എലിമിനേറ്ററിൽ ലഖ്‌നൗ പുറത്ത്; ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ നേരിടും
മേയ് 27നാണ് രണ്ടാം ക്വാളിഫയർ നടക്കുക
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് പുറത്ത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. മേയ് 27നാണ് രണ്ടാം ക്വാളിഫയർ നടക്കുക. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന വാശിയേറിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം നേടുകയായിരുന്നു. സെഞ്ച്വറിയടിച്ച രജത് പഠിദാറിന്റെ ബാറ്റിങ് കരുത്തിൽ ബാംഗ്ലൂർ നേടിയ കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ലഖ്‌നൗവിന്റെ പോരാട്ടം 193 റൺസിലൊതുങ്ങി. അതോടെ 14 റൺസിന് ആർസിബി വിജയിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 207 റൺസാണെടുത്തിരുന്നത്. പൊരുതിക്കളിച്ച സൂപ്പർ ജയൻറ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെ.എൽ രാഹുലിന് ടീമിനെ വിജയിപ്പിക്കാനായില്ല. 19ാം ഓവറിലെ നാലാം പന്തിൽ അപകടകരമായ ഷോട്ടിന് ശ്രമിച്ച് ക്യാപ്റ്റൻ പുറത്തായി. 58 പന്തിൽ നിന്ന് 79 റൺസാണ് രാഹുൽ നേടിയത്. ഓപ്പണർ കിൻറൺ ഡികോക്ക് അഞ്ചു പന്തിൽ ആറു റൺസ് നേടി പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ ഫാഫ് ഡുപ്ലെസിസ് പിടിച്ചാണ് താരം പുറത്തായത്. വൺഡൗണായെത്തിയ മനാൻ വോഹ്‌റ 19 റൺസ് നേടി ജോഷ് ഹേസൽവുഡിന് കീഴടങ്ങി. ഷഹബാസ് അഹമ്മദിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.
ഒരു ഫോറും നാലു സിക്‌സുമടിച്ച് ക്യാപ്റ്റനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ദീപക് ഹൂഡ 45 റൺസ് നേടി പുറത്തായി. സ്പിന്നർ വാനിഡു ഹസരംഗ ബൗൾഡാക്കുകയായിരുന്നു. പിന്നീടെത്തിയ മാർകസ് സ്‌റ്റോണിസ് ഹർഷൽ പട്ടേലിന്റെ പന്തിൽ രജത് പാട്ടിദാറിന് പിടികൊടുത്തു. ഒമ്പത് പന്തിൽ ഒമ്പത് റൺസായിരുന്നു ഉണ്ടായിരുന്നത്. ക്രുണാൽ പാണ്ഡ്യ എത്തിയ ഉടൻ മടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ ജോഷ് ഹേസൽവുഡിന്റെ ബോളിൽ താരത്തിന് തന്നെ ക്യാച്ച് നൽകുകയായിരുന്നു.
ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ് 43 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. സിറാജ്, ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി രജത് പുറത്താകാതെ 112 റൺസെടുത്തു. 54 പന്തിലാണ് രജത് 107 റൺസെടുത്തത്. തകർച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസ് പുറത്തായി. എന്നാൽ, പിന്നീടെത്തിയ രജത് പഠിദാർ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് സ്‌കോർ പതുക്കെ ഉയർത്തി. സ്‌കോർ 70 ൽ എത്തിനിൽക്കെ കോഹ്ലി പുറത്തായി. പിന്നീടെത്തിയ മാക്സ്വെൽ സ്‌കോർബോർഡിൽ 9 റൺസ് കൂട്ടിച്ചേർത്ത് പുറത്തായി. ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് രജത്ത് റൺസ് ചേർത്ത് കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് നടത്തിയ വെടിക്കെട്ട് പ്രകടനം സ്‌കോർ 207 ൽ എത്തിച്ചു. ലക്നൗവിനായി മൊഹ്സിൻ ഖാൻ,ക്രുനാൽ പാണ്ഡ്യ,ആവേശ് ഖാൻ,രവി ബിഷ്നോയി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ സീസൺ മുതൽ ഐ.പി.എൽ. കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇതുവരെ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ടുസീസണിലും എലിമിനേറ്ററിൽ മടങ്ങുകയായിരുന്നു.
പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ എട്ടിൽ ജയിച്ച് നാലാംസ്ഥാനക്കാരായാണ് ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ എത്തിയത്. കെ.എൽ. രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയിന്റ്സ് 14 കളിയിൽ ഒമ്പതുജയം നേടിയാണ് പ്ലേഓഫിലെത്തിയത്.
Lucknow out in eliminator; Bangalore will take on Rajasthan in the second qualifier
Adjust Story Font
16