127 റൺസിന് ഓൾഔട്ട്; കൊൽക്കത്തയെ എറിഞ്ഞൊതുക്കി ഡൽഹി
മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു
ന്യൂഡൽഹി: വിഖ്യാത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ്‌നിരയെ എറിഞ്ഞൊതുക്കി ഡൽഹി ക്യാപിറ്റൽസ്. മഴ പെയ്‌തൊഴിഞ്ഞ ഗ്രൗണ്ടിൽ 10 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നിതീഷ് റാണയും സംഘവും നേടിയത്. ഓപ്പണർ ജേസൺ റോയി (43 റൺസ്) ക്കും അവസാനത്തിൽ ആഞ്ഞടിഞ്ഞ ആൻഡ്രേ റസ്സലി(31 പന്തിൽ 38 റൺസ്)നും പുറമേ മറ്റൊരു ബാറ്റർക്കും പൊരുതാൻ പോലുമായില്ല.
മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർ ലിറ്റൺ ദാസ്(4), വെങ്കിടേഷ് അയ്യർ (0), നിതീഷ് റാണ (4), മൻദീപ് സിംഗ്(12), റിങ്കു സിംഗ് (6), സുനിൽ നരെയ്ൻ(4), അനുകുൽ റോയി(0), ഉമേഷ് യാദവ്(3) എന്നിവരൊക്കെ വന്ന പോലെ തിരിച്ചുനടന്നു.
റൺ വിട്ടുകൊടുക്കുന്നതിൽ കണിശത കാണിച്ച ഡൽഹി ബൗളർമാർ മുറ പോലെ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. നാലോവർ എറിഞ്ഞ ഇഷാന്ത് ശർമ 19 റൺസ് വിട്ടു നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ആൻട്രിച്ച് നോർജെയും അക്‌സർ പട്ടേലും രണ്ട് വീതം പേരെ മടക്കിയയച്ചു. 15 ഉം 13 ഉം റൺസാണ് മൂന്നോവർ വീതമെറിഞ്ഞ ഇവർ വിട്ടുനൽകിയത്. കുൽദീപ് യാദവും രണ്ട് പേരെ പുറത്താക്കി. രണ്ട് ഓവറിൽ 12 റൺസാണ് നൽകിയത്. മുകേഷ് കുമാർ 13 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തിയെ റണ്ണൗട്ടാക്കി.
നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. ഒരു പോയിൻറ് പോലും നേടാൻ ഡേവിഡ് വാർണറിനും സംഘത്തിനുമായിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു. റിഷബ് പന്ത് വാഹനാപകടത്തിൽ പരിക്കേറ്റ് വിട്ടുനിൽക്കുന്നത് മൂലമാണ് വാർണർ ടീമിനെ നയിക്കുന്നത്. അതേസമയം, നാലു പോയിൻറുള്ള കൊൽക്കത്ത പോയിൻറ് പട്ടികയിൽ എട്ടാമതാണ്. രണ്ട് വിജയവും മൂന്നു പരാജയവുമാണ് ടീമിന്റെ സമ്പാദ്യം.
Kolkata Knight Riders batting line-up thrown by Delhi Capitals.
Adjust Story Font
16