Quantcast

സച്ചിൻ ബേബി മുതൽ അബ്ദുൽ ബാസിത് വരെ; വരുന്നു കേരള ക്രിക്കറ്റിൽ ആഭ്യന്തര പൂരം

ട്രിവാൻഡ്രം റോയൽസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ് എന്നീ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.

MediaOne Logo

Sports Desk

  • Published:

    19 Aug 2024 3:47 PM GMT

From Sachin Baby to Abdul Basit; Kerala cricket is getting domestic full
X

ഇന്ത്യൻ പ്രീമിയർലീഗിൽ ഇതുവരെ നടന്നത് 17 സീസണുകൾ. പരസ്യ-ടെലികാസ്റ്റ് വരുമാനത്തിലും ജനപ്രീതിയിലും പുതു ചരിതം സൃഷ്ടിച്ചാണ് ഓരോ ഐ.പി.എലും സമാപിക്കുന്നത്. ലോകത്ത് ഏറ്റവും ലാഭകരമായി നടക്കുന്ന ക്രിക്കറ്റ് ലീഗ് ഏതെന്ന ചോദിച്ചാൽ അതിനൊരു ഉത്തരമേയുണ്ടാകൂ. ആഭ്യന്തര ക്രിക്കറ്റിൽ മാത്രം കളിച്ച് പരിചയമുള്ള അൺക്യാപ്ഡ് പ്ലെയേർസ് മുതൽ ദേശീയ ടീമിലെ മിന്നും താരങ്ങൾവരെ വിവിധ ഫ്രാഞ്ചൈസികൾക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നു. പണക്കൊഴുപ്പിന്റെ മേളയാണെന്ന വിമർശനമുയരുമ്പോൾ തന്നെ ഓരോ സീസണിലും നിരവധി യങ് ടാലന്റുകളാണ് ഐ.പി.എല്ലിലൂടെ ഉദയം ചെയ്യുന്നത്.

ഫ്രാഞ്ചൈസി ലീഗിന്റെ ചുവട് പിടിച്ച് ആഭ്യന്തര ക്രിക്കറ്റിലും ടി 20 മത്സരങ്ങൾ അരങ്ങുതകർക്കുകയാണ്. തമിഴ്നാട്ടിലും കർണാടകയിലും ഡൽഹിയിലുമെല്ലാം ദേശീയ ടീമിലെയടക്കം പ്രധാന താരങ്ങൾ വിവിധ നഗരത്തിന്റെ ജഴ്സിയണിഞ്ഞ് പരസ്പരം പോരടിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കണ്ടുവരുന്ന ഈ വമ്പൻ മാറ്റങ്ങൾക്കൊപ്പം കുതിക്കാനൊരുങ്ങുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും. കേരള ക്രിക്കറ്റ് ലീഗ് എന്ന പേരിൽ തുടക്കം കുറിക്കുന്ന ടി20 ലീഗിൽ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. സെപ്തംബർ രണ്ട് മുതൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ട്രിവാൻഡ്രം റോയൽസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ്, ഏരീസ് കൊല്ലം സെയിലേഴ്സ് എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. ഐ.പി.എൽ മാതൃകയിൽ താരലേലത്തിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത കളിക്കാരെയാണ് ഓരോ ടീമും സ്വന്തമാക്കിയത്. ഓരോ ടീമിലും ഒരു ഐക്കൺ താരമുണ്ടാകും. 35 ലക്ഷം രൂപയാണ് കളിക്കാർക്കായി ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക.

പ്രിയദർശൻ, ജോസ് പട്ടാറ കൺസോർഷ്യമാണ് ട്രിവാൻഡ്രം റോയൽസിന്റെ അമരത്ത്. ഐപിഎൽ രാജസ്ഥാൻ റോയൽസ് താരം പി.എ അബ്ദുൽ ബാസിത് ഐക്കൺ താരമായ ടീമിൽ എം.എസ് അഖിൽ, സി.വി വിനോദ് കുമാർ, രോഹൻ പ്രേം, അഖിൽ സത്താർ, വിഷ്ണു രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പരിശീലക റോളിലുള്ളത് ബാലചന്ദ്രനാണ്. ആഭ്യന്തര ക്രിക്കറ്റിലെ യങ് സെൻസേഷൻ രോഹൻ എസ് കുന്നുമ്മലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഐക്കൺ താരം. ഫിറോസ് വി റഷീദാണ് പരിശീലകൻ. സഞ്ജു മുഹമ്മദ്, ഇ.കെ.കെ ഇൻഫ്രാ സ്ട്രക്ചറാണ് ഉടമകൾ. സജാദ് സേഠ്-ഫൈനസ് കൺസോർഷ്യം പണമിറക്കുന്ന തൃശൂർ ടൈറ്റൻസിലെ പ്രധാനി മുംബൈ ഇന്ത്യൻസിനായി കളത്തിലിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ്. മുൻ കേരള താരം സുനിൽ ഓയാസിസാണ് പരിശീലകൻ. 2017ൽ ഐ.പി.എൽ എമേർജിങ് പ്ലെയർ പുരസ്‌കാരം നേടിയ, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ കളിച്ച ബേസിൽ തമ്പിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഐക്കൺ താരം. സെബാസ്റ്റ്യൻ ആന്റണിയാണ് പരിശീലകൻ. സുഭാഷ് ജോർജ് മാനുവൽ, എനിമ്രാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകൾ.

ആഭ്യന്തര ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പി റിപ്പിൾസിലെ ശ്രദ്ധാകേന്ദ്രം. മുൻ ഇന്ത്യൻ താരം പ്രശാന്ത് പരമേശ്വരനാണ് പരിശീലക റോളിലുള്ളത്. ടി.എസ് കലാധരൻ-കൺസോൾ ഷിപ്പിങ് സർവ്വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ടീം ഉടമകൾ. ഇന്ത്യ എ ടീമിൽ കളിച്ചിട്ടുള്ള, ആഭ്യന്തര ക്രിക്കറ്റിലെ കേരളത്തിന്റെ സൂപ്പർസ്റ്റാർ വി.എ ജഗദീഷാണ് ഏരീസ് കൊല്ലം സെയിലേഴ്സിന്റെ കോച്ചിങ് റോളിലുള്ളത്. സോഹൻ റോയ്-ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമിലെ ഐക്കൺ താരം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്‌ക്വാർഡിലുണ്ടായിരുന്ന സച്ചിൻ ബേബിയാണ്. കെ.എം ആസിഫടക്കം പ്രധാന താരങ്ങളും ടീമിലുണ്ട്. ആഭ്യന്തര കളിക്കാർക്ക് മികവ് തെളിയിക്കാനുള്ള മികച്ച പ്ലാറ്റ്ഫോമായാണ് ക്രിക്കറ്റ് ലീഗിലൂടെ കെ.എസി.എ ലക്ഷ്യമിടുന്നത്.

മത്സരങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ പരസ്യ ഇനത്തിലൂടെയും ടീമുകൾക്ക് വരുമാനം ലഭിക്കും. കേരള ക്രിക്കറ്റിൽ വൻ നിക്ഷേപമാണ് ചാമ്പ്യൻഷിപ്പിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 30 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 19 ദിവസങ്ങളിലായി നടക്കുന്ന ലീഗിൽ 33 മത്സരങ്ങളാണുണ്ടാകുക. ഒരു ദിവസം രണ്ട് മാച്ചുകളുണ്ടാകും. ചാമ്പ്യൻമാരാകുന്ന ടീമിന് 30 ലക്ഷം രൂപയും റണ്ണേഴ്സപ്പിന് 20ലക്ഷം പ്രൈസ്മണിയും ലഭിക്കും. വ്യക്തിഗത പുരസ്‌കാരങ്ങളടക്കം ആകെ 60 ലക്ഷം രൂപയാണ് സമ്മാനത്തുകയായി കളിക്കാരുടെ കൈകളിലെത്തുക

TAGS :

Next Story