Quantcast

മഹാരാഷ്ട്രക്കെതിരെ തകർപ്പൻ ജയവുമായി കേരളം: വിജയ്ഹസാരെ ട്രോഫിയിൽ ക്വാർട്ടറിലേക്ക്‌

കേരളം ഉയര്‍ത്തിയ 384 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്രക്ക് 230 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

MediaOne Logo

Web Desk

  • Published:

    9 Dec 2023 2:11 PM GMT

മഹാരാഷ്ട്രക്കെതിരെ തകർപ്പൻ ജയവുമായി കേരളം: വിജയ്ഹസാരെ ട്രോഫിയിൽ ക്വാർട്ടറിലേക്ക്‌
X

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കേരളം ഉയര്‍ത്തിയ 384 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്രക്ക് 230 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

37.4 ഓവറില്‍ എല്ലാവരും പുറത്തായി. 153 റണ്‍സിന്റെ ജയത്തോടെ കേരളം ക്വര്‍ട്ടര്‍ഫൈനലില്‍ കടന്നു. ശ്രേയസ് ഗോപാൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റ് വീഴ്ത്തി പിന്തുണകൊടുത്തു. ബേസിൽ തമ്പി, അഖിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 117 എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. കുശാല്‍ തമ്പെയും ഓം ഭോസാലെയും ചേര്‍ന്ന് മികച്ച തുടക്കമാണ് മഹാരാഷ്ട്രയ്ക്കായി നല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ ഇരുവരും തൊട്ടടുത്ത ഓവറുകളില്‍ പുറത്തായതോടെ മഹാരാഷ്ട്രയുടെ താളംപോയി. ഓം ഭോസാലെ 78 റണ്‍സ് നേടി ടോപ് സ്കോററായപ്പോള്‍ കുശാല്‍ തമ്പെ 50 റണ്‍സെടുത്തു. ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരായ കൃഷ്ണപ്രസാദിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും സെഞ്ചുറി മികവിലാണ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തത്.

അവസാന ഓവറിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിങും കേരള സ്‌കോർ ഉയർത്തി. 23 പന്തുകളിൽ നിന്ന് നാല് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 43 റൺസാണ് വിനോദ് നേടിയത്. നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. 25 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. കൃഷ്ണ പ്രസാദ് 137 പന്തുകളിൽ നിന്ന് 13 ബൗണ്ടറിയും നാല് സിക്‌സറുകളും നേടി. രോഹൻ 95 പന്തുകളിൽ നിന്നാണ് 120 റൺസ് അടിച്ചെടുത്തത്. 18 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്.

TAGS :

Next Story