ശ്രേയസിന്റെ പകരക്കാരൻ രഹാനെ?; ഐപിഎല്ലിൽ ക്യാപ്റ്റൻ സൂചന നൽകി കൊൽക്കത്ത ടീം
അടിസ്ഥാന വിലയായ 1.50 കോടി നൽകിയാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്.
മുംബൈ: പുതിയ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി അജിൻക്യ രഹാനെയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നിലവിലെ ചാമ്പ്യൻമാരായ കെ.കെ.ആർ ശ്രേയസ് അയ്യരെ നിലനിർത്താതായതോടെ പുതിയ ക്യാപ്റ്റനെ ലേലത്തിൽ എത്തിക്കുമെന്നുറപ്പായിരുന്നു. 90 ശതമാനം സാധ്യതകളും രഹാനെ കൊൽക്കത്തയുടെ പുതിയ ക്യാപ്റ്റനാകാനാണെന്ന് ടൈംസ് ഓഫ് ഇന്ത്യ കെ.കെ.ആർ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന്റെ അവസാന ഘട്ടത്തിലാണ് രഹാനെയെ വാങ്ങാൻ നിലവിലെ ചാമ്പ്യൻമാർ തീരുമാനിച്ചത്. അടിസ്ഥാന വിലയായ 1.50 കോടി രൂപ നൽകിയാണ് താരത്തെ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ മുംബൈ ടീം ക്യാപ്റ്റനായിരുന്ന രഹാനെ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർകിങ്‌സിനായാണ് ഐപിഎല്ലിൽ ഇറങ്ങിയത്.
അതേസമയം, 23.75 കോടിക്ക് ഫ്രാഞ്ചൈാസി ടീമിലെത്തിച്ച വെങ്കടേഷ് അയ്യർ ക്യാപ്റ്റനാകുമെന്ന സൂചനയായിരുന്നു ആദ്യം പ്രചരിച്ചത്. വലിയതുക മുടക്കി താരത്തെ ടീമിലെത്തിച്ചതും ഈ ലക്ഷ്യം മുൻനിർത്തിയാണെന്ന പ്രചരണം ആരാധകർക്കിടയിലുമുണ്ടായിരുന്നു. എന്നാൽ രഹാനെയാണ് ടാർഗെറ്റെന്ന റിപ്പോർട്ടാണ് ഏറ്റവുമൊടുവിൽ ശക്തമാകുന്നത്. നേരത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ രഹാനെ ടീമിനെ സെമിയിൽ എത്തിച്ചിരുന്നു. റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആൻഡ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ്, ക്വിന്റൺ ഡി കോക്ക്, റഹ്‌മനുള്ള ഗുർബസ്, ആൻഡ്രിച്ച് നോർകെ തുടങ്ങി സന്തുലിത ടീമാണ് ഇത്തവണയും കൊൽക്കത്തയുടേത്. 2023 സീസണിൽ ചെന്നൈക്കൊപ്പം കളിച്ച അജിൻക്യ 14 മാച്ചിൽ നിന്നായി 326 റൺസ് നേടിയിരുന്നു. ഇപ്പോൾ നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായും മികച്ച പ്രകടനമാണ് നടത്തുന്നത്.
Adjust Story Font
16