Quantcast

ഏകദിന റാങ്കിങിൽ നേട്ടമുണ്ടാക്കി കിഷനും കുൽദീപ് യാദവും: സഞ്ജുവോ?..

ഒന്നാം സ്ഥാനത്ത് പാക് നായകൻ ബാബർ അസമും 100ാം സ്ഥാനത്ത് ശ്രീലങ്കയുടെ വാനിഡു ഹസരങ്കയുമാണ് ഉള്ളത്.

MediaOne Logo

Web Desk

  • Published:

    2 Aug 2023 12:06 PM GMT

ഏകദിന റാങ്കിങിൽ നേട്ടമുണ്ടാക്കി കിഷനും കുൽദീപ് യാദവും: സഞ്ജുവോ?..
X

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സമാപിച്ചതിന് പിന്നാലെ റാങ്കിങിലും ചില മാറ്റങ്ങൾ വന്നു. നന്നായി തിളങ്ങിയ ഇഷാൻ കിഷനും കുൽദീപ് യാദവും റാങ്കിങിൽ നേട്ടമുണ്ടാക്കിയപ്പോൾ കളിക്കാതിരുന്ന വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും കോട്ടം സംഭവിച്ചു. വിരാട് കോഹ്ലി എട്ടാം സ്ഥാനത്ത് നിന്ന് ഒമ്പതിലേക്ക് വീണപ്പോൾ രോഹിതും വീണു, പത്തിൽ നിന്നും പതിനൊന്നിലേക്ക്.

ഇന്ത്യയുടെ ഏകദിന ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇരുവരെയും പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം കൊടുത്തുള്ള നീക്കം. അതിൽ ക്ലിക്കായത് ഓപ്പണർ ഇഷാൻ കിഷനായിരുന്നു. മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ കിഷൻ പതിനഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45ൽ എത്തി. 555 ആണ് താരത്തിന്റെ പോയിന്റ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലൊരു നേട്ടവും കിഷൻ സ്വന്തമാക്കിയിരുന്നു.

മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കിഷന്റെ പേരിലായത്. ക്രിസ് ശ്രീകാന്ത്, ദിലീപ് വെങ്‌സർക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, എം.എസ് ധോണി, ശ്രേയസ് അയ്യർ, എന്നിവരും ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ പേര് റാങ്കിങിൽ ഇല്ല. ഐ.സി.സിയുടെ വെബ്‌സൈറ്റിൽ ഒന്നു മുതൽ 100 വരെയുള്ള കളിക്കാരുടെ റാങ്കിങാണ് ഉള്ളത്. ഇതിൽ സഞ്ജു ഇല്ല. ഒന്നാം സ്ഥാനത്ത് പാക് നായകൻ ബാബർ അസമും 100ാം സ്ഥാനത്ത് ശ്രീലങ്കയുടെ വാനിഡു ഹസരങ്കയുമാണ് ഉള്ളത്.

ആദ്യ ഏകദിനത്തിൽ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തിൽ ഒമ്പത് റൺസെ നേടാനായുള്ളൂ. അതേസമയം ബൗളിങ് റാങ്കിങിൽ കുൽദീപ് യാദവും നേട്ടമുണ്ടാക്കി. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം പതിനാലാം സ്ഥാനത്ത് എത്തി. മൂന്ന് ഏകദിനങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പരമ്പരയിൽ ഉടനീളം ഇന്ത്യയുടെ ബാറ്റിങ് ബൗളിങ് പ്രകടനം ശ്രദ്ധേയമായിരുന്നു. ഇതിൽ കുൽദീപ് യാദവിന്റെയും കിഷന്റെയും പ്രകടനമാണ് എടുത്തുപറയേണ്ടത്.

TAGS :

Next Story