആ മാന്ത്രിക ബൗളിങ് ആഭ്യന്തര ക്രിക്കറ്റിൽ മാത്രമായി എറിഞ്ഞു തീർന്നു. വിരമിക്കലിന് ശേഷം അമ്പയങിലേക്ക് തിരിഞ്ഞ 55 കാരൻ നിലവിൽ ബി.സി.സി.ഐ പാനലിൽ രാജ്യാന്തര തലത്തിൽ കളി നിയന്ത്രിക്കുകയാണ്.

അനന്തപത്മനാഭൻ കളമൊഴിഞ്ഞ ശേഷം ടിനു യോഹന്നനും എസ് ശ്രീശാന്തും സഞ്ജു സാംസണുമെല്ലാം മലയാളത്തിന്റെ വിലാസമായി പിൽകാലത്ത് ഇന്ത്യൻ ടീമിൽ കളിച്ചു. എന്നാൽ അനന്തന് ശേഷവും ഒട്ടേറെ പ്രതിഭാതാരങ്ങളാണ് ഡൊമസ്റ്റിക് ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങിപോയത്. അവസാന നിമിഷം സെലക്ഷനിൽ നിന്ന് മാറിപോയവർ. ഈ കൂട്ടത്തിലെ ഒടുവിലത്തെ പേരുകാരനാണ് ഇടുക്കിക്കാരൻ സച്ചിൻ ബേബി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സമാപിച്ച പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ ചാമ്പ്യൻമാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച നായകൻ.

യുവതാരങ്ങളോടടക്കം കിടപിടിച്ച് കെ.സി.എല്ലിൽ 35ാം വയസിൽ കേരള സച്ചിനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ലീഗിലെ ടോപ് സ്‌കോറർ. ഫൈനലിൽ കാലിക്കറ്റിനെതിരെ നേടിയ 54 പന്തിൽ 105 റൺസ് പ്രകടനം മാത്രംമതി ആ പ്രതിഭയെ അടയാളപ്പെടുത്താൻ. ടി20ക്ക് പുറമെ റെഡ്‌ബോൾ ക്രിക്കറ്റിലും സമീപകാലത്തായി സച്ചിന്റെ ബാറ്റിൽ നിന്ന് റൺസ് പ്രവഹിച്ച് കൊണ്ടേയിരുന്നു.

കഴിഞ്ഞ രഞ്ജി സീസണിൽ ലീഗ് റൗണ്ടിലെ ഏഴ് മാച്ചുകളിലായി നാല് സെഞ്ച്വറിയടക്കം നേടിയത് 830 റൺസ്. കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. ആഭ്യന്തര ക്രിക്കറ്റിലെ മികവാണ് ദേശീയടീമിലേക്കുള്ള വഴിയെന്ന് സെലക്ഷൻ കമ്മിറ്റി നിരന്തരം അഭിപ്രായപ്പെടുമ്പോഴും ഈ മലയാളി താരത്തിന് മുന്നിൽ വാതിലുകൾ തുറക്കപ്പെട്ടില്ല. നിലവിൽ നടന്നുവരുന്ന ദുലീപ് ട്രോഫി ടീമിലേക്കും പരിഗണിക്കപ്പെട്ടില്ല. സമീപകാലത്തെ ഫോമാണ് മാനദണ്ഡമാക്കിയിരുന്നെങ്കിൽ ഇന്ത്യയിലെ അറുപത് താരങ്ങളിലൊരാളാകാനുള്ള എല്ലായോഗ്യതയും ഈ മലയാളി താരത്തിനുണ്ട്. എന്നാൽ സഞ്ജു സാംസൺ പോലും പകരക്കാരന്റെ റോളിൽ മാത്രമെടുക്കുന്ന സെലക്ഷൻകമ്മിറ്റി സച്ചിനെ അങ്ങനെ പരിഗണിക്കാനാണ്.

വിവിധ സീസണുകളിലായി ഐ.പി.എൽ ടീമിലേക്ക് സെലക്ട് ചെയ്തിരുന്നെങ്കിലും അവിടെ സച്ചിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 2013ൽ രാജസ്ഥാനിലും 2018ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാർഡിലും ഇടംപിടിച്ചു. 2016-17, 2021 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളത്തിലിറങ്ങി. നാല് സീസണുകളിലായി ഐ.പി.എല്ലിൽ അവസരം ലഭിച്ചത് 19 മത്സരങ്ങളിൽ. ആർ.സി.ബിക്കായി 11 മത്സരങ്ങളിൽ നിന്നായി 119 റൺസാണ് സമ്പാദ്യം. കരിയറിൽ ഉജ്ജ്വല ഫോമിൽ കളിച്ചിട്ടും അനന്തന് സമാനമായി ആഭ്യന്തര ക്രിക്കറ്റിൽ മാത്രമായി എരിഞ്ഞടങ്ങുമോ ഈ ഇടംകൈയ്യൻ മധ്യനിര ബാറ്റർ.

സച്ചിന് പുറമെ രോഹൻ എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, വൈശാഖ് ചന്ദ്രൻ... കേരള ക്രിക്കറ്റിലെ പുതിയ പരീക്ഷണവേദിയായ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ എഡിഷന് പരിസമാപ്തിയാകുമ്പോൾ ഓർത്തു വെക്കാൻ ഒട്ടേറെ മുഖങ്ങളുണ്ട് . സാങ്കേതിക മികവും ക്ഷമയും പരീക്ഷിക്കപ്പെടുന്ന റെഡ്‌ബോൾ ക്രിക്കറ്റിൽ നിന്ന് ആദ്യ പന്തുമുതൽ തകർത്തടിക്കേണ്ട ടി20യിലേക്കുള്ള ട്രാൻഫർമേഷനും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച കേരള ക്രിക്കറ്റിന്റെ ഭാവി താരങ്ങൾ. അടുത്ത മാസം രഞ്ജി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാകും. അതിന് പിന്നാലെ അടുത്ത ഐ.പി.എൽ സീസണിലേക്കുള്ള മെഗാ താരലേലവും. സച്ചിൻ ബേബിയടക്കമുള്ള കേരളത്തിലെ താരങ്ങൾ വിവിധ ഫ്രാഞ്ചൈസി ടീമുകളിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story